Quantcast

50 ലക്ഷത്തിന് ടീമിലെത്തിച്ചു; റൊമാരിയോ ഷെപ്പേര്‍ഡ്... മുംബൈക്കടിച്ച ലോട്ടറി

എന്‍ട്രിച്ച് നോര്‍ക്യയുടെ അവസാന ഓവറില്‍ ഇന്നലെ പിറന്നത് 32 റണ്‍സ്

MediaOne Logo

Web Desk

  • Updated:

    2024-04-08 07:45:46.0

Published:

8 April 2024 7:21 AM GMT

50 ലക്ഷത്തിന് ടീമിലെത്തിച്ചു; റൊമാരിയോ ഷെപ്പേര്‍ഡ്... മുംബൈക്കടിച്ച ലോട്ടറി
X

വാംഖഡെയിൽ മുംബൈ ഇന്നിങ്‌സിലെ 20ാം ഓവർ എറിയാനെത്തുമ്പോൾ എൻട്രിച്ച് നോർക്യയുടെ മനസ്സിൽ റൊമാരിയോ ഷെപ്പേർഡിന്റെ പേരു പോലും തെളിഞ്ഞു കാണില്ല. പത്തൊമ്പതാം ഓവറിൽ ഇശാന്ത് ശർമയെ മൂന്ന് തവണ അതിർത്തി കടത്തി ടിം ഡേവിഡ് ടോപ് ഗിയറിലായിരുന്നു. നാല് പന്തിൽ ഏഴ് റൺസുമായി നിൽക്കുന്ന ഷെപ്പേർഡിനെക്കാൾ അർധ സെഞ്ച്വറിയിലേക്ക് അഞ്ച് റൺസകലെ കൂറ്റനടികളുമായി കളംനിറയുന്ന ടിം ഡേവിഡിനെ മാത്രം ഉന്നമിട്ടാൽ മതിയായിരുന്നു അയാൾക്ക്.

എന്നാൽ വാംഖഡേയിലെ ആ 20ാം ഓവർ റൊമാരിയോ ഷെപ്പേർഡെന്ന വിൻഡീസുകാരന്റെ പേരിൽ ഐ.പി.എൽ ചരിത്രത്തിലെഴുതിച്ചേര്‍ക്കപ്പെട്ടു. നോർക്യ എറിഞ്ഞ ആദ്യ പന്തിനെ ലോങ് ഓണിലൂടെ അതിർത്തി കടത്തി ഷെപ്പേർഡ്. വരാനിക്കുന്നൊരു കൊടുങ്കാറ്റിനെ കുറിച്ച അപായ സൂചന മാത്രമായിരുന്നു അത്. പിന്നീട് അക്ഷരാർത്ഥത്തിൽ വാംഖഡെയിൽ ഷെപ്പേർഡ് ഷോയാണ് ആരാധകർ കണ്ടത്.

അടുത്ത മൂന്ന് പന്തുകൾ ഗാലറിയിലേക്ക് പറന്നിറങ്ങുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ഡൽഹി നായകൻ ഋഷബ് പന്തിനായുള്ളൂ. രണ്ടാം പന്ത് ലോങ് ഓണിലേക്ക്. മൂന്നാം പന്ത് ഡീപ് സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ. നാലാം പന്ത് സ്വീപര്‍ കവറിന് മുകളിലൂടെ. ഗാലറിയിൽ സിക്‌സുകളുടെ പേമാരി. ടിം ഡേവിഡ് അർധ സെഞ്ച്വറിയൊക്കെ മറന്ന് ഷെപ്പേർഡിനെ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരുന്നു. ഡ്രസ്സിങ് റൂമിന് മുന്നിൽ മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സർവം മറന്ന് തുള്ളിച്ചാടി. 33 പന്തിൽ 39 റൺസുമായി ഇഴഞ്ഞിഴഞ്ഞു നീങ്ങുകയായിരുന്ന പാണ്ഡ്യ 18ാം ഓവറിൽ പുറത്തായത് അനുഗ്രമായെന്ന് തോന്നിക്കാണും മുംബൈ ആരാധകർക്ക്.

