Quantcast

ആ 'നാല്‍വര്‍ സംഘം' അര്‍ജന്‍റീനയുടെ ജാതകം തന്നെ തിരുത്തിയെഴുതിയപ്പോള്‍...

ഫുട്ബോളിന്‍റെ വെള്ളിവെളിച്ചത്തില്‍ ഇനിയുണ്ടാകില്ലെന്ന് ലയണല്‍ മെസ്സി തീരുമാനിച്ചുറപ്പിക്കുന്ന രാത്രി, അന്നയാളുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് സന്ദേശം എത്തുന്നു...

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-12-21 06:22:07.0

Published:

21 Dec 2022 5:39 AM GMT

ആ നാല്‍വര്‍ സംഘം അര്‍ജന്‍റീനയുടെ ജാതകം തന്നെ തിരുത്തിയെഴുതിയപ്പോള്‍...
X

''സ്കലോണിയോ, അയാള്‍ക്കൊരു ട്രാഫിക് സിഗ്നല്‍ പോലും നിയന്ത്രിക്കാന്‍ കഴിയില്ല, ഇങ്ങനൊരാളെയാണോ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്...?'' ലയണല്‍ സ്കലോണി അര്‍ജന്‍റീനയുടെ മുഖ്യപരിശീലകനായെന്നറിഞ്ഞപ്പോള്‍ അരിശം പൂണ്ട ഫുട്ബോള്‍ ദൈവം സാക്ഷാല്‍ ഡിയഗോ മറഡോണ അന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ട്രാഫിക് നിയന്ത്രിക്കാന്‍ പോലും കഴിവില്ലാത്തവന്‍ എന്ന് മറഡോണ വിളിച്ച ആ പരിശീലകന്‍റെ ഷെല്‍ഫ് പരിശോധിച്ചാല്‍ കാണാം. ഒരു കോപ്പ അമേരിക്ക, ഒരു ഫൈനലിസിമ, ഒടുവില്‍ ലോകകിരീടമെന്ന അത്ഭുതവിളക്കും

ലോകത്തെ അമ്പരപ്പിച്ച വിജയമന്ത്രം

ഒരിക്കല്‍ ഇനി അര്‍ജന്‍റീനക്കായി പന്തുതട്ടാനില്ലെന്ന് ഉറപ്പിച്ച ലയണല്‍ മെസ്സിയെ ലോകം കണ്ടതാണ്, എന്നിട്ടും അയാള്‍ ആ തീരുമാനം മാറ്റി തിരിച്ചെത്തി, പക്ഷേ 2018 ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പോരാട്ടം പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചതോടെ ഫുട്ബോളിന്‍റെ വെള്ളിവെളിച്ചത്തില്‍ ഇനിയുണ്ടാകില്ലെന്ന് അയാള്‍ വീണ്ടും തീരുമാനിച്ചുറപ്പിക്കുന്ന രാത്രി,

മെസ്സിയുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് സന്ദേശം എത്തുന്നു, ലയണല്‍ സ്കലോണിയുടേതായിരുന്നു ആ മെസ്സേജ്, ലിയോ, എനിക്കൊന്ന് കാണണം, എന്‍റെ കൂടെ പാബ്ലോ അയ്മറുമുണ്ട്, കാണാമെന്ന് മറുതലക്കല്‍ നിന്ന് മെസ്സിയുടെ മറുപടി.

അതിന് ശേഷം നടന്നത് ചരിത്രം, മെസ്സിയെന്ന ഇതിഹാസത്തെപ്പറ്റി കിരീടങ്ങളില്ലാത്ത ഭൂതകാലം ഒരുതലമുറയും വായിക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു അവര്‍ക്ക്... മാരക്കാനയില്‍ ബ്രസീലിന്‍റെ കണ്ണീരുവീഴ്ത്തി 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലാറ്റിനമേരിക്കന്‍ കിരീടം, യൂറോപ്യന്‍ചാമ്പ്യന്മാരായ ഇറ്റലിയെ വീഴ്ത്തി വെംബ്ലിയില്‍ വെച്ച് ഫൈനലിസിമ , ഒടുവില്‍ ലോകചാമ്പ്യന്മാരുടെ കടയറുത്ത് അറേബ്യന്‍ മണ്ണില്‍ വെച്ച് 36 വര്‍ഷത്തെ കാത്തിരിപ്പിന് അറുതിവരുത്തി വിശ്വകിരീടം...

