'ഇവിടെ തന്നെ നില്‍ക്ക്'; സര്‍ഫറാസിന് ഫീല്‍ഡിങ് പൊസിഷന്‍ കാണിച്ച് കൊടുത്ത് രോഹിത്, മൈതാനത്ത് കൂട്ടച്ചിരി
നേരത്തേ സാക് ക്രാവ്ളിയുടെ വിക്കറ്റുമായി ബന്ധപ്പെട്ട് സര്‍ഫറാസുമായുണ്ടായ ആശയക്കുഴപ്പത്തില്‍ രോഹിത് റിവ്യൂവിനുള്ള ഒരു സുവര്‍ണാവസരം പാഴാക്കിയിരുന്നു
ധരംശാല: രോഹിത് ശർമ എന്ന നായകൻ മൈതാനത്തും ഡ്രസ്സിങ് റൂമിലും സഹതാരങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പല സന്ദർഭങ്ങളിലായി ഇത് അനുഭവിച്ചറിഞ്ഞവരാണ് ഇന്ത്യൻ ആരാധകർ. പലപ്പോഴും സഹതാരങ്ങൾക്കൊപ്പമുള്ള രോഹിതിന്റെ സൗഹൃദക്കാഴ്ചകൾ ആരാധക ലോകം ഏറ്റെടുത്തിട്ടുണ്ട്. രോഹിത് മികച്ചൊരു മെന്‍ററാണെന്ന് ഇന്ത്യൻ ടീമിൽ ഇടംപിടിച്ച യുവതാരങ്ങള്‍ പലരും മുമ്പ് മനസ്സ് തുറന്നിട്ടുണ്ട്.
ഇപ്പോഴിതാ മൈതാനത്ത് രോഹിതിനും യുവതാരങ്ങളായ സർഫറാസ് ഖാനും യശസ്വി ജയ്‌സ്വാളിനുമിടയിലുണ്ടായൊരു രസകരമായ സംഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മത്സരത്തിന്റെ 39ാം ഓവറിലാണ് സംഭവം. ഇരു താരങ്ങൾക്കും ഏറെ രസകരമായ രീതിയിൽ ഫീൽഡിങ് പൊസിഷൻ കാണിച്ച് കൊടുത്താണ് രോഹിത് മൈതാനത്ത് കൂട്ടച്ചിരി പടർത്തിയത്. സർഫറാസിന്റെ തോളിൽ പിടിച്ച് സില്ലി പോയിന്റിൽ കൃത്യമായി നിർത്തിയ രോഹിത് ജയ്‌സ്വാളിന് സ്ലിപ്പിൽ കാല് കൊണ്ട് ഒരു വര വരച്ച് നൽകിയാണ് പൊസിഷൻ കാണിച്ച് കൊടുത്തത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ സാക് ക്രാവ്‌ളിയുടെ വിക്കറ്റിനെ ചൊല്ലി രോഹിത് ശർമക്കും സർഫറാസ് ഖാനുമിടയിലുണ്ടായൊരു ആശയക്കുഴപ്പവും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയാണ്. ഇംഗ്ലീഷ് ഇന്നിങ്‌സിലെ 26ാം ഓവറിലായിരുന്നു സംഭവം. ബോളിങ് എന്റിൽ കുൽദീപ് യാദവ്. കുൽദീപെറിഞ്ഞ ഓവറിലെ നാലാം പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു ക്രാവ്‌ളി. ഉയര്‍ന്നു പൊങ്ങിയ പന്ത് മനോഹരമായൊരു ഡൈവിലൂടെ സില്ലി പോയിന്‍റില്‍ നിന്നിരുന്ന സര്‍ഫറാസ് കൈപ്പിടിയിലൊതുക്കി.
ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തു. പ്രത്യേകിച്ച് സർഫറാസ്. പന്ത് ബാറ്റിലാണോ പാഡിലാണോ കൊണ്ടത് എന്ന ആശയക്കുഴപ്പത്തിലായിരുന്നു അമ്പയര്‍. എന്നാല്‍ പന്ത് ബാറ്റിൽ കൊണ്ടെന്ന് ഉറപ്പായിരുന്നു സർഫറാസിന്.
അപ്പീൽ ചെയ്തിട്ടും അമ്പയർ വിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് സർഫറാസ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ അടുക്കലേക്ക് ഓടി റിവ്യൂ നൽകാൻ ആവശ്യപ്പെട്ടു. അത് വിക്കറ്റാണെന്ന് ഉറപ്പായിരുന്ന താരം ഏറെ ആവേശത്തിലായിരുന്നു. എന്നാൽ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനോടും മറ്റ് താരങ്ങളോടും ചര്‍ച്ച നടത്തിയ ശേഷം റിവ്യൂവിന് പോവേണ്ട എന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്. പന്ത് ബാറ്റിൽ കൊണ്ടിട്ടില്ല എന്നായിരുന്നു രോഹിതിന്‍റേയും ജുറേലിന്‍റേയും പക്ഷം. ഒടുവിൽ ഡി.ആർ.എസ് ടൈമറിൽ സമയം അവസാനിച്ചു.
പക്ഷെ ബിഗ് സ്‌ക്രീനിൽ കാണിച്ച റിവ്യൂ ദൃശ്യങ്ങളിൽ പന്ത് ബാറ്റിൽ കൊണ്ടു എന്ന് വ്യക്തമായിരുന്നു. ഇതോടെ ക്യാമറ സർഫറാസിന്റെ മുഖത്തേക്ക് തിരിഞ്ഞു. വെറുമൊരു പുഞ്ചിരി മാത്രമായിരുന്നു രോഹിന് സര്‍ഫറാസിന്‍റെ മറുപടി. ദൃശ്യങ്ങളില്‍ രോഹിത് ചിരിക്കുന്നതും ജുറേല്‍ നിരാശയോടെ തലതാഴ്ത്തി നില്‍ക്കുന്നതും കാണാമായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി കളംനിറഞ്ഞ ക്രാവ്‍ളിയെ പുറത്താക്കാനുള്ള മികച്ച അവസരമാണ് ഇന്ത്യന്‍ നായകന്‍ ആ ഓവറില്‍ നഷ്ടപ്പെടുത്തിക്കളഞ്ഞത്.
Adjust Story Font
16