അശ്വിന്‍ ലോകകപ്പ് ടീമിലേക്ക്? രോഹിതിന്‍റെ മറുപടി
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ആയതുകൊണ്ട് തന്നെ ഇന്ത്യന്‍ സാഹചര്യവും താരത്തിന്‍റെ അനുഭവസമ്പത്തും മുതലെടുക്കാന്‍ തന്നെയാകും ടീമിന്‍റെ ശ്രമം
ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ലോകകപ്പ് സ്ക്വാഡിലേക്ക് എത്തിയേക്കും എന്ന സൂചനയുമായി നായകന്‍ രോഹിത് ശര്‍മ. ഇന്നലെ ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിന് മുന്‍പ് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രോഹിത് അശ്വിന്‍റെ ലോകകപ്പ് സാധ്യതളെക്കുറിച്ച് വാചാലനായത്.
ഇന്നലെ പൂര്‍ത്തിയായ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെയാണ് അശ്വിന്‍ ഏകദിന ടീമിലേക്ക് വീണ്ടുമെത്തുന്നത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് താരം ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ജേഴ്സി അണിയുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ഭേദപ്പെട്ട ബോളിംഗ് പ്രകടനമാണ് അശ്വിൻ കാഴ്ചവെച്ചത്. തിരിച്ചുവരവിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം മത്സരത്തില്‍ നിര്‍ണായക അവസരത്തില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുത് ഓസീസിനെ തകര്‍ത്തിരുന്നു.
ഈ സാഹചര്യത്തിൽ അശ്വിന്‍റെ ക്ലാസും പരിചയസമ്പത്തും യാതൊരു കാരണവശാലും അവഗണിക്കാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പറയുന്നത്. മാത്രമല്ല ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ആയതുകൊണ്ട് തന്നെ ഇന്ത്യന്‍ സാഹചര്യവും താരത്തിന്‍റെ അനുഭവസമ്പത്തും മുതലെടുക്കാന്‍ തന്നെയാകും ടീമിന്‍റെ ശ്രമം. 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും 2016ലെ ഇന്ത്യയില്‍ വെച്ചുനടന്ന ടി20 ലോകകപ്പിലും അശ്വിന്‍ ടീമിന്‍റെ ഭാഗമായിരുന്നു.
ലോകകപ്പിലെ അശ്വിന്‍റെ പരിചയസമ്പന്നത ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്നും രോഹിത് ഇന്നലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ പറയുകയുണ്ടായി.
“രവിചന്ദ്രൻ അശ്വിന്‍റെ ക്ലാസ് ഒരു കാരണവശാലും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. അനുഭവസമ്പത്തിന്‍റെ കാര്യത്തിലും സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും അശ്വിന്‍ ഒരുപാട് മുന്നിലാണ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും അശ്വിൻ നന്നായി പന്തെറിയുകയും ചെയ്തു. സ്പിന്‍ വേരിയേഷനുകള്‍ എറിയുന്നതില്‍ അശ്വിൻ വിജയിക്കുന്നുമുണ്ട്. സാധ്യതകള്‍ ഒരുപാട് ബാക്കിയുണ്ട്. സ്ക്വാഡിലെ ബാക്കപ്പ് കളിക്കാർ ടീമിൽ തയ്യാറായി ഇരിക്കുന്നത് എന്തുകൊണ്ടും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ഗുണമുണ്ടാക്കും.”- രോഹിത് ശർമ പറഞ്ഞു.
ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ന്നതായും രോഹിത് ചൂണ്ടിക്കാട്ടി. ''ഐ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിലേക്ക് കടക്കുന്നത് വലിയ ആത്മവിശ്വാസമാണ് ടീമിന് നൽകുന്നത്. പക്ഷേ അക്കാര്യം ഒന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. വരും മത്സരങ്ങളിലൊക്കെ മികച്ച രീതിയിൽ കളിക്കാനും എതിർ ടീമുകളെ സമ്മർദ്ദത്തിലാക്കി പരാജയപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. റാങ്കിങ്ങിനും റേറ്റിങ് പോയിന്‍റിനും വേണ്ടിയല്ല കളിക്കുന്നത്. ലോകകപ്പ് കിരീടം തന്നെയാണ് ലക്ഷ്യം'' രോഹിത് വ്യക്തമാക്കി.
Adjust Story Font
16