പലരും ചാരമെന്ന് പരിഹസിച്ച അർജന്റീയെയാണ് നാല് വർഷം മുൻപ് സ്‍കലോണിയും മൂന്ന് അനുചരന്മാരും ചേര്‍ന്ന് ഏറ്റെടുക്കുന്നത്. അവിടെ നിന്ന് ചാരത്തെ ഊതി ഊതി കനലാക്കി, ആ കനലിനെ അവര്‍ തീയാക്കി. മുന്‍പില്‍പ്പെട്ട എതിരാളികളെല്ലാം ആ തീയില്‍ വെന്തുരുകി

അര്‍ജന്‍റീനയുടെ കൗരവ സംഘം

ആ കൗരവസംഘം ചാര്‍ജെടുത്ത ശേഷം ലോകഫുട്ബോളിലെ മുഴുവന്‍ ഫോഴ്സും അര്‍ജന്‍റീനക്ക് മുന്നില്‍ ഒന്നുമല്ലായിരുന്നു. ലയണല്‍ സെബാസ്റ്റ്യന്‍ സ്കലോണി, പാബ്ലോ ഐമര്‍ ജോര്‍ദാനോ, റൊബേര്‍ട്ടോ ഫാബിയോ അയാള, വാള്‍ട്ടര്‍ സാമുവല്‍ മറഡോണ യുഗം അവസാനിച്ച ശേഷം അര്‍ജന്‍റീന വീണ്ടും പ്രതാപകാലത്തേക്ക് തിരിച്ചെത്തിയതിന് പിന്നില്‍ അവരാണ്, കാത്തിരുന്ന് കണക്കുകൂട്ടി കളം വരച്ച സ്‌കലോണിയും അതിന് തീ പകർന്ന മൂന്ന് പരിചാരകരും

2006ല്‍ ലയണല്‍ മെസ്സിയെന്ന 19കാരന്‍ തന്‍റെ ആദ്യ ലോകകപ്പ് ഗോള്‍ സ്കോര്‍ ചെയ്യുമ്പോള്‍ അര്‍ജന്‍റീനയുടെ സൈഡ്ബെഞ്ചില്‍ ഇരുന്നവരാണ് ലയണല്‍ സ്കലോണിയും പാബ്ലോ ഐമറും, അന്ന് മെസിക്കൊപ്പം പ്ലേയിങ് ഇലവനിലുണ്ടായിരുന്ന താരമാണ് റൊബേര്‍ട്ടോ ഫാബിയോ അയാള, 2010 ലോകകപ്പില്‍ മെസ്സിക്കൊപ്പം കളിച്ച താരമാണ് വാള്‍ട്ടര്‍ സാമുവല്‍

36 വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് മെസ്സിയുടെ ക്യാപ്റ്റന്‍സിയില്‍ അര്‍ജന്‍റീന അവസാനം കുറിക്കുമ്പോള്‍ ദേശീയ ടീമില്‍ അതേ മെസ്സിയോടൊപ്പം പന്തുതട്ടിയവരാണ് പരിശീലക സ്ഥാനത്ത് അണിനിരന്നത്.

ആ ചരിത്രമുഹൂര്‍ത്തത്തിന് പിന്നിലെ നാല്‍വര്‍ സംഘം എങ്ങനെയാകും അര്‍ജന്‍റൈന്‍ ഫുട്ബോളിനെ ഉഴുതുമറിച്ചത്?

