ഏകദിനത്തില്‍ ഇന്നിതുവരെ പിറന്നത് 10 ഡബിള്‍ സെഞ്ച്വറികള്‍; അതില്‍ ഏഴും നേടിയത് ഇന്ത്യക്കാര്‍
റിച്ചാര്‍ഡ്സിന്‍റെ 189ഉം സഈദ് അന്‍വറിന്‍റെ 194ഉം ചാള്‍സ് കവന്‍ട്രിയുടെ 194ഉം കണ്ടവര്‍ 200 എന്ന മാന്ത്രിക സംഖ്യ ഏകദിന ക്രിക്കറ്റില്‍ മനുഷ്യസാധ്യമല്ലെന്ന് തന്നെ വിശ്വസിച്ചതാണ്. എന്നാല്‍ അത് 'ദൈവം' തന്നെ പിന്നീട് തിരുത്തുകയായിരുന്നു...
ശുഭ്മാന്‍ ഗില്‍
ഹൈദരാബാദ്: ഒരുകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് അപ്രാപ്യമായ ഒരു നേട്ടമാണെന്നാണ് ലോകം കരുതിയിരുന്നത്. 1987ല്‍ റിച്ചാര്‍ഡ്സിന്‍റെ 189ഉം 1997ല്‍ സഈദ് അന്‍വറിന്‍റെ 194ഉം 2009ല്‍ ചാള്‍സ് കവന്‍ട്രിയുടെ 194ഉം കണ്ടവര്‍ 200 എന്ന മാന്ത്രിക സംഖ്യ ഏകദിന ക്രിക്കറ്റില്‍ മനുഷ്യസാധ്യമല്ലെന്ന് തന്നെ വിശ്വസിച്ചതാണ്. എന്നാല്‍ അത് 'ദൈവം' തന്നെ പിന്നീട് തിരുത്തുകയായിരുന്നു.
2010 ഫെബ്രുവരി 24, ഗ്വാളിയാറിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ഇന്നിങ്സിലെ 49ആം ഓവറിലെ മൂന്നാം പന്ത്, സ്‌ട്രൈക്കറുടെ എന്‍ഡില്‍ 'ക്രിക്കറ്റ് ദൈവം' സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. വൈഡ് ഓഫ് സ്റ്റമ്പില്‍ ലാങ്വെല്‍റ്റ് എറിഞ്ഞ ഓവര്‍ പിച്ച് ഡെലിവറി പോയിന്‍റിലേക്ക് തട്ടിയിട്ട് സച്ചിന്‍ അന്ന് ഓടിക്കയറിയയത് ചരിത്രത്തിലേക്കായിരുന്നു... 200 എന്ന മാന്ത്രിക സംഖ്യ ഇനിമുതല്‍ മനുഷ്യസാധ്യമാണെന്ന് കൂടി ആ 'ദൈവം' പറഞ്ഞുവെച്ചു.
അതിന് ശേഷമാണത്രെ പുരുഷ ഏകദിന ക്രിക്കറ്റില്‍ 200 എന്ന വ്യക്തിഗത സ്കോര്‍ പിറന്നുതുടങ്ങിയത്. സച്ചിന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതിന് ശേഷം ഒന്‍പത് തവണയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 പിറന്നിട്ടുള്ളത്. സച്ചിന്‍റേതുള്‍പ്പെടെ പത്ത് ഇരട്ട സെഞ്ച്വറികള്‍. ഇതില്‍ ഏഴെണ്ണവും നേടിയത് ആകട്ടെ ഇന്ത്യന്‍ ബാറ്റര്‍മാരും. ഇതില്‍ മൂന്ന് ഇരട്ട സെഞ്ച്വറി സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് ബുക്കില്‍ മുന്നിലുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.
സച്ചിന് ശേഷം ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ആദ്യം 200ലെത്തുന്നത്. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു അത്. 2013ല്‍ ശ്രീലങ്കക്കെതിരെ ഇരട്ടസെഞ്ച്വറി നേട്ടവുമായി രോഹിത് ശര്‍മയും ഡബിള്‍ സെഞ്ച്വറി ക്ലബിലെത്തി. 2014ല്‍ ലോകറെക്കോര്‍ഡ് നേട്ടവുമായി രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തി. ശ്രീലങ്കക്കെതിരെ 264 റണ്‍സാണ് രോഹിത് ശര്‍മ ഒറ്റക്കടിച്ചെടുത്തത്.
അതിന് ശേഷമാണ് ഇന്ത്യക്ക് പുറത്തേക്ക് ഡബിള്‍ സെഞ്ച്വറി പോകുന്നത്. 2015 ഫെബ്രുവരി 24ന് വെസ്റ്റിന്‍ഡീസിന്‍റെ ക്രിസ് ഗെയിലാണ് ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യക്ക് പുറത്തു നിന്നുള്ള ആദ്യ താരം. പിന്നീട് അതേവര്‍ഷം തന്നെ ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഡബിള്‍ സെഞ്ച്വറി നേട്ടത്തിലെത്തിയ മറ്റൊരു താരം. വെസ്റ്റിന്‍ഡീസിനെതിരെ 237 റണ്‍സാണ് ഗപ്റ്റില്‍ അടിച്ചെടുത്തത്. പിന്നീട് 2017ല്‍ രോഹിത് ശര്‍മ തന്‍റെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേട്ടത്തിലെത്തി.
