Quantcast

സഞ്ജുവിന് ഇതൊക്കെ ശീലമായി

ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയ സഞ്ജു തഴയപ്പെട്ട ടീമിൽ കരിയറിൽ ഇതുവരെ ഒരു ഏകദിനം പോലും കളിക്കാത്ത റിയാൻ പരാഗും വെറും ഒരു ഏകദിനം കളിച്ച പരിചയം മാത്രമുള്ള ശിവം ദുബേയുമുണ്ട്

MediaOne Logo

Web Desk

  • Published:

    19 July 2024 11:41 AM GMT

sanju samson
X

''സഞ്ജു സാംസൺ ഇന്ത്യക്കായി ഏകദിനം കളിക്കുന്നില്ലെന്നത് സഞ്ജുവിന്റെ നഷ്ടമല്ല.. ഇന്ത്യയുടെ നഷ്ടമാണ്. രോഹിത് ശർമയെയോ വിരാട് കോഹ്ലിയെ ഒക്കെ പോലെ ഇന്ത്യൻ ക്രിക്കറ്റിൽ ഉയരങ്ങളിൽ എത്തേണ്ട ഒരു കളിക്കാരൻ. അയാൾക്ക് വേണ്ട പിന്തുണ നൽകിയാൽ ലോക ക്രിക്കറ്റിലെ നമ്പർ വൺ ബാറ്ററാവും എന്നുറപ്പ്. പക്ഷെ ദൗർഭാഗ്യമെന്ന് പറയട്ടെ ദീർഘകാരം നമ്മളയാൾക്ക് ഒരു പിന്തുണയും നൽകിയിട്ടില്ല. സെലക്ടർമാർ ഇനിയെങ്കിലും കണ്ണ് തുറക്കണം''

നാളുകൾക്ക് മുമ്പ് ഗൗതം ഗംഭീർ ഇതു പറഞ്ഞുവക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ പരിശീലകവേഷമണിഞ്ഞിട്ടില്ല. ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പടിയിറങ്ങിയ ഒഴിവിൽ ഗൗതം ഗംഭീറെത്തി. രോഹിത് ശർമ ടി20 ക്യാപ്റ്റൻസിയും ഒഴിഞ്ഞതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു തലമുറ മാറ്റത്തിന്റെ ധ്വനി മുഴങ്ങി.

എന്നാൽ പരിശീലക വേഷത്തിൽ ഗംഭീർ ആദ്യ പരമ്പരക്ക് തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ സെലക്ടർമാർ നാളുകളായി പുറത്തിരുത്തിയെന്ന് താനടക്കം നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞു കൊണ്ടിരുന്ന സഞ്ജു ഇപ്പോഴും പുറത്ത് തന്നെ. ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയ സഞ്ജു തഴയപ്പെട്ട ടീമിൽ കരിയറിൽ ഇതുവരെ ഒരു ഏകദിനം പോലും കളിക്കാത്ത റിയാൻ പരാഗും വെറും ഒരു ഏകദിനം കളിച്ച പരിചയം മാത്രമുള്ള ശിവം ദുബേയുമുണ്ടെന്ന് ഓർക്കണം.

ഇന്ത്യ അവസാനമായി ഒരു ഏകദിനം കളിച്ചത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ച് നിൽക്കുന്നു. പരമ്പ സ്വന്തമാക്കാൻ ഇരുടീമുകൾക്കും അവസാന മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു. ബോളണ്ട് പാർക്കിലരങ്ങേറിയ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസന്റെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ കളിപിടിച്ചു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 108 റൺസാണ് അടിച്ചെടുത്തത്. തിലക് വർമക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട്. കെ.എൽ രാഹുലിനൊപ്പം സ്‌കോർബോർഡിൽ ചേർത്തത് 52 റൺസ്.

നിർണായക മത്സരത്തിൽ 78 റൺസിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം അർഹിച്ച കൈകളിൽ തന്നെയെത്തി. എന്നാൽ തൊട്ടടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ സഞ്ജുവിന് ടീമിൽ ഇടംനേടാൻ അർഹതയില്ലെന്നാണ് ബി.സി.സി.ഐ പറയുന്നത്. ഇന്ത്യൻ ടീമിന് ഏറ്റവും മോശം റെക്കോർഡുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കൻ മണ്ണിൽ രണ്ടേ രണ്ട് പരമ്പരയാണ് നാളിതുവരെ ഇന്ത്യ ജയിച്ചത്. അതിലൊന്ന് സഞ്ജുവിന്റെ ചിറകിലേറിയാണെന്നോർക്കണം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജു കുറച്ച് കൂടെ പുറത്ത് നിൽക്കട്ടേ എന്നതാണ് ബി.സി.സി.ഐ നിലപാട്.

