അമോറിം വരുന്നു... ഓള്‍ഡ് ട്രാഫോഡിനെ ചുവപ്പണിയിക്കാന്‍
പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ടിങ് ലിസ്ബണില്‍ ചരിത്രമെഴുതിയാണ് റൂബന്‍ അമോറിം ഇംഗ്ലീഷ് മണ്ണിലേക്കെത്തുന്നത്
വർഷം 2018. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബന്റെ ടെയിനിങ് ഗ്രൗണ്ടാണ് വേദി. ഗ്രൌണ്ടിലെ ഡ്രസ്സിങ് റൂമിലേക്ക് മുഖം മൂടി ധാരികളായ ഒരുപറ്റം ആരാധകർ അതിക്രമിച്ച് കയറി. ഞങ്ങൾ നിങ്ങളെ കൊല്ലാൻ പോവുകയാണെന്നവർ കളിക്കാരോട് അലറി വിളിച്ചു. പലർക്ക് നേരെയും ഇക്കൂട്ടർ അക്രമണമഴിച്ച് വിട്ടു. സ്‌പോർടിങ് ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സത്തിൽ പരാജയപ്പെട്ടതായിരുന്നു ആരാധകരെ ഏറെ പ്രകോപിപ്പിച്ചത്.
പോർച്ചുഗീസ് അന്താരാഷ്ട്ര താരങ്ങളായ റൂയി പട്രീഷിയോ, വില്യം കാർവാലോ, യങ് സെൻസേഷൻ റാഫേൽ ലിയാവോ ഉൾപ്പെടെ ഏഴ് താരങ്ങളാണ് ഈ സംഭവത്തിന് ശേഷം ക്ലബ്ബുമായുള്ള കരാർ റദ്ദാക്കിയത്. ടീമിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് അവർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. സ്‌പോർടിങ്ങിൻറെ ചരിത്രത്തിലെ ഇരുണ്ട നാളുകളായിരുന്നു അത്. ഒരു കാലത്ത് പോർച്ചുഗീസ് ഫുട്‌ബോളിലെ വൻശക്തികളായിരുന്ന ടീം ലീഗിൽ കിരീടമണിഞ്ഞിട്ട് രണ്ട് പതിറ്റാണ്ടിനോടടുക്കുന്നു. കളിക്കാരും പരിശീലകരും മാറിക്കൊണ്ടേയിരുന്നു. അപ്പോഴും ക്ലബ്ബ് ഷെൽഫിൽ കിരീടം മാത്രം ഒഴിഞ്ഞു കിടന്നു. യൂറോപ്പിലെ വലിയ വേദികളിലൊക്കെ ടീം തുടർ പരാജയങ്ങളേറ്റു വാങ്ങി. ഇതാരാധകരെ ഏറെ ചൊടിപ്പിച്ചു.
എന്നാൽ 2021 ൽ കഥമാറി. പതിറ്റാണ്ടുകളായി പോർട്ടോയും ബെൻഫിക്കയും ലീഗിൽ തുടരുന്ന അപ്രമാധിത്വത്തിന് സ്‌പോർട്ടിങ് ഫുൾസ്റ്റോപ്പിട്ടു. ഏറെ അവിശ്വസനീയമായിരുന്നു ആ തിരിച്ചുവരവ്. അണിയറയിൽ ആ ഐതിഹാസിക കംബാക്കിന് ചരടു വലിച്ചതൊരു 36 കാരനാണ്. റൂബൻ ഫിലിപ് മാർക്വേസ് അമോറിം. 2001- 2002 സീസണിന് ശേഷം ആദ്യമായിട്ടായിരുന്നു ലീഗിൽ സ്‌പോർട്ടിങ്ങിൻറെ കിരീട ധാരണം.
