'19ാം നിലയിലെ ബാല്‍ക്കണിയില്‍ അയാളെ കണ്ടു'; ഷമി ജീവനൊടുക്കലിന്‍റെ വക്കിലെത്തിയിരുന്നു എന്ന് സുഹൃത്ത്
'ഒത്തുകളി ആരോപണം ഉയര്‍ന്ന കാലത്ത് അയാള്‍ ഏറെ നിരാശനായിരുന്നു'
mohammed shami
പാകിസ്താനെതിരായ മത്സരത്തിൽ ഒത്തു കളിച്ചെന്ന ആരോപണം ഉയർന്ന കാലത്ത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ജീവനൊടുക്കലിന്റെ വക്കോളമെത്തിയിരുന്നു എന്ന് വെളിപ്പെടുത്തി ഷമിയുടെ ഉറ്റ സുഹൃത്ത് ഉമേഷ് കുമാർ. ആരോപണമുയർന്ന കാലത്ത് കടുത്ത സമ്മർദത്തിലൂടെയാണ് ഷമി കടന്നു പോയിരുന്നത് എന്നും പലപ്പോഴും നിരാശനായാണ് താരത്തെ കാണപ്പെട്ടതെന്നും ഉമേഷ് കുമാര്‍ പറഞ്ഞു.
'അന്ന് പുലർച്ചേ നാല് മണിക്ക് ഞാൻ വെള്ളം കുടിക്കാൻ എഴുന്നേല്‍ക്കുമ്പോള്‍ മുഹമ്മദ് ഷമി 19ാം നിലയിലെ ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു. എനിക്കാകെ പേടി തോന്നി... . മറ്റെന്തും സഹിക്കും, പക്ഷെ രാജ്യത്തെ ഒറ്റു കൊടുത്തെന്ന ആരോപണം തനിക്ക് സഹിക്കാനാവില്ലെന്ന് ഷമി ആവർത്തിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു. എട്ടോ പത്തോ ദിവസം അയാൾ ഭക്ഷണം പോലും നേരെ കഴിച്ചിട്ടില്ല.
പിന്നീട് ഒരിക്കൽ ഞങ്ങൾ സംസാരിച്ച് നിൽക്കേ ഷമിയുടെ ഫോണിലേക്ക് ഒരു സന്ദേശമെത്തി. ഒത്തു കളി വിവാദം അന്വേഷിച്ച സമിതി ഷമിക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നു. ലോകകപ്പ് നേടിയതിനേക്കാൾ സന്തോഷമായിരുന്നു ഷമിക്ക് അന്ന്'- ഉമേഷ് കുമാർ പറഞ്ഞു. ശുഭാങ്കർ മിശ്രക്ക് നൽകിയ അഭിമുഖത്തിൽ ഷമിയെ അടുത്തിരുത്തിയായിരുന്നു ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തൽ.
ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ബി.സി.സി.ഐ ഷമിയെ താൽക്കാലികമായി വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് താരത്തിനെതിരെ ഒത്തുകളി ആരോപണമുയർന്നത്. ക്ലീന്‍ ചിറ്റ് കിട്ടിയ ശേഷം ക്രിക്കറ്റില്‍ താരം വീണ്ടും സജീവമായി. ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിച്ച ഷമി ഇന്ത്യക്കായി മിന്നും പ്രകടനങ്ങളാണ് പുറത്തെടുത്തത്. ലോകകപ്പിന് ശേഷം കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയമായ താരം വിശ്രമത്തിലാണ്. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമി ടീമിൽ തിരിച്ചെത്തുമെന്ന് കഴിഞ്ഞ ദിവസം അജിത് അഗാർക്കർ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16