സെലക്ടർമാരുടെ കണ്ണുതുറക്കാൻ സഞ്ജു സാംസൺ മൈതാനത്ത് ഇനി എന്താണ് ചെയ്തു കാണിക്കേണ്ടത് എന്ന് ഒരേ സ്വരത്തിൽ ചോദിക്കുന്നുണ്ട് ഇപ്പോൾ ആരാധകർ. 16 ഏകദിനങ്ങളിലാണ് സഞ്ജു ഇതുവരെ ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടുള്ളത്. അതിൽ 56.67 ബാറ്റിങ് ആവറേജിൽ 510 റൺസടിച്ചെടുത്തു. അവസരം കിട്ടിയപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിനായിട്ടുണ്ട്. ചിലപ്പോഴൊക്കെ വീണു പോയിട്ടുമുണ്ട്. എന്നാൽ വീണുപോവുമ്പോഴേക്കും പല്ലും നഖവും ഉപയോഗിച്ച് അയാളെ വിമർശിച്ചവർ നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരം സാന്നിധ്യങ്ങളായ പലരുടേയും കരിയർ ഗ്രാഫ് പരിശോധിച്ചാൽ മതിയാവും. തുടരെ പരാജയമായിട്ടും നിരന്തരം ടീമിൽ ഉൾപ്പെടുത്തി പിന്തുണയുമായി പലരുടേയും പുറകിൽ സെലക്ഷൻ കമ്മിറ്റിയുണ്ടായിരുന്നു ഇക്കാലമത്രയും. ഈ പ്രിവിലേജ് സഞ്ജുവിനെന്തായാലും കിട്ടിയിട്ടില്ല. സഞ്ജുവിന്റെ പേരിനൊപ്പം എക്കാലവും ചർച്ചകളിൽ നിറയാറുള്ള ഋഷബ് പന്തിന്റെ ഏകദിന കരിയർ നോക്കൂ. 30 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ പന്ത് 34 ആവറേജിൽ അടിച്ചെടുത്തത് 865 റൺസാണ്. പലവുരു പരാജയപ്പെട്ടപ്പോഴും അയാൾക്ക് പിന്നിൽ ആരും വാളോങ്ങി നടന്നിട്ടില്ല.

അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി കൂടി മുന്നിൽ കണ്ടാണ് സെലക്ഷൻ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരക്ക് ശേഷം അഞ്ച് മാസത്തോളം ഇന്ത്യക്ക് ഏകദിന പരമ്പരകളില്ല. ചാംമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര മാത്രമാണ് ബാക്കിയുണ്ടാവുക. അതിനാൽ തന്നെ ശ്രീലങ്കക്കെതിരായ പരമ്പര നിർണായകമാണ്.

''രസകരമായൊരു ടീം സെലക്ഷനാണിത്. അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു ഏകദിന ടീമിൽ ഇടംപിടിച്ചില്ല. അവസാന ടി20 പരമ്പരയിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമക്ക് ടി20 ടീമിലും ഇടമില്ല. ഇന്ത്യൻ ജേഴ്സിയിൽ വിജയിച്ചവർ അല്ലെങ്കിലും സെലക്ടർമാരുടെ കണ്ണിലുടക്കില്ലല്ലോ''- ടീം പ്രഖ്യാപനത്തിന് പിറകേ ശശി തരൂർ എം.പി എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.