അമോറിമിൻറെ ജൈത്രയാത്ര അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. 11 വർഷത്തിന് ശേഷം ആദ്യമായി അയാൾ ടീമിനെയും കൊണ്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിലേക്ക് മാർച്ച് ചെയ്തു. പിന്നീട് ടീം യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന് ടിക്കറ്റെടുത്തു. ആ ഘട്ടത്തിൽ സ്പോർട്ടിങ്ങിനെ സംബന്ധിച്ച് ഇതൊക്കെ വലിയ നേട്ടങ്ങളായിരുന്നു. കഴിഞ്ഞ സീസൺ പോർച്ചുഗീസ് ലീഗിൽ സ്പോർട്ടിംഗ് തങ്ങളുടെ കിരീടം തിരിച്ചുപിടിച്ചു.രണ്ട് മത്സരങ്ങൾ ശേഷിക്കെയായിരുന്നു ക്ലബ്ബിൻറെ 20-ാം കിരീട നേട്ടം. പോർച്ചുഗീസ് ഫുട്‌ബോളിലെ ബിഗ് ത്രീ വീണ്ടും ഫുട്‌ബോൾ ലോകത്തിൻറെ ചർച്ചകളിൽ നിറഞ്ഞു. ലീഗിൽ ഈ സീസണിൽ അമോറിമും സംഘവും തുടരുന്ന അൺബീറ്റൺ റണ്ണിന് തടയിടാൻ ഇതുവരെ ആർക്കുമായിട്ടില്ല. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളിലും ജയം. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴ് പോയിൻറ്. എറിക് ടെൻഹാഗിന് പകരക്കാരനെ തേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അമോറിം എന്ന ആ ചെറിയ അല്ല വലിയ പേരിലേക്കെത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
അലക്‌സ് ഫെർഗൂസൺ യുഗത്തിന് ശേഷം ഗതി പിടിക്കാത്ത ഓൾട്രാഫോഡിലേക്ക് വസന്ത കാലങ്ങളെ തിരികെ കൊണ്ടുവരാൻ അമോറിമിനാവുമോ എന്നാണിനി യുണൈറ്റഡ് ആരാധകർക്ക് അറിയേണ്ടത്. പ്രതിഭാധനരായൊരു കളിക്കൂട്ടത്തെ ഒത്തിണക്കത്തോടെ മൈതാനത്ത് അണിനിരത്താൻ പരാജയപ്പെട്ട തൻറെ മുൻഗാമികളുടെ ചരിത്രം അയാൾ തിരുത്തിക്കുറിക്കുമോ.
ലീഗിൽ 9 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ മൂന്ന് ജയവും നാല് തോൽവിയും രണ്ട് സമനിലകളുമായി 14ാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്. 11 പോയിന്‍റാണ് ടീമിന്റെ സമ്പാദ്യം. നാലാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയുമായുള്ള പോയിന്റ് വ്യത്യാസം ഏഴ്. യൂറോപ്പ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നേടിയത് ആകെ മൂന്ന് പോയിന്റുകൾ. അമോറിമിന് മുന്നിലെ കടമ്പകൾ വലുതാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമോറിമിൽ നിന്ന് യുണൈറ്റഡ് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാൻ. അയാളുടെ മാനേജീരിയൽ കരിയർ അതിനേറ്റവും വലിയ തെളിവാണ്. പോർച്ചുഗീസ് ക്ലബ്ബായ എഫ്.സി ബ്രാഗയെ വെറും 13 കളികളിലാണ് അമോറിം പരിശീലിപ്പിച്ചത്. എന്നാൽ ആ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പോർച്ചുഗീസ് മൈതാനങ്ങളിൽ അയാളൊരതിശയക്കുതിപ്പ് നടത്തി. പോർട്ടോയ്ക്കെതിരായ ലീഗ് കപ്പ് ഫൈനലിലെ അവിശ്വസനീയ ജയം. 65 വർഷത്തിന് ശേഷം ബെൻഫിക്കയുടെ തട്ടകത്തിൽ ബ്രാഗയുടെ ആദ്യ വിജയം. പരിശീലിപ്പിച്ച 13 ൽ 10 മത്സരങ്ങിലും വെന്നിക്കൊടി നാട്ടിയ അയാളിൽ സ്‌പോർട്ടിങ്ങിൻറെ കണ്ണുടക്കിയത് വേഗത്തിലാണ്. 2020 മാർച്ചിൽ 10 മില്യൺ യൂറോ മുടക്കിയാണ് സ്‌പോർടിങ് അമോറിമിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്. പിന്നീട് നടന്നതൊക്കെ ചരിത്രം.