2018 ലോകകപ്പിലെ അര്‍ജന്‍റീനയുടെ ദയനീയ തോല്‍വിക്ക് ശേഷമാണ് ജോര്‍ജ്ജ് സാമ്പോളിയുടെ കൈയില്‍ നിന്ന് ലയണല്‍ സ്കലോണിയെന്ന 40കാരന്‍ താല്‍ക്കാലികമായി അര്‍ജന്‍റീനയുടെ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്, അധികം വൈകാതെ തന്നെ ആ താക്കോല്‍സ്ഥാനം അര്‍ജന്‍റീന സ്ഥിരപ്പെടുത്തി.

പ്രതാപകാലത്തിന്‍റെ ലെഗസിയില്‍ പന്തുതട്ടുന്ന അര്‍ജന്‍റീനയും, മെസിയെന്ന ഭ്രമണപഥത്തിന് ചുറ്റും മാത്രം വലം വെക്കുന്ന പത്ത് കളിക്കാരും എന്നതായിരുന്നു അര്‍ജന്‍റീനയുടെ സമവാക്യം, ആ നിര്‍മിതികളെ തന്നെയാണ് സ്കലോണിയും സംഘവും പൊളിച്ചെഴുതിയത്. പരിശീലകരായി പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ നാല് പേര്‍ അര്‍ജന്‍റൈന്‍ ഫുട്ബോളിനെ മാറ്റിമറിക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല.

ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ വശ്യചാരുതയും പന്തുകൊണ്ടുള്ള കവിതയുമൊന്നുമായിരുന്നില്ല സ്‍കലോണിയുടെയും സംഘത്തിന്‍റെയും രീതി, എതിരാളികളെ പഠിച്ച് കളിക്കുക എന്നതായിരുന്നു ആ കോച്ചിങ് ടീമിന്‍റെ രീതി. ആദ്യം തോല്‍ക്കാതിരിക്കുക, പിന്നീട് ഗോൾ അടിക്കുക, വിജയിക്കുക എന്ന തലത്തിലേക്ക് സ്കലോണി ടീമിനെ ഹോംവര്‍ക്ക് ചെയ്തെടുത്തു. അങ്ങനെ ജയിക്കാനായി മാത്രം കളിക്കുന്ന 11 പേര്‍ മൈതാനങ്ങളില്‍ രൂപപ്പെട്ടു. അതിനായി ടീമിന്റെ സ്ഥിരം രീതികളെയും താരങ്ങളെയുമെല്ലാം വെട്ടിയും തിരുത്തിയും സ്കലോണി പൊളിച്ചു വാർത്തു. 2018 ലോകകപ്പ് കളിച്ചവരില്‍ ആറ് പേരെ മാത്രം നിലനിർത്തി യൂറോപ്പിലേക്കും ലാറ്റിനമേരിക്കയിലേക്കും അയാള്‍ സഞ്ചരിച്ചു, ഒരു പുതിയ താരനിരയെത്തന്നെ കണ്ടെത്തി.

4-4-2 എന്ന ഫോർമേഷനിൽ മധ്യനിരയില്‍ കളി കൊണ്ടുവന്ന് എതിരാളികളെ ഗോൾ അടിക്കാൻ നിരന്തരം പ്രലോഭിപ്പിച്ച് അര്‍ജന്‍റൈന്‍ ഹാഫിലേക്ക് ക്ഷണിക്കുന്നതായിരുന്നു സ്കലോണിയുടേയും കൂട്ടരുടേയും രീതി, ഈ വലയില്‍ കുരുങ്ങുന്ന എതിര്‍ടീമുകള്‍ യാഥാര്‍ഥ്യം മനസിലാക്കുന്നതിന് മുമ്പ് തന്നെ അതിവേഗ കൌണ്ടറുകള്‍ ഉണ്ടാകും. അതേ സമയം തുടരെ പ്രെസ്സിങ്ങ് ഗെയിം നടത്തി 4-3-3 ഫോർമേഷനിൽ അറ്റാക്കിങ്ങും സ്കലോണി പരീക്ഷിച്ചുകൊണ്ടേയിരുന്നു. അവിടെ നിന്നാണ് അര്‍ജന്‍റീന ജയിക്കാന്‍ പഠിക്കുന്ന ടീമായി മാറിയത്. ഈ ലോകകപ്പിനെത്തുമ്പോള്‍ തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ അര്‍ജന്‍റീനയുടെ റിസല്‍റ്റ് ഷീറ്റില്‍ തോല്‍വിയെന്ന വാക്കേ ഉണ്ടായിരുന്നില്ല. പിന്നീട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൌദിയോട് തോറ്റതൊഴിച്ചാല്‍ വീണ്ടും അജയ്യരായി ഫൈനലിലേക്ക്, അവിടെ നിന്ന് കിരീടത്തിലേക്കും

