പറ്റിച്ചേ... ധോണിയെ കാത്ത് നിന്ന ആരാധകർക്കിടയിലേക്ക് ബാറ്റെടുത്തിറങ്ങി ജഡേജ
ഡഗ്ഗൗട്ടിലിരുന്ന ചെന്നൈയുടെ കോച്ചിങ് സ്റ്റാഫുകളും ജഡേജ ബാറ്റുമായി ഇറങ്ങുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം
ചെന്നൈ: 42ാം വയസ്സിലും ധോണി മൈതാനത്തേക്കിറങ്ങാനായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകക്കൂട്ടം. ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ഐ.പി.എൽ ഫ്രാഞ്ചസിക്ക് ഇത്രയധികം ആരാധക പിന്തുണയുണ്ടാവാനുള്ള പ്രധാന കാരണം ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻ എം.എസ് ധോണിയാണ്. ഈ സീസണിലാണ് ചെന്നൈയുടെ നായക വേഷം ധോണി അഴിച്ചുവച്ചത്. എന്നാൽ ഇപ്പോഴും മൈതാനത്ത് ചെന്നൈക്കായി ധോണി സജീവമായുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ നടത്തിയ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ തന്റെ ഉള്ളിലെ ശൗര്യം കെട്ടടങ്ങിയിട്ടില്ല എന്ന് തെളിയിച്ച് കഴിഞ്ഞു താരം.
കഴിഞ്ഞ ദിവസം ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ശിവം ദൂബേ പുറത്തായതും ധോണി ബാറ്റിങ്ങിനിറങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഗാലറി നിറയേ നിലക്കാത്ത ആരവങ്ങള്‍. അതിനിടെ രസകരമായൊരു സംഭവമരങ്ങേറി. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ഗ്ലൗവും ഹെൽമറ്റും ബാറ്റുമൊക്കെ കയ്യിലെടുത്ത് മൈതാനത്തേക്കിറങ്ങി. ആരാധകർ ഒരു നിമിഷം തരിച്ച് നിന്നു. ഉടൻ ഡ്രസ്സിങ് റൂമിലേക്ക് തന്നെ ജഡേജ തിരിച്ച് കയറി. പിന്നീട് ധോണി മൈതാനത്തേക്ക്. തങ്ങളെ പറ്റിക്കാനാണ് ജഡേജ ഇങ്ങനെ ചെയ്തതെന്ന് മനസ്സിലായതോടെ ആരാധകരുടെ ആരവങ്ങൾ ഒരു നിമിഷം പൊട്ടിച്ചിരിക്ക് വഴിമാറി. ഡഗ്ഗൗട്ടിലിരുന്ന ചെന്നൈയുടെ കോച്ചിങ് സ്റ്റാഫുകളും ജഡേജ ബാറ്റുമായി ഇറങ്ങുന്നത് കണ്ട് ചിരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
കളിയിലെ താരം ജഡേജയാണെങ്കിലും ചിദംബരം സ്റ്റേഡിയത്തിൽ ആരാധകരുടെ തല തന്നെയായിരുന്നു ഇന്നലെയും യഥാർഥ താരം. ശിവം ദൂബേ പുറത്തായ ശേഷം 17ാം ഓവറിൽ ക്രീസിലെത്തിയ ധോണി ഒരു റണ്ണെടുത്ത് പുറത്താവാതെ നിന്നു. ധോണി ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവമായിരുന്നു. ഇത് കേട്ട് ബൗണ്ടറി ലൈനിൽ നിൽക്കുകയായിരുന്ന കൊൽക്കത്ത താരം ആന്ദ്രേ റസൽ ചെവി പൊത്തിപ്പിടിക്കുന്നൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മത്സര ശേഷം ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച റസൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്‌നേഹിക്കുന്ന ക്രിക്കറ്റ് താരം ധോണിയാണെന്ന് കുറിച്ചു.
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ഗംഭീര വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. കൊൽക്കത്ത ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ 17.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 58 പന്തിൽ 67 റൺസെടുത്ത നായകൻ ഋഥുരാജ് ഗ്വെയ്ക് വാദ് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. രചിൻ രവീന്ദ്ര 15ഉം ഡാരി മിചൽ 25ഉം ശിവം ദുബൈ 28ഉം റൺസെടുത്തു. ആറുപോയന്റുമായി ചെന്നൈ പോയന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്ക് കയറിയപ്പോൾ ആദ്യ തോൽവി നേരിട്ട കൊൽക്കത്ത 6 പോയന്റുമായി രണ്ടാംസ്ഥാനത്ത് തുടരുകയാണ്.
ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കൊൽക്കത്ത ബാറ്റർമാർക്കായുള്ളൂ. 3 വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജദേജ, തുഷാർ ദേശ് പാണ്ഡെ, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ റഹ്മാൻ എന്നിവർ ചേർന്നാണ് കൊൽക്കത്ത ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയത്. 32 പന്തിൽ നിന്നും 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. സുനിൽ നരൈൻ (20 പന്തിൽ 27), അങ്കിഷ് രഘുവംശി (18 പന്തിൽ 24) എന്നിവരും പൊരുതി നോക്കി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈയുടെ തീരുമാനം ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ തുഷാർ ദേശ് പാണ്ഡെ ശരിവെച്ചു. ആദ്യപന്തിൽ തന്നെ ഓപ്പണർ ഫിലിപ് സാൾട്ട് പുറത്ത്. തൊട്ടപിന്നാലെ ഉഗ്രൻ ഫോമിലുള്ള സുനിൽ നരൈനും അങ്കിഷ് രഘുവംശിയും അടിച്ചുതുടങ്ങിയതോടെ ചെന്നൈ ഭേദപ്പെട്ട സ്കോർ ഉയർത്തുമെന്ന് തോന്നിച്ചു. എന്നാൽ ഇരുവരെയും ഒരു ഓവറിൽ പുറത്താക്കി രവീന്ദ്ര ജദേജ മത്സരത്തിലേക്ക് ചെന്നൈയെ തിരികെക്കൊണ്ടുവന്നു. വെങ്കടേഷ് അയ്യർ (3), രമൺദീപ് സിങ് (13), റിങ്കു സിങ് (9), ആന്ദ്രേ റസൽ (10) എന്നിവരൊന്നും കാര്യമായ സംഭാവനകളില്ലാതെ മടങ്ങുകയായിരുന്നു.
Adjust Story Font
16