Quantcast

''നിങ്ങൾ പറഞ്ഞത് കോഹ്ലി കേൾക്കണ്ട''; സൈമൺ ഡൂളിന് വായടപ്പൻ മറുപടിയുമായി ശ്രീശാന്ത്

''2019 ൽ ന്യൂസിലന്‍റ് ഭാഗ്യത്തിന്റെ പുറത്താണ് ഫൈനലിൽ കയറിയത്''

MediaOne Logo

Web Desk

  • Updated:

    2023-09-29 12:36:14.0

Published:

29 Sep 2023 12:34 PM GMT

Sreesanth
X

നാളുകള്‍ക്ക് മുമ്പാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ന്യൂസിലന്റ് താരവും കമന്റേറ്ററുമായ സൈമൺ ഡൂൾ രംഗത്തെത്തിയത്. ഇന്ത്യക്ക് നിർഭയമായി ക്രിക്കറ്റ് കളിക്കാൻ അറിയില്ലെന്നും കണക്കുകൾക്കും ശരാശരിക്കും വേണ്ടിയാണ് അവർ കളിക്കുന്നത് എന്നുമാണ് ഡൂൾ പറഞ്ഞത്. ഇപ്പോളിതാ ഡൂളിന് വായടപ്പൻ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ എസ്.ശ്രീശാന്ത്. ഡൂൾ പറഞ്ഞത് വിരാട് കോഹ്ലി കേൾക്കണ്ടെന്നും അറിഞ്ഞാൽ അത് വലിയ തമാശയായി പോവുമെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്.

''ന്യൂസിലന്റ് ഇന്ത്യയിലെത്തട്ടെ, ഇന്ത്യക്ക് അക്രമിച്ച് കളിക്കാൻ അറിയുമോ ഇല്ലയോ എന്നൊക്കെ അപ്പോൾ അവർ അറിയും. 2019 ൽ അവർ ഭാഗ്യത്തിന്റെ പുറത്താണ് ഫൈനലിൽ കയറിയത്. ഫൈനലിൽ ഇംഗ്ലണ്ടിന് മുന്നിൽ എത്തിയപ്പോൾ തോറ്റ് പോയി. ന്യൂസിലന്റ് ഈ ലോകകപ്പ് ഉയർത്താൻ പോവുന്നില്ല. സൈമൺ ഡൂൾ പറഞ്ഞത് വിരാട് കോഹ്ലി കേൾക്കേണ്ട.. അത് വലിയ തമാശയായി പോവും. ന്യൂസിലാന്റിനെ ലോകകപ്പിൽ ഇന്ത്യ തകർത്തെറിയും എന്ന കാര്യത്തിൽ സംശയമില്ല. ചരിത്രത്തിൽ ചില കളികളിൽ നിങ്ങൾ ഞങ്ങളെ തോൽപ്പിച്ചിട്ടുണ്ടാവാം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ"- ശ്രീശാന്ത് പറഞ്ഞു. സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്‍റെ പ്രതികരണം.

സ്പോര്‍ട് കീഡക്ക് വേണ്ടി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ലോകകപ്പ് ഇലവനെ നാളുകള്‍ക്ക് മുമ്പ് ശ്രീശാന്ത് തെരഞ്ഞെടുത്തിരുന്നു. ശ്രീശാന്തിന്റെ ടീമിൽ ശ്രീശാന്ത് സ്വന്തം പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ ഒറ്റ ഏകദിന ലോകകപ്പിൽ മാത്രം കളിച്ച ശ്രീശാന്തിന് അത്ര മികച്ച പ്രകടനമൊന്നും ടീമിനായി പുറത്തെടുക്കാനായിട്ടില്ല. എന്നിട്ടും താരം ടീമിൽ സ്വന്തം പേരെഴുതിച്ചേർത്തതിനെ ട്രോളി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ സമകാലികരായ കളിക്കാരിൽ നിന്നാണ് ഭൂരിപക്ഷം കളിക്കാരേയും ശ്രീശാന്ത് ഓൾ ടൈം ഇലവനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1983 ൽ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ടീമില്‍ നിന്ന് നായകൻ കപിൽ ദേവൊഴികെ മറ്റാരും ശ്രീശാന്തിന്റെ ഇലവനില്‍ ഇടംപിടിച്ചിട്ടില്ല‍. കപിൽ ദേവ് നായകനാവുന്ന ടീമിൽ നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുമാണ് ഓപ്പണർമാർ.

ശ്രീശാന്തിന്റെ ഓൾ ടൈം ഏകദിന ലോകകപ്പ് ഇലവൻ

രോഹിത് ശർമ, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി,സൗരവ് ഗാംഗുലി, യുവരാജ് സിങ്, എം.എസ് ധോണി(വിക്കറ്റ് കീപ്പര്‍) കപിൽദേവ് (ക്യാപ്റ്റന്‍) ഹർഭജൻ സിങ്, അനിൽ കുംബ്ലേ, സഹീർ ഖാൻ, എസ്.ശ്രീശാന്ത്, പ്രഗ്യാൻ ഓജ (12ാമൻ)

TAGS :

Next Story