ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ ഇറങ്ങുക റെട്രോ ജഴ്‌സിയിൽ; ചിത്രം പുറത്തുവിട്ട് ജഡേജ
തൊണ്ണൂറുകളിലെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ അനുസ്മരിപ്പിക്കുന്ന ജഴ്‌സിയാണ് ജഡേജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്
അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യാൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇറങ്ങുക റെട്രോ ജഴ്‌സിയിൽ. തൊണ്ണൂറുകളിലെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ അനുസ്മരിപ്പിക്കുന്ന ജഴ്‌സിയാണ് ഇന്ത്യൻ ടീമിന് തയാറായിരിക്കുന്നത്. ജഴ്‌സിയുടെ ചിത്രം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തുവിട്ടു.
ജൂൺ 18 മുതൽ 22 വരെയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടൺ ആണ് മത്സരവേദി. കിവീസ് ടീം നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ജൂൺ രണ്ടിന് മുംബൈയിൽനിന്ന് തിരിക്കുമെന്നാണ് അറിയുന്നത്.
തൊണ്ണൂറുകളിലേക്കുള്ള തിരിച്ചുപോക്ക് എന്നു പറഞ്ഞാണ് ജഡേജ റെട്രോ ജഴ്‌സിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കൈകളില്ലാത്ത സ്വറ്ററാണ് ജഡേജ ഇട്ടിരിക്കുന്നത്. ഇതിൽ സ്‌പോൺസറുടെ ലോഗോ കാണുന്നില്ല. നെഞ്ചിന്റെ വലതുവശത്ത് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ലോഗോയും ഇടുഭാഗത്ത് ബിസിസിഐ ലോഗോയുമാണുള്ളത്. കഴിഞ്ഞ വർഷം നടന്ന ഓസീസ് പര്യടനം മുതൽ ഇന്ത്യൻ ഏകദിന ടീമും റെട്രോ ജഴ്‌സിയാണ് ഉപയോഗിക്കുന്നത്.
അതേസമയം, ഫൈനലിനെക്കുറിച്ച് ഉയർന്നിരുന്ന ആശയക്കുഴപ്പങ്ങൾ നീക്കി കഴിഞ്ഞ ദിവസം ഐസിസി മത്സര നിയമങ്ങൾ പുറത്തുവിട്ടിരുന്നു. മത്സരം സമനിലയിലായാൽ ഇരുടീമുകളും തമ്മിൽ കപ്പ് പങ്കിടുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. റിസർവ് ഡേ ആയി ആറാം ദിവസവും പരിഗണനയിലുണ്ട്. അഞ്ചുദിവസങ്ങളിൽ നിശ്ചിത ഓവറോ സമയമോ പൂർത്തിയാക്കാനായിട്ടില്ലെങ്കിൽ ആറാം ദിവസം കൂടി കളി തുടരും. ബാക്കിവന്ന ക്വാട്ട കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ വിജയിയെ തിരഞ്ഞെടുക്കുക.
Adjust Story Font
16