പാബ്ലോ അയ്മർ

2018 ലോകകപ്പ് തോല്‍വിയില്‍ നിരാശനായ മെസ്സി ബൂട്ടഴിക്കാന്‍ തീരുമാനിക്കുന്നയന്ന് അത്തരമൊരു സാഹചര്യത്തിൽ മെസ്സിയോട് അരുതെന്ന് പറയാന്‍ അധികാരമുള്ള ഒരേയൊരു മനുഷ്യനയേ സ്കലോണിക്ക് അറിയുമായിരുന്നുള്ളൂ, അതായിരുന്നു പാബ്ലോ അയ്മര്‍. മറഡോണക്ക് ശേഷം അർജൻ്റീന ടീമിൻ്റെ മുഖമായിരുന്ന താരം. അറ്റാക്കിങ് മിഡിലെ മിടുമിടുക്കന്‍. ഞാൻ മോഹിച്ച ഒരേയൊരു ജേഴ്സിയും കളിക്കാൻ ആഗ്രഹിച്ച ശൈലിയും അയ്മറിൻ്റെതാണെന്ന് മെസ്സി ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്. സ്കലോണിക്ക് അറിയാമായിരുന്നു അയ്മറിൻ്റെ വാക്കുകൾ മെസ്സിക്ക് തള്ളാനാകില്ലെന്ന്. വ്യക്തിഗത പ്രകടനത്തിനപ്പുറം ടീമിൻ്റെ പേസ് നിയന്ത്രിക്കുന്ന കളിയെ രൂപകൽപ്പന ചെയ്തതിന് പിന്നെലെ തലച്ചോര്‍ അയ്മറിന്‍റേതാണ്. ഡിപോളും, പരാഡസും ലോസെൽസോയുമെല്ലാം ഐമറിന്റെ കണ്ടെത്തലാണ്.

വാൾട്ടർ സാമുവൽ

സ്കലോണി മുഖ്യപരിശീലകനായി ചാർജ് എടുത്ത ശേഷം കോച്ചിങ് സ്റ്റാഫിലേക്ക് ആദ്യം ആഡ് ചെയ്തതത് തൻ്റെയൊപ്പം പണ്ട് സെന്‍റര്‍ ബാക്കായി പന്തുതട്ടിയിട്ടുള്ള വാൾട്ടർ സാമുവലിനെയാണ്. ടീമിന്‍റെ പ്രതിരോധനിരയെ ഉറപ്പുള്ളതാക്കി കെട്ടിപ്പടുക്കുന്നതില്‍ ആ കോംബോ മനോഹരമായി വിജയിച്ചു.

റോബോർട്ടോ അയാള

ഒരുകാലത്ത് അർജൻ്റീനിയൻ ഡിഫൻസിൻ്റെ നെടുന്തൂണായിരുന്നു അയാള എന്ന നീളൻ മുടിക്കാരൻ. ഫീൽഡിൽ സ്കലോണിയോടൊപ്പം ഒരു നിഴലിനെപ്പോലെ പണിയെടുക്കുന്ന കഠിനാധ്വാനിയായ അയാളയെ എപ്പോഴും കാണാം. ടീമിൻ്റെ ടെക്നിക്കൽ സൈഡാണ് റൊബോര്‍ട്ടോ അയാളുടെ പ്രധാന മേഖല. വാള്‍ട്ടർ സാമുവലിന്‍റെയും റോബർട്ടോ അയാളയുടേയും കണ്ടെത്തലാണ് ക്രിസ്റ്റ്യൻ റോമേറോയും ലിസാൻഡ്രോ മാർട്ടിനസും.

