'നിങ്ങൾക്ക് ആസ്‌ത്രേലിയയിൽ കളിക്കാനാവാത്തതിൽ ദുഖമുണ്ട്'; റാഷിദ് ഖാനോട് ഉസ്മാൻ ഖവാജ
''ചിലതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. അത് കൊണ്ട് ഇതിന്റെ പരിഹാരം എന്താണ് എന്നെനിക്കറിയില്ല''
ടി20 ലോകകപ്പിൽ കരുത്തരായ ആസ്‌ത്രേലിയയെ ഞെട്ടിച്ചാണ് അഫ്ഗാനിസ്ഥാൻ ഇന്ന് ചരിത്ര ജയം കുറിച്ചത്. ഇതോടെ പല ടീമുകളുടേയും സെമി പ്രവേശം ത്രിശങ്കുവിലായി. അർണോസ് വെയിൽ സ്‌റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ 21 റൺസിനായിരുന്നു അഫ്ഗാന്റെ ജയം. ലോകവേദിയിൽ ഇതാദ്യമായാണ് അഫ്ഗാൻ ഓസീസിനെതിരെ വിജയം കുറിക്കുന്നത്.
വമ്പന്‍ ടൂര്‍ണമെന്‍റുകളില്‍ ഏറ്റുമുട്ടാറുണ്ടെങ്കിലും അഫ്ഗാനിസ്താനോ ആസ്‌ത്രേലിയയോ ഇതുവരെ ക്രിക്കറ്റ് പരമ്പകളിൽ ഏറ്റുമുട്ടിയിട്ടില്ല. 2023 മാർച്ചിൽ ഷെഡ്യൂൾ ചെയ്തിരുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഒരു പരമ്പര കളിക്കാൻ ക്രിക്കറ്റ് ആസ്‌ത്രേലിയ വിസമ്മതിച്ചിരുന്നു. ചില രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ആസ്‌ത്രേലിയൻ താരമായ ഉസ്മാൻ ഖവാജ ഇക്കാര്യം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ കൊണ്ടു വരികയാണ്. അഫ്ഗാനെ അഭിനന്ദിച്ചിട്ട കുറിപ്പിലാണ് ഖവാജ ഇക്കാര്യം സൂചിപ്പിച്ചത്.
''അഭിനന്ദനങ്ങൾ. ഇന്ന് നിങ്ങളായിരുന്നു മികച്ച ടീം. ഒരുപാട് പേർക്ക് പ്രചോദനമാണ് നിങ്ങള്‍. നിങ്ങൾക്കൊപ്പം ആസ്‌ത്രേലിയയിൽ കളിക്കാനാവാത്തതിൽ ദുഖമുണ്ട്''; റാഷിദ് ഖാന്റെ പോസ്റ്റ് പങ്കുവച്ചായിരുന്നു ഖവാജയുടെ കുറിപ്പ്.
മത്സര ശേഷം റാഷിദ് ഖാനും ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിരുന്നു. ''ഞങ്ങൾ കായിക താരങ്ങൾ ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. സ്‌പോർട്‌സ് രാജ്യത്തേയും മനുഷ്യരേയും ഒറ്റക്കെട്ടാക്കും എന്നാണ് എല്ലാവരും പറയാറുള്ളത്. അത് കൊണ്ട് ആർക്കെതിരെയും എവിടെ വച്ചും കളിക്കാൻ ഞങ്ങൾ തയ്യാറാണ്. ചിലതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. അത് കൊണ്ട് ഇതിന്റെ പരിഹാരം എന്താണ് എന്നെനിക്കറിയില്ല''- റാഷിദ് ഖാൻ പറഞ്ഞു.
Adjust Story Font
16