രണ്ടാം നിരയെ പരിശീലിപ്പിക്കാൻ 'വൻമതിൽ' തന്നെ; ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡ്
ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ശ്രീലങ്കയിൽ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്. മുൻപ് എ, അണ്ടർ-19 ടീമുകളിൽ ദ്രാവിഡിന്റെ പരിശീലനത്തിൽ വളർന്ന പ്രതിഭകളാണ് ഇവരിൽ ഭൂരിഭാഗവുമെന്ന പ്രത്യേകതയുമുണ്ട്
ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ് എത്തുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ മുൻനിര ടീം ഇംഗ്ലണ്ടിലായിരിക്കുന്നതിനാൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി അവിടെയായിരിക്കും. ഇതിനാലാണ് ഇതേസമയത്ത് ശ്രീലങ്കയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ രണ്ടാംനിരയുടെ പരിശീലകനായി ദ്രാവിഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയരക്ടരാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ രാഹുൽ ദ്രാവിഡ്. നേരത്തെ, ഇന്ത്യ എ, അണ്ടർ-19 ടീമുകളെയും ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ദേശീയ അക്കാദമിയിലെ മറ്റു സഹ പരിശീലകരും ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡിനൊപ്പമുണ്ടാകും.
ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നത്. ഇതിനാൽ ഈ മാസം അവസാനത്തിലോ അടുത്ത മാസം ആദ്യത്തിലോ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പട ഇംഗ്ലണ്ടിലേക്ക് തിരിക്കും. രവി ശാസ്ത്രിക്കു പുറമെ സഹ പരിശീലകന്മാരായ ഭരത് അരുൺ, ആർ ശ്രീധർ എന്നിവരും ടീമിനൊപ്പമുണ്ടാകും. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കഴിഞ്ഞായിരിക്കും ടീം മടങ്ങുക.
ജൂലൈ 13 മുതൽ 27 വരെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം. ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ശ്രീലങ്കയിൽ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്. മുൻപ് എ, അണ്ടർ-19 ടീമുകളിൽ ദ്രാവിഡിന്റെ പരിശീലനത്തിൽ വളർന്ന പ്രതിഭകളാണ് ഇവരിൽ ഭൂരിഭാഗവുമെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, നായകൻ ആരാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മിക്കവാറും ടീമിൽ ഏറ്റവും മുതിർന്നയാളായ ശിഖർ ധവാൻ തന്നെയായിരിക്കും ടീമിനെ നയിക്കുക.
Adjust Story Font
16