'സ്വന്തം പേരിലങ്ങ് നക്കിയാൽ മതി; മലയാളികളുടെ പേരിൽ വേണ്ട'; കലിയൂഷ്നിയുടെ കാലിൽ ചുംബിച്ച ഷൈജു ദാമോദരന് പൊങ്കാല-വിവാദം
മലയാളികളുടെ മൊത്തം അവകാശം ഈ വിമർശകർക്ക് സർക്കാർ പതിച്ചുനൽകിയിട്ടുണ്ടോ? വിമർശകരുടെ ഏതെങ്കിലും അടുത്തബന്ധുക്കളുടെ കാലെടുത്തല്ല ഞാൻ ഉമ്മവച്ചത്-ഷൈജു ദാമോദരൻ
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഇവാൻ കലിയൂഷ്നിയുടെ കാലിൽ ചുംബിച്ച് കമന്റേറ്റർ ഷൈജു ദാമോദരൻ. കേരളത്തിന്റെ മൊത്തം ചുംബനമാണെന്നു പറഞ്ഞായിരുന്നു കാൽപാദത്തിൽ ഷൈജുവിന്റെ മുത്തം. എന്നാൽ, ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയരുന്നത്.
സ്വന്തം യൂട്യൂബ് ചാനലിൽ പുറത്തുവിട്ട കലിയൂഷ്നിയുടെ അഭിമുഖത്തിലാണ് വിവാദ സംഭവം. അഭിമുഖത്തിനിടെ ഷൈജു താരത്തോട് ഇടങ്കാൽ ഉയർത്താൻ ആവശ്യപ്പെട്ടു. കാൽ ഉയർത്തിയപ്പോൾ അത് മടിയിലേക്ക് വച്ച് ചുംബിക്കാൻ ശ്രമിച്ചു.
എന്നാൽ, വേണ്ടെന്ന് പറഞ്ഞ് കലിയൂഷ്നി തടഞ്ഞെങ്കിലും ഷൈജു പിന്തിരിഞ്ഞില്ല. ഇത് തന്റെ ചുംബനമല്ലെന്നും കേരളത്തിന്റെ മൊത്തം ചുംബനമാണെന്നും പറഞ്ഞ് കാലിൽ ഉമ്മവയ്ക്കുകയും ചെയ്തു. കേരളമൊന്നടങ്കം താങ്കളുടെ ഈ ഇടങ്കാലിനു നന്ദിപറയാൻ ആഗ്രഹിക്കുന്നുണ്ടെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.
വിഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഷൈജുവിനെതിരെ പൊങ്കാലയും വിമർശനവും നിറഞ്ഞത്. മലയാളികൾക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുന്ന നടപടിയായി ഷൈജുവിന്റേതെന്നാണ് ഒറ്റക്കെട്ടായി ഉയർന്ന ശബ്ദം. ആരുടെയെങ്കിലും കാലിൽ നക്കണമെങ്കിൽ സ്വന്തം പേരിൽ മതിയെന്നും മലയാളികളെ ഒന്നാകെ അതിനു കൂട്ടുപിടിക്കേണ്ടെന്നും വിമർശനമുയർന്നു. 'ആ മലയാളികളിൽ ഞാനില്ല' എന്നു പറഞ്ഞും സോഷ്യൽ മീഡിയയിൽ പൊങ്കാല തുടർന്നു.
വിവേകബുദ്ധിയില്ലാത്ത, സഹൃദയരല്ലാത്ത, സരസഹൃദയരല്ലാത്ത, പ്രണയാർദ്രമായ ഹൃദയമില്ലാത്ത, ഒരു സഹജീവിയോട് ഒരു മനുഷ്യൻ സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ കഴിയാത്ത മലയാളിയോട് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു വിമർശനങ്ങളോട് ഷൈജു പിന്നീട് പ്രതികരിച്ചത്. മലയാളികളുടെ മൊത്തം അവകാശം ഈ വിമർശകർക്ക് സർക്കാർ പതിച്ചുനൽകിയിട്ടുണ്ടോ? എനിക്കും നിങ്ങൾക്കും എല്ലാം ഒരേ അവകാശമാണ്. വിമർശിക്കുന്നവർ കേരളത്തെ തീറെഴുതിയെടുക്കേണ്ട. ഞാനും മലയാളിയാണ്. ഈ വിമർശകരുടെ ഏതെങ്കിലും അടുത്തബന്ധുക്കളുടെ കാലെടുത്തല്ല ഞാൻ ഉമ്മവച്ചത്. എനിക്കോ കലൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവർക്ക് എന്തിനാണെന്നും പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിയുടെ മനസിലെ പൊള്ളത്തരമാണിത് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വിമർശിക്കുന്ന മലയാളികൾ ലയണൽ മെസ്സിയെയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെയോ അടുത്തു കിട്ടിയാൽ ഇതിലും വലുത് ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. മെസ്സിയും ക്രിസ്റ്റ്യാനോയുമെല്ലാം ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ്. നമ്മൾ നമ്മളെക്കാൾ ജിവനുതുല്യം സ്നേഹിക്കുന്ന താരങ്ങളാണ്. താൻ ഖത്തറിലേക്ക് പോകുകയാണ്. മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്റയും അടുത്ത സുഹൃത്താണ്. മെസ്സിയെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയാൽ താൻ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Controversy over Football commentator Shaiju Damodaran's kiss on Kerala Blasters' star Ivan Kalyuzhnyi's foot
Adjust Story Font
16