Quantcast

അത് ഔട്ടായിരുന്നു!! സിറാജിനോട് മാപ്പ് പറഞ്ഞ് ഋഷഭ് പന്ത്

മത്സരത്തിൽ സിറാജെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം

MediaOne Logo

Web Desk

  • Updated:

    2024-09-20 13:08:24.0

Published:

20 Sep 2024 1:04 PM GMT

അത് ഔട്ടായിരുന്നു!! സിറാജിനോട് മാപ്പ് പറഞ്ഞ് ഋഷഭ് പന്ത്
X

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കൂറ്റൻ ലീഡിലേക്ക് കുതിക്കുകയാണ് ടീം ഇന്ത്യ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ആതിഥേയർ 308 റൺസിന്റെ ലീഡുയർത്തിയിട്ടുണ്ട്. കളിയിൽ ബംഗ്ലാദേശ് ഇന്നിങ്‌സിനിടെ നടന്നൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ പേസർ മുഹമ്മദ് സിറാജിന്‍റെ ഉറച്ചൊരു വിക്കറ്റ് റിവ്യൂ വേണ്ടെന്ന് വച്ച് വാർത്തകളിൽ ഇടംപിടിച്ചത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. മത്സരത്തിൽ സിറാജെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ക്രീസിൽ സാകിർ ഹസൻ. സിറാജെറിഞ്ഞ മികച്ചൊരു ഇൻസ്വിങ്ങർ സാകിറിന്റെ പാഡിൽ തട്ടി. വിക്കറ്റുറപ്പിച്ച സിറാജ് അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ വിക്കറ്റ് അനുവദിച്ചില്ല.

ക്യാപ്റ്റൻ രോഹിത് ശർമ ഉടൻ റിവ്യൂവിനായി പന്തിന്റെ നിർദേശം തേടി. സിറാജിന്റെ പന്ത് വിക്കറ്റിന് നേർക്കല്ലെന്നായിരുന്നു ഋഷഭിന്റെ പക്ഷം. ഇതോടെ ഇന്ത്യൻ നായകൻ റിവ്യൂവിന് മുതിർന്നില്ല. എന്നാൽ റീപ്ലേ ദൃശ്യങ്ങളിൽ അത് വിക്കറ്റാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കൈ ഉയർത്തി ഋഷഭ് പന്ത് സിറാജിനോട് ക്ഷമാപണം നടത്തി.

ആദ്യ ഇന്നിങ്‌സിൽ ബംഗ്ലാദേശിനെ 149 റൺസിന് കൂടാരം കയറ്റിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എന്ന നിലയിലാണ്. 308 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്.

ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഒരിക്കല്‍ കൂടി ആരാധകരെ നിരാശപ്പെടുത്തി. കോഹ്‍ലി 17 റണ്‍സെടുത്ത് പുറത്തായപ്പോല്‍ രോഹിത് ശര്‍മ അഞ്ച് റണ്‍സിന് കൂടാരം കയറി. ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് പുറത്തായ മറ്റൊരു ബാറ്റര്‍. 10 റണ്‍സാണ് ജയ്സ്വാളിന്‍റെ സമ്പാദ്യം. 33 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ഋഷബ് പന്തുമാണ് ക്രീസിൽ.

നേരത്തേ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് ചെപ്പോക്കിൽ കണ്ടത്. 32 റൺസെടുത്ത ഷാകിബ് അൽ ഹസൻ മാത്രമാണ് അൽപമെങ്കിലും പൊരുതി നോക്കിയത്. നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയ മത്സരത്തിൽ മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ഹസൻ മഹ്‌മൂദിനെ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ച് ജസ്പ്രീത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റെന്ന ചരിത്ര നേട്ടത്തില്‍ തൊട്ടു. ശദ്മാൻ ഇസ്ലാം, മുശ്ഫിഖു റഹീം, ഹസൻ മഹ്‌മൂദ്, തസ്‌കിൻ അഹ്‌മദ് എന്നിവരെയാണ് ബുംറ കൂടാരം കയറ്റിയത്. ടെസ്റ്റിൽ 159 വിക്കറ്റും ഏകദിനത്തിൽ 149 വിക്കറ്റും ടി20 യിൽ 89 വിക്കറ്റുമാണ് ബുംറയുടെ സമ്പാദ്യം

ആദ്യ ഇന്നിങ്സില്‍ ആര്‍.അശ്വിന്‍റെ അര്‍ധ സെഞ്ച്വറിക്കരുത്തില്‍ 376 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. രവീന്ദ്ര ജഡേജ സെഞ്ച്വറിക്ക് 14 റണ്‍സകലെ വീണു. ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story