റാഫീഞ്ഞക്ക് ഡബിൾ; പാരീസ് കോട്ട തകർത്ത് ബാഴ്സ തേരോട്ടം
ബ്രസീലിയൻ താരം റാഫീഞ്ഞ ഇരട്ടഗോളുമായി തിളങ്ങി
പാരീസ്: ആദ്യ പകുതിയിൽ ഒരു ഗോളിന് ബാഴ്സലോണ മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് പി.എസ്.ജി തിരിച്ചുവരവ്. ക്ലൈമാക്സിൽ പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ക്രിസ്റ്റ്യൻസണിലൂടെ വിജയം പിടിച്ച് കാറ്റലോണിയൻ കരുത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ ആവേശത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചുകയറി ബാഴ്സലോണ. ബ്രസീലിയൻ താരം റാഫീഞ്ഞ ഇരട്ടഗോളുമായി തിളങ്ങി.
പിഎസ്ജി തട്ടകമായ പാർക്ക്ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെയാണ് സ്പാനിഷ് ക്ലബ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. വലതുവിങ്ങിലൂടെ മുന്നേറി സ്പാനിഷ് കൗമാരതാരം ലാമിന്‍ യമാല്‍ നല്‍കിയ ക്രോസ് കൈയ്യിലൊതുക്കാന്‍ പി.എസ്.ജി ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയ്ക്ക് സാധിച്ചില്ല. തക്കം പാർത്തിരുന്ന റഫീഞ്ഞ അനായാസം പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് എതിരാളികളെ ഞെട്ടിച്ചു. 48-ാം മിനിറ്റില്‍ മുന്‍ ബാഴ്സ താരം കൂടിയായ ഉസ്മാന്‍ ഡെംബലെയാണ് പിഎസ്ജിയുടെ സമനില ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 50-ാം മിനിറ്റില്‍ വിറ്റിഞ്ഞയിലൂടെ പിഎസ്ജി ലീഡെടുത്തു. ഇതോടെ ഗ്യാലറി ഇളകി മറിഞ്ഞു. ഗോൾ വഴങ്ങിയതോടെ തുടരെ ആക്രമണവുമായി ബാഴ്സ താരങ്ങൾ ആതിഥേയരുടെ ബോക്സിലേക്ക് ഇരമ്പിയെത്തി. എന്നാൽ സമനില ഗോളിന് 62 മിനിറ്റ് വരെ കാത്തു നിൽക്കേണ്ടി വന്നു. പകരക്കാരനായി ഇറങ്ങിയ പെഡ്രി ബോക്സിലേക്ക് നൽകിയ ഓവർഹെഡ് ബോൾ കൃത്യമായി സ്വീകരിച്ച റാഫീഞ്ഞ ഡോണറൂമയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. (2-2) അവനാന മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി രണ്ട് മിനിറ്റിനുള്ളിൽ ഗോൾ നേടി പ്രതിരോധ താരം ക്രിസ്റ്റ്യൻസൺ മുൻ ചാമ്പ്യൻമാരെ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് അടുപ്പിച്ചു.
77-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നാണ് ബാഴ്സയുടെ മൂന്നാം ഗോള്‍ വന്നത്. ഗുണ്ടോഗൻ എടുത്ത കിക്കിൽ ക്രിസ്റ്റ്യൻസൺ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തൻ്റെ ജൻമദിനത്തിൽ നേടിയ വിജയ ഗോൾ ക്രിസ്റ്റ്യൻ സണ് ഇരട്ടിമധുരമായി. 4-3-3 ശൈലിയിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ഏപ്രിൽ 17 ന് ബാഴ്സ തട്ടകമായ ഒളിമ്പിക് ലൂയിസ് കോംബനി സ്‌റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. മറ്റൊരു ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപിച്ചു. സ്വന്തം തട്ടകമായ സിവിറ്റാസ് മെട്രോപൊളിറ്റനോയിൽ നടന്ന മത്സരത്തിൽ ഡി പോൾ(4) ലിനോ (32) എന്നിവരാണ് ഗോൾ നേടിയത്. ജർമ്മൻ ക്ലബിനായി ഹല്ലർ (81) ലക്ഷ്യം കണ്ടു.
Adjust Story Font
16