അമോറിമിനായി സ്‌പോർട്ടിങ് ഇത്രയും വലിയ തുക മുടക്കിയതിൽ മുഖം ചുളിച്ചവരുണ്ടായിരുന്നു. കാരണം ടീമിലെ കളിക്കാരിൽ പലർക്കും അത്ര പോലും പ്രതിഫലമുണ്ടായിരുന്നില്ല എന്നത് തന്നെ. മൈതാനത്തിറങ്ങുന്ന കളിക്കാരേക്കാൾ ടച്ച് ലൈനപ്പുറത്തിരുന്ന് കളി നിയന്ത്രിക്കുന്ന ആ അതികായനെ സ്‌പോർട്ടിങ് മാനേജ്‌മെൻറ് അന്ധമായി വിശ്വസിച്ചു. ഒടുക്കം ടീം മാനേജ്‌മെൻറ് തന്നിലർപ്പിച്ച വിശ്വാസമയാൾ കാത്തു. രണ്ട് പതിറ്റാണ്ടു കാലം ഒഴിഞ്ഞു കിടന്ന ക്ലബ്ബിൻറെ ഷെൽഫിലേക്ക് ട്രോഫികൾ ഓരോന്നാ യെത്തിത്തുടങ്ങി. പരിശീല സ്ഥാനമേറ്റ് തൊട്ടടുത്ത സീസണിൽ തന്നെ സ്‌പോർട്ടിങ്ങിൻറെ കിരീട ദാരിദ്ര്യം അയാൾ അവസാനിപ്പിച്ചു. ലീഗ് കിരീടമടക്കം രണ്ട് ട്രോഫികളാണ് 2020 - 21 സീസണിൽ അയാൾ ലിസ്ബണിലെത്തിച്ചത്.
ഓൾഡ് ട്രാഫോഡിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ എറിക് ടെൻഹാഗ് കേട്ട ഏറ്റവും വലിയ പഴി അയാൾക്ക് കൃത്യമായൊരു പ്ലെയിങ് ഫിലോസഫി ഇല്ല എന്നതായിരുന്നു. പൊസിഷനൽ പ്ലേ കൊണ്ട് ടെൻഹാഗ് വിപ്ലവം സൃഷ്ടിച്ച അയാക്സിൽ നിന്ന് തന്റെ പഴയ വിഭവങ്ങളിൽ പലരെയും അയാൾ യുണൈറ്റഡിലെത്തിച്ചു. എന്നാൽ അയാക്സിലെ കളി ശൈലി ഒരിക്കലും ഓൾഡ് ട്രാഫോഡിൽ താൻ പിന്തുടരില്ലെന്നയാൾ പ്രഖ്യാപിച്ചു. അയാക്സ് താരങ്ങളെ കൊണ്ട് വന്ന ശേഷം 'നെവർ പ്ലേ ലൈക്ക് അയാക്സ്' എന്ന ടെൻഹാഗിന്റെ പ്രഖ്യാപനം ആരാധകർക്ക് ഏറെ വിചിത്രമായി തോന്നി. അവരുടെ ആശങ്കൾ ഒടുവിൽ ശരിയാണെന്ന് തെളിയുകയും ചെയ്തു.
എന്നാൽ അമോറിമിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്ങനെ ഒരാശങ്കയുമില്ല. കൃത്യമായൊരു പ്ലെയിങ് ഫിലോസഫി അയാൾക്കുണ്ട്. 3-4-3 ഫോർമേഷനിലാണ് അമോറിം തന്റെ മാനേജീരിയൽ കരിയറിൽ ഉടനീളം ടീമുകളെ കളത്തിലിറക്കിയത്. അതേ സമയം അവശ്യ സന്ദർഭങ്ങളിൽ അയാൾ മൈതാനത്ത് പല പരീക്ഷണങ്ങൾക്കും മുതിർന്നു.
