2021ലെ മികച്ച താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്‌കാരം; അഭിമാനമായി ശ്രീജേഷ്
2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ 2020ൽ പുരസ്‌കാരം നേടിയിരുന്നു
ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും വെറ്ററൻ മലയാളി താരവുമായി പിആർ ശ്രീജേഷിന് രാജ്യാന്തര കായിക പുരസ്‌കാരം. 2021ലെ മികച്ച താരത്തിനുള്ള വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ശ്രീജേഷ് അർഹനായി. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും ശ്രീജേഷ് മാറി. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ 2020ൽ പുരസ്‌കാരം നേടിയിരുന്നു.
സ്പാനിഷ് സ്പോർട് ക്ലൈംബിങ് താരം അൽബർട്ടോ ജിനെസ് ലോപസ്, ഇറ്റാലിയൻ വുഷു താരം മിഷേൽ ജിയോർഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്.
2021ലെ ടോക്യോ ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയെ വെങ്കല മെഡൽ നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ശ്രീജേഷായിരുന്നു.മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മലയാളി താരം ഗോൾ കീപ്പറായി മിന്നും പ്രകടനമാണ് ഒളിംപിക്സിൽ പുറത്തെടുത്തത്.പുരസ്‌കാരത്തിന് ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക താരം ശ്രീജേഷാണ്.അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിർദ്ദേശിച്ചത്.
അവാർഡ് നേടിയതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഒന്നാമതായി, എന്നെ ഈ അവാർഡിന് നാമനിർദ്ദേശം ചെയ്തതിന് എഫ്ഐഎചിന് ഒരുപാട് നന്ദി. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ ഹോക്കി പ്രേമികൾക്കും നന്ദി- പുരസ്‌കാരം ലഭിച്ച വിവരത്തിന് പിന്നാലെ ശ്രീജേഷ് പ്രതികരിച്ചു.
Adjust Story Font
16