ലോകകപ്പിന് ശേഷം അർജന്റീനയുടെ ആദ്യ മത്സരം; ടിക്കറ്റിനായി രജിസ്റ്റർ ചെയ്തത് ഒരു മില്യൺ ആളുകൾ !
രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും ചൂടപ്പം പോലെ വിറ്റ് പോയി
ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ടീമിന്റെ ആദ്യ മത്സരം കാണാനുള്ള ടിക്കറ്റിനായി രജിസ്റ്റർ ചെയ്തത് ഒരു മില്യണിൽ അധികം ആളുകൾ. മാർച്ച് 24 ന് പനാമക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റിനാണ് വെബ്‌സൈറ്റിൽ 1.3 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തത്. വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും ചൂടപ്പം പോലെ വിറ്റ് പോയി.
ബ്യൂണസ് അയേഴ്‌സിലെ എൽ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിലാണ് ലോകചാമ്പ്യന്മാരും പനാമയും തമ്മിലുള്ള സൗഹൃദ മത്സരം അരങ്ങേറുന്നത്. 80,000 മാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മണ്ണിൽ അർജന്റീന പന്ത് തട്ടാൻ ഇറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്. 30 ഡോളറാണ് സാധാരണ ടിക്കറ്റിന്റെ വില. പ്രീമിയം ടിക്കറ്റിന്‍റെ വില 130 ഡോളറാണ്.
ആദ്യ മത്സരത്തിൽ സൗദിക്കെതിരായ പരാജയത്തിന് ശേഷം ഖത്തർ ലോകകപ്പില്‍ സ്വപ്‌നതുല്യമായ പടയോട്ടമാണ് അർജന്റീന നടത്തിയത്. കലാശപ്പോരിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയതോടെ ലോകകപ്പിനായുള്ള അർജന്റീയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമായി.
Adjust Story Font
16