അര്‍ജന്‍റീനയെന്ന ടീമിനെ പരിശീലിപ്പിക്കാനുള്ള ദൌത്യം ഏറ്റെടുക്കുമ്പോള്‍ ലയണൽ സ്കലോണി കൂടെക്കൂട്ടിയ എല്ലാവരും തന്നെ അയാളറിഞ്ഞ, അല്ലെങ്കില്‍ അയാളെ ഏറ്റവും നന്നായി അറിയുന്ന ആളുകളായിരുന്നു. വാൾട്ടർ സാമുവേലും പാബ്ളോ അയ്മറും സ്കലോണിക്കൊപ്പം 97ലെ അണ്ടർ 20 ലോകകിരീടം നേടിയവരാണെങ്കില്‍ റോബര്‍ട്ടോ അയാള 2006 ലോകകപ്പ് ടീമില്‍ സ്കലോണിക്കൊപ്പം കളിച്ച താരമാണ്.

വെറും മൂന്ന് വര്‍ഷത്തെ ഇന്‍റര്‍നാഷണല്‍ കരിയറും ഏഴ് കളികളുടെ മാത്രം പരിചയസമ്പത്തും, പരിശീലകനെന്ന നിലയില്‍ പറയത്തക്ക മേല്‍വിലാസവുമൊന്നുമില്ലാത്ത, മെസ്സിയുടെ തന്നെ റൊസാരിയോയില്‍ ജനിച്ച ലയണല്‍ സ്കലോണിയെന്ന കിങ്മേക്കറാണ് ചിതറിക്കിടന്ന അര്‍ജന്‍റീനയെ ചെസില്‍ കരുക്കള്‍ നീക്കുന്നതിലും മനോഹരമയി ഫുട്ബോള്‍ കളിക്കാന്‍ പഠിപ്പിച്ചത്.

പറയാന്‍ ഭൂതകാലത്തിന്‍റെ ഏടുകള്‍ മാത്രമുള്ള ചിന്നിച്ചിതറിക്കിടന്ന ഒരു സാമ്രാജ്യത്തെയാണ് മൂന്ന് പേരെ ഒപ്പം കൂട്ടി, ലോകം ഭരിക്കാനുള്ള ഒരുപിടി പടയാളികളെയും തയ്യാറാക്കി, അയാള്‍ ഫുട്ബോള്‍ ലോകത്തെ വന്‍ശക്തികളെ നോക്കി വെല്ലുവിളിച്ചത്. അങ്ങനെ കാല്‍വെച്ച വന്‍കരകളെല്ലാം മെസ്സിയെന്ന രാജകുമാരനെ മുന്‍നിര്‍ത്തി അര്‍ജന്‍റീന കൈയ്യടക്കുമ്പോള്‍ ഈ കഥയിലെ നായകന്‍ അയാളാണ്. അർജൻറീനക്കായി മൂന്ന് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പുകൾ നേടിക്കൊടുത്ത 44 കാരൻ ലയണല്‍ സെബാസ്റ്റ്യന്‍ സ്കലോണി.

2006ല്‍ ജര്‍മനിയോട് തോറ്റ് ലോകകപ്പില്‍ നിന്ന് അര്‍ജന്‍റീന പുറത്താകുമ്പോള്‍ സൈഡ് ബഞ്ചിലിരുന്ന് മെസ്സിക്കൊപ്പം കണ്ണീര്‍വാര്‍ത്ത അതേ സ്കലോണി. അയാള്‍ കഴിഞ്ഞ ദിവസം ഒരിക്കല്‍ കൂടി വിതുമ്പിക്കരയുന്നുണ്ടായിരുന്നു, അതുപക്ഷേ തോറ്റവന്‍റെ കരച്ചിലായിരുന്നില്ല, ലോകം മുഴുവന്‍ കീഴടക്കിയ ഒരു ടീമിന്‍റെ അണിയറയിലെ അമരക്കാരന്‍റെ 16 കൊല്ലത്തെ കാത്തിരിപ്പിന്‍റെ പൂര്‍ണതയായിരുന്നു.


TAGS :

Next Story