Quantcast

സിംഗപ്പൂര്‍ ഗോള്‍കീപ്പറുടെ അക്കൗണ്ടിലേക്ക് ചൈനക്കാർ അയച്ചത് ലക്ഷങ്ങൾ!! കാരണമിതാണ്

കഴിഞ്ഞ ദിവസം ചൈന ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    16 Jun 2024 3:40 AM GMT

സിംഗപ്പൂര്‍ ഗോള്‍കീപ്പറുടെ അക്കൗണ്ടിലേക്ക് ചൈനക്കാർ അയച്ചത് ലക്ഷങ്ങൾ!! കാരണമിതാണ്
X

'പ്ലീസ്... ഇനി എന്റെ അക്കൗണ്ടിലേക്ക് ആരും പണം അയക്കരുത്' സിംഗപ്പൂർ ഗോൾകീപ്പർ ഹസൻ സുന്നിയുടേതാണീ കുറിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹസന്റെ അക്കൗണ്ടിലേക്ക് വ്യാപകമായി പണമയക്കുകയാണ് ചൈനീസ് ഫുട്‌ബോൾ ആരാധകർ. കഴിഞ്ഞ ദിവസമാണ് ചൈന ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. ചൈനീസ് ഫുട്‌ബോൾ ആരാധകരെ ഇത് ആവേശക്കൊടുമുടിയേറ്റി. ചൈനയുടെ ലോകകപ്പ് യോഗ്യതയും സിംഗപ്പൂർ ഗോൾകീപ്പർ ഹസൻ സുന്നിയും തമ്മിലെന്താണ് ബന്ധം?

ചൈനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് വർണമേകിയത് ഹസൻ കൂടിയാണെന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസമരങ്ങേറിയ സിംഗപ്പൂർ തായ്‌ലന്റ് മത്സരം ചൈനയുടെ മൂന്നാം റൗണ്ട് പ്രവേശത്തിന് ഏറെ നിർണായകമായിരുന്നു. വലിയ മാർജിനിൽ തായ്‌ലന്റ് സിംഗപ്പൂരിനെ തോൽപ്പിച്ചാൽ ചൈനയുടെ സ്വപ്‌നങ്ങൾ അസ്തമിക്കും എന്നുറപ്പ്. തായ്ലന്‍റ് അവസാന റൗണ്ടിലേക്ക് മുന്നേറും.

എന്നാൽ മത്സരത്തിലുടനീളം സിംഗപ്പൂർ ഗോൾകീപ്പർ ഹസൻ സുന്നി നടത്തിയ മിന്നും പ്രകടനം തായ്‌ലന്റിനെ വമ്പൻ വിജയത്തിൽ നിന്നകറ്റി. 3-1 നാണ് തായ്‌ലന്റ് സിംഗപ്പൂരിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ മൂന്നിലേറെ ഗോളുകൾ വഴങ്ങുമായിരുന്ന സിംഗപ്പൂരിനെ വമ്പൻ തോൽവിയിൽ നിന്ന് രക്ഷിച്ചത് 40 കാരൻ ഗോള്‍കീപ്പര്‍ ഹസനാണ്. തായ്‌ലന്റ് കളിക്കാരുടെ ഗോളെന്നുറപ്പിച്ച 11 ഷോട്ടുകളാണ് ഹസൻ തടഞ്ഞിട്ടത്. ഇതോടെ തായ്‌ലന്റ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്തായി. ഇത് ചൈനക്ക് മൂന്നാം റൗണ്ടിലേക്കുള്ള വഴി തുറന്നു. ഇതോടെ സിംഗപ്പൂർ ഫുട്‌ബോൾ ടീമിനും ഹസനും നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ നിരവധി ചൈനീസ് ആരാധകരാണ് രംഗത്തെത്തിയത്.

ഹസനും ഭാര്യയും ചേർന്ന് സിംഗപ്പൂരിൽ ഒരു റസ്റ്റോറണ്ട് നടത്തുന്നുണ്ട്. സിഗപ്പൂർ തായ്‌ലന്റ് മത്സര ശേഷം ഈ റസ്‌റ്റോറണ്ടിലേക്ക് ചൈനക്കാരുടെ കുത്തൊഴുക്കാണ്. ചൈനീസ് റസ്‌റ്റോറണ്ട് റിവ്യൂ ആപ്പുകളിൽ പോലും ഹസന്റെ ഈ കുഞ്ഞു റസ്‌റ്റോറണ്ട് ഒന്നാമതെത്തി. ഇതിനിടെ റസ്‌റ്റോറണ്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ചിലർ കടയിലെ ക്യു.ആർ കോഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് പിന്നീട് ചൈനയിൽ നിന്ന് ഹസന്റെ അക്കൗണ്ടിലേക്ക് പണമയച്ചത്.

ഇത് പോലൊരു അനുഭവം തനിക്ക് മുമ്പൊന്നുമുണ്ടായിട്ടില്ലെന്ന് ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ ഇതിനിടയിൽ ഹസന്റേത് എന്ന പേരിൽ മറ്റു ചില വ്യാജ ക്യു.ആർ കോഡുകളും പ്രചരിച്ചതോടെ ചൈനീസ് ആരാധകരോട് ഇനി തന്റെ അക്കൗണ്ടിലേക്ക് പണമയക്കരുത് എന്ന അഭ്യർത്ഥനയുമായി ഹസൻ രംഗത്തെത്തി. ചൈനീസ് ആരാധകരുടെ ഫുട്‌ബോളിനോടുള്ള അടങ്ങാത്ത പ്രണയത്തെ വാനോളം പുകഴ്ത്താനും ഹസൻ മറന്നില്ല,

TAGS :

Next Story