ഷെപ്പേർഡ് ഷോ അവിടംകൊണ്ടൊന്നും അവസാനിച്ചില്ല. അഞ്ചാം പന്ത് വീണ്ടും അതിർത്തി കടന്നു. അവസാന പന്തിനെ ലോങ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ച് അക്ഷരാർത്ഥത്തിൽ വാംഖഡെയെ അയാൾ പൂരപ്പറമ്പാക്കി മാറ്റി. എൻഡ്രിച്ച് നോർക്യ എറിഞ്ഞ ആ ഓവറിൽ ആകെ പിറന്നത് 32 റൺസാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും എക്‌സ്‌പെൻസീവായ ആറാമത്തെ ഓവറായി നോർക്യയുടെ ഓവർ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ഒപ്പം റൊമാരിയോ ഷെപ്പേർഡെന്ന 29 കാരനും. ക്രിസ് ഗെയിലിന്റേയും രവീന്ദ്ര ജഡേജയുടേയും പേരിലാണ് ഐ.പി.എൽ ചരിത്രത്തിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്ത് റെക്കോർഡുള്ളത്. 2011 ൽ കൊച്ചി ടസ്‌കേഴ്‌സ് താരമായിരുന്ന പ്രശാന്ത് പരമേശ്വരനെതിരെ ഗെയിൽ അടിച്ചെടുത്തത് 37 റൺസാണ്. 2021 ൽ ആർ.സി.ബി താരമായിരുന്ന ഹർഷൽ പട്ടേലിനെതിരെ രവീന്ദ്ര ജഡേജയും ഒരോവറിൽ 37 റൺസ് അടിച്ചെടുത്തു. ഈ പട്ടികയിലേക്കാണ് ഷെപ്പേര്‍ഡിന്‍റെ രാജകീയ എന്‍ട്രി.

ഡൽഹിക്കെതിരെ പത്ത് പന്ത് നേരിട്ട റൊമാരിയോ 390 സ്‌ട്രൈക്ക് റേറ്റിൽ പുറത്താകാതെ അടിച്ചെടുത്തത് 39 റൺസാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ കൂറ്റനടിക്കാരുടെ പട്ടികയിലേക്ക് വിൻഡീസ് മണ്ണിൽ നിന്ന് ഒരു അവതാരം കൂടി വാംഖഡെയിൽ പിറവി കൊണ്ടു. ഡഗ്ഗൗട്ടിൽ സാക്ഷാൽ കീറോൺ പൊള്ളാർഡിനെ സാക്ഷിയാക്കിയായിരുന്നു ഷെപ്പേർഡ് ഷോ. കളിയിലെ താരമാരാണെന്ന ചോദ്യം പോലും വാംഖഡെയില്‍ അപ്രസക്തമായിരുന്നു.

2022 മുതൽ ഐ.പി.എല്ലിൽ കളിക്കുന്നുണ്ടെങ്കിലും ഈ സീസണ് മുമ്പ് വരെ വലിയ ഇംപാക്ടുകളൊന്നും സൃഷ്ടിക്കാൻ കഴിയാതിരുന്ന താരമാണ് ഷെപ്പേർഡ്. 7 കോടി മുടക്കി 2022 ൽ ഹൈദരാബാദ് ടീമിലെത്തിച്ച ഷെപ്പേർഡിന് വെറും മൂന്ന് കളികളാണ് ആ സീസണിൽ ആകെ കളിക്കാനായത്. 2023 ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ എത്തിയ താരം കളത്തിലിറങ്ങിയത് ഒറ്റ മത്സരത്തിൽ. ഈ സീസണിൽ വെറും 50 ലക്ഷം മുടക്കിയാണ് ഷെപ്പേർഡിനെ മുംബൈ ടീമിലെത്തിച്ചത്. ആർ.സി.ബിയിലേക്ക് കൂടുമാറിയ കാമറൂൺ ഗ്രീനിന് പകരക്കാരനായാണ് മുംബൈ ആരാധകർ താരത്തെ കണ്ടിരുന്നത്. ഒരു മീഡിയം പേസർ കൂടിയായ ഷെപ്പേർഡ് മുംബൈ നിരയിൽ ഇക്കുറി നിർണായക സാന്നിധ്യമാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടിപ്പോൾ ആരാധകർ.

ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിനാണ് വാംഖഡെയില്‍ ഇന്നലെ മുംബൈ തകര്‍ത്തത്. ഐ.പി.എല്‍ 17ാം സീസണിലെ ആദ്യ ജയമാണ് മുംബൈ കുറിച്ചത്. വിജയ ലക്ഷ്യമായ 234 റൺസ് പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 205 റൺസിൽ അവസാനിച്ചു. . 25 പന്തിൽ 71 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്‌സ് ഡല്‍ഹിക്കായി ആഞ്ഞടിച്ചെങ്കിലും ടീമിനെ വിജയതീരമണക്കാനായില്ല. മുംബൈക്കായി ജെറാൾഡ് കൊയെറ്റ്സ‍ നാല് വിക്കറ്റ് വീഴ്ത്തി. സീസണിൽ ഡൽഹിയുടെ നാലാം തോൽവിയാണിത്. ജയത്തോടെ ഐപിഎൽ ചരിത്രത്തിൽ 250 വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി.

TAGS :

Next Story