ഭാര്യയ്ക്ക് ബി.ജെ.പി ടിക്കറ്റ്; മോദിക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ
ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നാണ് റിവബ ജനവിധി തേടുന്നത്
അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യ റിവബയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. റിവബയ്ക്ക് വിജയാശംസ നേർന്ന താരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി രേഖപ്പെടുത്തി.
''നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് ലഭിച്ച എന്റെ ഭാര്യയ്ക്ക് അഭിനന്ദനങ്ങൾ. നിന്റെ കഠിനാധ്വാനത്തിലും പരിശ്രമങ്ങളിലും ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും നേരുന്നു. സമൂഹത്തിന്റെ പുരോഗമനത്തിനായി തുടർന്നു പ്രവർത്തിക്കാനാകട്ടെ.''-ജഡേജ ട്വീറ്റ് ചെയ്തു. റിവബയുടെ കഴിവിൽ വിശ്വസിച്ച് വിശുദ്ധമായൊരു ദൗത്യത്തിനായി അവൾക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും താരം കുറിച്ചു.
ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നാണ് റിവബ ജനവിധി തേടുന്നത്. സിറ്റിങ് എം.എൽ.എ ധർമേന്ദ്ര സിങ് എം. ജഡേജയെ മാറ്റിനിർത്തിയാണ് റിവബയ്ക്ക് ടിക്കറ്റ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവാണ് 160 മണ്ഡലങ്ങളിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 30ലേറെ സിറ്റിങ് എം.എൽ.എമാർ പട്ടികയിൽനിന്ന് ഒഴിവായിട്ടുണ്ട്.
മെക്കാനിക്കൽ എൻജിനീയറാണ് റിവബ. മുതിർന്ന കോൺഗ്രസ് നേതാവ് ഹരിസിങ് സോളങ്കിയുടെ ബന്ധു കൂടിയാണ്. 2016ലാണ് രവീന്ദ്ര ജഡേഡയുമായുള്ള വിവാഹം. വർഷങ്ങളായി ജാംനഗർ-സൗരാഷ്ട്ര മേഖലയിൽ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമാണ് റിവബ. കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയുമായിരുന്നു.
Adjust Story Font
16