Quantcast

നാണംകെട്ട് ബാഴ്സ; ഒസാസുനയോട് ഞെട്ടിക്കുന്ന തോല്‍വി

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഒസാസുന കറ്റാലന്മാരെ തകര്‍ത്തത്

MediaOne Logo

Web Desk

  • Updated:

    2024-09-29 03:58:51.0

Published:

29 Sep 2024 3:53 AM GMT

നാണംകെട്ട് ബാഴ്സ; ഒസാസുനയോട് ഞെട്ടിക്കുന്ന തോല്‍വി
X

ലാലിഗയില്‍ കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ച് ഒസാസുന. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒസാസുനയുടെ ജയം. ഒസാസുനക്കായി ആന്‍റേ ബുഡിമിർ ഇരട്ട ഗോൾ കണ്ടെത്തി. ബ്രയാൻ സരഗോസയും ആബേൽ ബ്രെന്റോൺസുമാണ് മറ്റ് സ്‌കോറർമാർ. ബാഴ്‌സക്കായി പോ വിക്റ്ററും ലാമിൻ യമാലുമാണ് വലകുലുക്കിയത്.

ഒസാസുനയുടെ തട്ടകമായ എൽ സദറിൽ വച്ചരങ്ങേറിയ പോരാട്ടത്തിൽ ഒസാസുന തന്നെയാണ് ആദ്യം വലകുലുക്കിയത്. 18ാം മിനിറ്റിൽ സരഗോസയുടെ മനോഹരമായൊരു ക്രോസിന് തലവച്ച് ബുഡിമിർ ബാഴ്‌സയെ ഞെട്ടിച്ചു. പത്ത് മിനിറ്റിനകം സരഗോസയുടെ ഗോളെത്തി. മൈതാന മധ്യത്ത് നിന്ന് പന്ത് പിടിച്ചെടുത്ത് ഇബാനെസ് നീട്ടി നൽകിയ അളന്നു മുറിച്ച പാസിനെ വലയിലെത്തിക്കാൻ സരഗോസക്ക് അധികം പണിപ്പെടേണ്ടി വന്നില്ല.

ഒന്നാം പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഒസാസുന മുന്നിൽ. രണ്ടാം പകുതിയാരംഭിച്ച് പത്ത് മിനിറ്റിനുള്ളിൽ ബാഴ്‌സ വലകുലുക്കി. ഒസാസുന ഗോളിയുടെ വലിയ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. 53 ാം മിനിറ്റില്‍ പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് വിക്ടർ ഉതിർത്ത ദുർബലമായ ഷോട്ട് അനായാസം തട്ടിയകറ്റാമായിരുന്നെങ്കിലും ഗോളിക്കായില്ല. 58ാം മിനിറ്റിലാണ് കറ്റാലന്മാരുടെ യങ് സെൻസേഷൻ ലമീൻ യമാലിനെ ഹാൻസി ഫ്‌ളിക്ക് കളത്തിലിറക്കുന്നത്.

72ാം മിനിറ്റിൽ ഗോൾമുഖത്തേക്ക് കുതിച്ച ബുഡിമറിനെ പെനാൽട്ടി ബോക്‌സിൽ വീഴ്ത്തിയതിന് ഡൊമിങ്വസിന് മഞ്ഞക്കാർഡ്. ഒസാസുനക്ക് പെനാൽട്ടി. ബുഡിമർ പിഴവുകളില്ലാതെ പന്ത് വലയിലാക്കി. 85ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് ആബേൽ ബ്രെന്റോൺസ് തൊടുത്ത തകർപ്പൻ ഷോട്ട് വലയിൽ ചുംബിച്ചതോടെ ബാഴ്‌സയുടെ പെട്ടിയിലെ അവസാന ആണിയടിക്കപ്പെട്ടു. 89ാം മിനിറ്റിൽ ഒരു ലോങ് റേഞ്ചറിലൂടെ യമാൽ ഒസാസന വലകുലുക്കിയെങ്കിലും കറ്റാലന്മാരെ രക്ഷിക്കാൻ അത് പോരായിരുന്നു. തോറ്റെങ്കിലും 21 പോയിന്റുമായി പോയിന്റ് പട്ടികയിൽ ബാഴ്‌സ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒരു കളി കുറവ് കളിച്ച റയൽ മാഡ്രിഡ് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മാഡ്രിഡ് ഡെർബിയിൽ അത്‌ലറ്റിക്കോയെ തകർത്താൽ കറ്റാലന്മാരുമായുള്ള പോയിന്റ് വ്യത്യാസം റയലിന് ഒന്നായി കുറക്കാം.

TAGS :

Next Story