യുഗാന്ത്യം; ചെന്നൈ സൂപ്പര്‍ കിങ്സ് നായക പദവിയില്‍ ഇനി ധോണിയില്ല
ഋതുരാജ് ഗെയിക് വാദ് പുതിയ ക്യാപ്റ്റന്‍
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് നായകപദവിയിൽ ധോണി യുഗത്തിന് അന്ത്യം. താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഋതുരാജ് ഗെയിക് വാദാണ് പുതിയ നായകൻ. ''ഐ.പി.എൽ 2024 സീസൺ ആരംഭിക്കുന്നതിന് മുമ്പ് ധോണി ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണ്. ഋതുരാജ് ഗെയിക്വാദാണ് പുതിയ നായകൻ. 2019 മുതൽ ഗെയിക്വാദ് ടീമിന്റെ അവിഭാജ്യ ഘടകമാണ്. 52 മത്സരങ്ങൾ അദ്ദേഹം ടീമിനായി കളിച്ചു. ഇനി പുതിയ ദൗത്യമാണ്''- സി.എസ്.കെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
52 മത്സരങ്ങളിൽ 39.06 ശരാശരിയിൽ നിന്ന് 1797 റൺസാണ് ഐ.പി.എല്ലില്‍ ഗെയിക് വാദിന്റെ സമ്പാദ്യം. 135.52 ആണ് സ്‌ട്രൈക്ക് റൈറ്റ്. 2021 ഐ.പി.എൽ സീസണിൽ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു താരം.
നായക പദവിയില്‍ ചെന്നൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ധോണി ഐ.പി.എല്ലിന്‍റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ്. 2008 ല്‍ ഐ.പി.എൽ തുടങ്ങിയ കാലം മുതൽക്ക് തന്നെ താരം ടീമിന്റെ നായക പദവിയിലുണ്ട്. അതിനിടെ രണ്ട് വർഷം പദവിയിൽ നിന്ന് മാറി നിന്നു. 2013 ൽ ടീമിന് വിലക്ക് വീണപ്പോഴും 2022 ൽ രവീന്ദ്ര ജഡേജയെ നായകസ്ഥാനത്ത് മാറ്റിപ്പരീക്ഷിച്ചപ്പോഴുമായിരുന്നു അത്. പിന്നീട് 2023 ൽ നായകപദവിയിൽ തിരിച്ചെത്തിയ ധോണി ടീമിനെ അഞ്ചാം കിരീടമണിയിച്ചു. 212 മത്സരങ്ങളിൽ നിന്ന് 128 ജയങ്ങളും 82 തോൽവികളുമാണ് ചെന്നൈ നായക പദവിയില്‍ ധോണിയുടെ അക്കൗണ്ടിലുള്ളത്. ആരാധകരുടെ സ്വന്തം തല ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമ്പോള്‍ ടീമില്‍ താരത്തിന്‍റെ അടുത്ത ദൗത്യമെന്താണെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
Adjust Story Font
16