ക്യാപ്റ്റൻ സെബാസ്റ്റ്യൻ കോയറ്റ്‌സിൻറെ നേതൃത്വത്തിലുള്ള മികച്ചൊരു പ്രതിരോധ നിരയെയാണ് അയാൾ സ്‌പോർട്ടിങിൽ ആദ്യം വാർത്തെടുത്തത്. ഒപ്പം ബോൾവിന്നിങ് മിഡ്ഫീൽഡറായ ജാവോ പലീന്യ, വിങ്-ബാക്കുകളായ നൂനോ മെൻഡസ്, പെഡ്രോ പോറോ എന്നിവരുടെ കയ്യിലയാൾ തൻറെ കൌണ്ടർ അറ്റാക്കുകളുടെ ബാറ്റൺ ഏൽപിച്ചു. അറ്റാക്കിംഗ് മിഡ്ഫീൽഡർ പെഡ്രോ ഗോൺകാൽവസിൻറെ സ്‌കോറിങ് മികവ് ടീമിൻറെ പലവിജയങ്ങളിലും നിർണായകമായി. 23 ഗോളുകളുമായി പെഡ്രോയായിരുന്നു അന്ന് ലീഗിലെ ടോപ് സ്‌കോറർ . ഒടുവിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ സ്‌പോർട്ടിംഗ് ലീഗിൽ കിരീടമണിഞ്ഞു. പോർച്ചുഗീസ് മണ്ണിലെ മിന്നും പ്രകടനങ്ങൾ നൂനോ മെൻഡസ് അടക്കമുള്ള താരങ്ങൾക്ക് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലേക്കുള്ള കവാടം തുറന്നു. മെൻറസ് പി.എസ്.ജിയിലേക്ക് ചേക്കേറിയപ്പോൾ പലീന്യയെ ഫുൾഹാമും മതേവുസ് നൂനസിനെ വോൾവ്സും പോറോയെ ടോട്ടൻഹാമും റാഞ്ചി.
സ്‌പോർട്ടിങ്ങിനിപ്പൊമുള്ള അതിശയക്കുതിപ്പ് അമോറിമിനെ യൂറോപ്പ്യൻ ഫുട്‌ബോളിലെ ഹോട്ട് ടോപ്പിക്കുകളിലൊന്നാക്കി മാറ്റി. യർഗൻ ക്ലോപ്പിന്റെ പടിയിറക്കത്തിന് ശേഷം ലിവർപൂളിന്റെ പ്രഥമ പരിഗണനകളിൽ അമോറിമുണ്ടായിരുന്നു. ഒപ്പം ഡേവിഡ് മോയസിന് പകരക്കാരനെയന്വേഷിച്ച വെസ്റ്റ് ഹാമും അമോറിമെന്ന പേരിലേക്കെത്തിയിരുന്നു. ഏത് മണ്ണിലും തൻറെ പ്ലാനുകളെ നടപ്പിലാക്കാൻ ശേഷിയുള്ളയാളാണ് അമോറിം എന്നാണ് മാസങ്ങൾക്ക് മുമ്പ് ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചത്. ഒടുവിലയാളിതാ ഇംഗ്ലീഷ് മണ്ണിലേക്കുള്ള തൻറെ രംഗപ്രവേശനത്തിനൊരുങ്ങുന്നു. ജോസേ മോറീന്യോക്ക് കീഴിൽ ഒരാഴ്ചയോളം കളിപഠിച്ചൊരു കഥ കൂടി പറയാനുണ്ട് അമോറിമിന്. മോറീന്യോ യുണൈറ്റഡിലുണ്ടായിരുന്ന കാലത്തായിരുന്നു അത്. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോക്കൊപ്പം ദേശീയ ടീമിൽ പന്ത് തട്ടിയ പരിജയവുമുണ്ട് അമോറിമിന്. വാക്ക് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കവിയെന്നാണ് റോണോ ഒരിക്കൽ അയാളെ വിശേഷിപ്പിച്ചത്.
ഏതായാലും ഓൾഡ് ട്രാഫോഡിൽ ചെയ്ത് തീർക്കാൻ അമോറിമിന് ഒരുപാടുണ്ട്. മുമ്പിൽ ലോക ഫുട്‌ബോളിലെ വമ്പൻ പേരുകൾ അണിനിരക്കുന്നൊരു സംഘം. ടെൻഹാഗിനും മോറീന്യോക്കും ലൂയി വാൻഗാലിനുമൊന്നും സൃഷ്ടിക്കാനാവാത്ത വിപ്ലവം ഓൾഡ് ട്രാഫോഡിൽ അയാൾ സൃഷ്ടിക്കുമോ എന്നാണിനി കണ്ടറിയേണ്ടത്.
Adjust Story Font
16