'സാനിയ-ഷമി വിവാഹം': വാര്‍ത്തകളോട് പ്രതികരിച്ച് പിതാവ് ഇമ്രാന്‍ മിര്‍സ
മാസങ്ങള്‍ക്കുമുന്‍പാണ് പാക് ക്രിക്കറ്റര്‍ ശുഐബ് മാലികുമായി വേര്‍പിരിഞ്ഞ വിവരം സാനിയ പരസ്യമാക്കിയത്
മുഹമ്മദ് ഷമി, സാനിയ മിര്‍സ
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍ കൊയ്ത ഇതിഹാസ താരമാണ് സാനിയ മിര്‍സ. 2023ലെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ മികച്ച പ്രകടനങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പേസര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. ഇരുവരും തമ്മില്‍ വിവാഹിതരാകുകയാണെന്ന തരത്തില്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്.
അടുത്തിടെയാണ് സാനിയ പാകിസ്താന്‍ ക്രിക്കറ്റര്‍ ശുഐബ് മാലികുമായി വേര്‍പിരിഞ്ഞത്. ഷമിയാണെങ്കില്‍ ഭാര്യ ഹസീന്‍ ജഹാനുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇരുവരും തമ്മില്‍ നിയമപോരാട്ടവും നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് സാനിയയും ഷമിയും ഒരുമിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. ഇരുവരും വിവാഹ വസ്ത്രത്തില്‍ ഒപ്പംനില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, വാര്‍ത്തകളോട് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇമ്രാന്‍. വാര്‍ത്തകളെല്ലാം അസംബന്ധമാണെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയോട് വ്യക്തമാക്കി. രണ്ടുപേരും ഇതുവരെയും നേരില്‍ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാന്‍ മിര്‍സ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷമാണ് സാനിയ പ്രൊഫഷനല്‍ ടെന്നീസില്‍നിന്ന് വിരമിച്ചത്. അഞ്ചു മാസംമുന്‍പ് ശുഐബ് മാലിക്കുമായി വേര്‍പിരിഞ്ഞ വിവരവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത്തവണ മക്കയിലെത്തി ഹജ്ജ് കര്‍മവും നിര്‍വഹിച്ചിരുന്നു സാനിയ. പരിവര്‍ത്തനത്തിന്റെ അനുഭവങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും എന്തെങ്കിലും തെറ്റുകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊറുത്തുതരണമെന്നുമാണ് കഴിഞ്ഞ ദിവസം മക്കയില്‍ വച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പുതിയൊരു ജീവിതയാത്രയില്‍ പ്രവേശിച്ച എന്നെ നിങ്ങളുടെ പ്രാര്‍ഥനയിലും ആലോചനകളിലും ഉള്‍പ്പെടുത്തണം. വിനീതമായ ഹൃദയവും ശക്തമായ വിശ്വാസവുമുള്ള നല്ലൊരു മനുഷ്യനായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. ദൈവം പ്രാര്‍ഥനങ്ങളെല്ലാം സ്വീകരിക്കുമെന്നും അവന്റെ അനുഗ്രഹീതമായ പാതയിലൂടെ തന്നെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും സാനിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Summary: Sania Mirza's father Imran Mirza reacts to the wedding rumours with the Indian cricketer Mohammed Shami
Adjust Story Font
16