ലോകകപ്പ് കലാശപ്പോരിൽ 107 പന്തിൽ 66 റൺസെടുത്ത കെ.എൽ രാഹുൽ ടീമിലെത്തിയപ്പോൾ അവസാന ഏകദിനത്തിൽ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയതീരമണച്ച സഞ്ജുവിന് ഇപ്പോഴും ടീമിൽ ഇടമില്ല എന്നാണ് മറ്റൊരാൾ കുറിച്ചത്. ടി 20 ടീമിൽ ഇപ്പോഴും ഇടമുണ്ടല്ലോ എന്നാണ് ചിലരുടെ മറുപടി. ടീമിലല്ല ബെഞ്ചിലിടമുണ്ടല്ലോ എന്ന് പറയുന്നതാവും ശരി. ഋഷബ് പന്ത് ടീമിലുള്ളപ്പോൾ സഞ്ജുവിൻറെ സ്ഥാനം എക്കാലവും ത്രിശങ്കുവിലാണല്ലോ. അതിക്കുറിയും ആവർത്തിക്കുമോ ഇല്ലയോ എന്നതൊക്കെ കണ്ടറിയണം.

''അടുത്ത ടി 20 ലോകകപ്പിൽ കളിക്കണമെങ്കിൽ സഞ്ജു സാംസൺ അസാമാന്യ പ്രകടനം കാഴ്ചവെക്കണം. നിലവിൽ 29 വയസുള്ള താരത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ടി 20ലോകകപ്പാകുമ്പോൾ 31 വയസാകും. ഈ കാലയളവിൽ സ്ഥിരമായി ടീമിലുണ്ടെങ്കിൽ മാത്രമായിരിക്കും ലോകപ്പിലേക്കുള്ള പരിഗണന ലഭിക്കുക''. മുൻ ഇന്ത്യൻ താരം അമിത് മിശ്രയുടെ വാക്കുകളാണിത്. വരുന്ന ടി 20 ലോകകപ്പിൽ സഞ്ജു ഇടംപിടിക്കാനുള്ള സാധ്യത വിദൂരമാണെന്നും മിശ്ര പറയാതെ പറഞ്ഞുവക്കുന്നുണ്ട്. അമിത് മിശ്രയുടെ ഈ വാക്കുകൾ ഒറ്റപ്പെട്ടതാകാനിടയില്ല. സമാനമായ അഭിപ്രായമാണ് പല മുൻ താരങ്ങൾക്കമുള്ളത്. യുവതാരങ്ങൾക്ക് അവസരം നൽകാൻ സഞ്ജു അടക്കമുള്ള സീനിയർ താരങ്ങൾ മാറിനിൽക്കണം പോലും. എന്നാൽ ഇവരെല്ലാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്.

അന്താരാഷ്ട്ര കരിയർ ആരംഭിച്ച് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് സഞ്ജു ദേശീയ ടീമിനായി ഒരു മത്സരം കളിക്കുന്നത്. കരിയറിൽ മിന്നും ഫോമിൽ നിൽക്കുമ്പോൾ പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെട്ടു. 'ഇനിയും സമയമുണ്ട്. അവസരം വരും'. ഇതായിരുന്നു സ്ഥിരം പല്ലവി. പരിശീലക സ്ഥാനം രവി ശാസ്ത്രിയിൽ നിന്ന് രാഹുൽദ്രാവിഡിലെത്തിയപ്പോഴും അവസ്ഥക്ക് മാറ്റമൊന്നുമുണ്ടായില്ല. ഐ.പി.എല്ലിലെ മിന്നും ഫോമിനെ തുടർന്ന് ഇത്തവണ ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിച്ചു. എന്നാൽ ഒറ്റമത്സരത്തിൽ പോലും കളത്തിലിറങ്ങിയില്ല. ഇനി സഞ്ജു സീനിയറാണെന്ന് പറഞ്ഞ് മാറിനിൽക്കാനാണ് ആവശ്യപ്പെടുന്നതെങ്കിൽ ഒരുതാരത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാകുമത്.

പോഡ് കാസ്റ്റ് വീഡിയോയിലാണ് അമിത് മിശ്ര സഞ്ജുവിനെതിരെ പ്രതികരണം നടത്തിയത്. ഇഷാൻ കിഷൻ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, ജിതേഷ് ശർമ എന്നിവർ പുറത്തുണ്ടെന്ന കാര്യവും അഭിമുഖത്തിൽ മിശ്ര ഓർമിപ്പിക്കുന്നുണ്ട്. ഏതായാലും ഇന്ത്യൻ ജഴ്‌സിയിൽ സഞ്ജുവിൻറെ കരിയറിങ്ങനെ സൈഡ് ബെഞ്ചിലും ടീമിനും പുറത്തുമായി തീർന്ന് പോവുമോ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുന്നു ആരാധകർ.

TAGS :

Next Story