'മകന് മുന്നിൽ ഗ്രാൻസ്ലാം ഫൈനൽ കളിക്കാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; വാക്കുകൾ മുറിഞ്ഞ് കണ്ണീരോടെ സാനിയ
'എന്റെ അവസാന ഗ്രാൻസ്ലാം പൂർത്തിയാക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല''
മെൽബൺ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരം സാനിയ മിർസ തന്റെ ഗ്രാൻസ്ലാം പോരാട്ടത്തിന് വിരാമിട്ടു. അവസാന ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് സാനിയ തന്റെ പോരാട്ടം അവസാനിപ്പിച്ചത്. ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ- രോഹൺ ബൊപ്പണ്ണ സംഖ്യം ബ്രസീലിയൻ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസിനോടാണ് തോറ്റത്. തോൽവിക്ക് ശേഷം വളരെ വികാരാധീനയായാണ് സാനിയ മിർസ സംസാരിച്ചത്.
'ഗ്രാൻസ്ലം ഫൈനൽ മകന്റെ മുന്നിൽ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുടുംബം ഇവിടെയുണ്ട്. 2005ൽ മെൽബണിൽ സെറീന വില്യംസിനെതിരെ ആസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ചാണ് കരിയർ തുടങ്ങിയത്. അന്നെനിക്ക് 18 വയസായിരുന്നു പ്രായം... ഇത്രയും പറഞ്ഞശേഷം സാനിയയുടെ വാക്കുകൾ ഇടറുകയും കരയുകയും ചെയ്തു. അൽപനേരം സംസാരം നിർത്തിയ സാനിയയെ വൻ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
'റോഡ് ലേവർ അരീന ഏറെ ഇഷ്ടമുള്ള ഇടമാണ്.. എന്റെ അവസാന ഗ്രാൻസ്ലാം പൂർത്തിയാക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ലെന്നും സാനിയ പറഞ്ഞു. ഞാൻ കരയുന്നുണ്ടെങ്കിൽ അത് സങ്കടം കൊണ്ടല്ല,സന്തോഷം കൊണ്ടാണ്. വിജയികളായ മാറ്റോസ്-സ്റ്റെഫാനിയ സഖ്യത്തിന്റെ ഈ നല്ല നിമിഷം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും സാനിയ പറഞ്ഞു.
ഇതിഹാസ താരം മാർട്ടിന ഹിംഗിസിനൊപ്പം വിംബിൾഡൺ ഉൾപ്പെടെ മൂന്ന് വനിതാ ഡബിൾസ് കിരീടം, മഹേഷ് ഭൂപതിക്കൊപ്പം രണ്ട് മിക്‌സഡ് ഡബിള്‌സ് കിരീടങ്ങൾ... അങ്ങനെ ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ കരിയറിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് 36 കാരിയായ സാനിയ മിർസ നേടിയിട്ടുള്ളത്.
പതിനാലാം വയസ്സിൽ തന്റെ ആദ്യ മിക്‌സഡ് പങ്കാളിയായിരുന്ന രോഹന് ബൊപ്പണ്ണയ്‌ക്കൊപ്പം തന്നെയാണ് അവസാന മിക്‌സഡ് ഡബിള്‌സ് കളിച്ചതെന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം ദുബൈ ഓപ്പണോടെ ടെന്നിസ് കോര്ട്ടില്‍ നിന്ന് പൂർണമായും വിടവാങ്ങുമെന്ന് നേരത്തെ സാനിയ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, നിരവധി പേരാണ് സാനിയക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നേര്‍ന്നത്.
Adjust Story Font
16