അതിന് ശേഷം പാകിസ്താന്‍റെ ഫഖര്‍ സമാന്‍ 2018ല്‍ സിംബാബ്വേക്കെതിരെ ഡബിളടിച്ചു. പിന്നീട് കഴിഞ്ഞ വര്‍ഷമവസാനം ഇന്ത്യയുടെ ഇഷാന്‍ കിഷനാണ് ഇരട്ട സെഞ്ച്വറി ക്ലബിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം. ബംഗ്ലാദേശിനെതിരെയായിരുന്നു കിഷന്‍റെ പ്രകടനം. ഇപ്പോഴിതാ ശുഭ്മാന്‍ ഗില്ലും ഇരട്ടസെഞ്ച്വറിയുമായി ഈ നിരയിലെ ഇന്ത്യന്‍ ആധിപത്യം ഊട്ടിയുറപ്പിച്ചു.
ഒരു മാസവും എട്ട് ദിവസവും, വീണ്ടും ഇന്ത്യന്‍ ഡബിള്‍ സെഞ്ച്വറി
ശുഭ്മാൻ ഗില്ലിന്റെ ഇരട്ടസെഞ്ച്വറി ഇന്ത്യക്ക് നൽകിയത് പിടിച്ചാൽ കിട്ടാത്ത ആത്മവിശ്വാസം. ഒരു മാസത്തിനിടെ ഇന്ത്യൻ ബാറ്റർമാർ നേടിയത് രണ്ട് ഇരട്ട സെഞ്ച്വറികൾ. ടീം ഇന്ത്യക്ക് ഇതിൽപരം ആനന്ദത്തിന് ഇനി എന്ത് വേണം? അതും ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കാനിരിക്കെ. ഇഷാൻ കിഷന്‍ ഡബിള്‍ സെഞ്ച്വറി നേട്ടത്തിലെത്തി കൃത്യം ഒരു മാസവും എട്ട് ദിവസവും പിന്നിടുമ്പോഴാണ് ശുഭ്മാൻ ഗില്ലിലൂടെ മറ്റൊരു ഇരട്ട സെഞ്ച്വറി നേട്ടം ഇന്ത്യയിലേക്കെത്തുന്നത്. രോഹിത് ശർമ്മയുടെ പകരക്കാരനായാണ് ഇഷാൻ കിഷൻ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഓപ്പണറുടെ റോളിലെത്തി എല്ലാവരെയും അമ്പരപ്പിച്ചത്.
കിഷന്റെ ഇരട്ട സെഞ്ച്വറിക്ക് വിശേഷണങ്ങൾ അനവധിയായിരുന്നു. വേഗതയേറിയ ഇരട്ടസെഞ്ച്വറിയാണ് കിഷൻ അടിച്ചെടുത്തത്. അതും 126 പന്തുകളിൽ നിന്ന്. ബംഗ്ലാദേശ് പന്തേറുകാരിൽ അന്ന് തല്ല് കൊള്ളാത്തവരായും ഉണ്ടായിരുന്നില്ല. 138 പന്തിൽ ക്രിസ് ഗെയിൽ നേടിയ ഇരട്ട സെഞ്ച്വറിയാണ് കിഷൻ തല്ലിക്കൂട്ടി മൂലക്കലാക്കിയത്. 131 പന്തിൽ 210 റൺസാണ് അന്ന് കിഷൻ അടിച്ചുകൂട്ടിയത്. 24 ഫോറുകളും 10 സിക്‌സറുകളും ആ ഇന്നിങ്‌സിനെ മനോഹരമാക്കി. അന്ന് ഇന്ത്യ നേടിയതാകട്ടെ 227 റൺസിന്റെ പടുകൂറ്റൻ വിജയവും.
ആ സെഞ്ച്വറി പിറന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് ശുഭ്മാൻ ഗിൽ നാല് വട്ടം കാണികൾക്ക് നേരെ ബാറ്റ് ഉയർത്തിയത്. 208 റൺസാണ് ഗിൽ അടിച്ചെടുത്തത്. 149 പന്തുകളാണ് ഗിൽ നേരിട്ടത്. പത്തൊമ്പത് ഫോറും ഒമ്പത് സിക്‌സറുകളും ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നു. അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ നേടിയത്. അതേസമയം ഇന്ത്യക്ക് വേണ്ടി ഇരട്ടസെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ബാറ്ററാണ് ഗിൽ. രോഹിത് ശർമ്മ, സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവരാണ് ഇന്ത്യക്ക് ഡബിൾ സെഞ്ച്വറി നേടിയ മറ്റു ബാറ്റർമാർ. ഇതിൽ രോഹിത് ശർമ്മ മൂന്ന് വട്ടം ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തിലെ ഉയർന്ന വ്യക്തിഗത സ്‌കോറും രോഹിത് ശർമ്മയുടെ പേരിലാണ്. മറ്റുള്ളവരെല്ലാം ഒരോ തവണയാണ് ഇരട്ട സെഞ്ച്വറി തികച്ചത്.
Adjust Story Font
16