Quantcast

ടി20 ഓൾ റൗണ്ടർ റാങ്കിങ്; ജഡേജയേക്കാൾ മുകളിൽ കോഹ്ലി

ടി20 കരിയറിൽ 2.4 ഓവർ മാത്രം എറിഞ്ഞ കോഹ്ലിയുടെ സമ്പാദ്യം വെറും ഒരു വിക്കറ്റാണ്

MediaOne Logo

Web Desk

  • Updated:

    2024-07-04 10:37:12.0

Published:

4 July 2024 10:15 AM GMT

Virat Kohli
X

ടി20 ലോകകപ്പ് കിരീട നേട്ടത്തിന്റെ ആഘോഷാരവങ്ങളിലാണ് ടീം ഇന്ത്യ. ദിവസങ്ങൾക്ക് മുമ്പാണ് ദക്ഷിണാഫ്രിക്കയെ തകർത്ത് രോഹിത് ശർമയും സംഘവും വിശ്വകിരീടത്തിൽ മുത്തമിട്ടത്. പ്രഥമ ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വിശ്വകിരീടത്തിൽ മുത്തമിടുന്നത്. ലോകകപ്പ് നേട്ടത്തോടെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച മൂന്ന് ഇതിഹാസങ്ങൾ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളാണ് പടിയിറക്കം പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ഇവരെ കുറിച്ച വളരെ രസകരമായ ചില കണക്കുകൾ ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഓൾ റൗണ്ടർമാരുടെ പട്ടികയിൽ എണ്ണപ്പെടുന്ന രവീന്ദ്ര ജഡേജ വിരമിക്കുന്ന സമയത്ത് സൂപ്പർ താരം വിരാട് കോഹ്ലിയേക്കാൾ റാങ്കിങ്ങിൽ താഴെയാണ് . ടി20 കരിയറിൽ 74 മത്സരങ്ങളിൽ ഓൾറൗണ്ടറുടെ റോളിൽ ടീമിൽ കളിച്ച ജഡേജ 54 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കുന്ന സമയത്ത് ഓൾറൗണ്ടർമാരുടെ ടി20 റാങ്കിങ്ങിൽ ജഡേജയുടെ സ്ഥാനം 86 ആണ്. 45 പോയിന്റാണ് ജഡേജയുടെ സമ്പാദ്യം.

അതേ സമയം ടി20 കരിയറിൽ 2.4 ഓവർ മാത്രം എറിഞ്ഞ കോഹ്ലി ഫിനിഷ് ചെയ്തത് 79ാം റാങ്കിലാണ്. കരിയറിൽ ആകെ ഒരു വിക്കറ്റ് മാത്രം പോക്കറ്റിലുള്ള കോഹ്ലിക്ക് 49 പോയിന്റാണുള്ളത്. ബാറ്റിങ്ങിന്റേയും ബോളിങ്ങിന്റേയും ആകെയുള്ള കണക്കുകളെ വിലയിരുത്തിയാണ് ഓൾ റൗണ്ടർമാരുട റാങ്കിങ് തീരുമാനിക്കുന്നത്. വിരാട് കോഹ്ലി ടി20 ക്രിക്കറ്റിൽ 125 മത്സരങ്ങളിൽ നിന്ന് 4118 റൺസ് നേടിയിട്ടുണ്ട്. അതേ സമയം ജഡേജ 54 വിക്കറ്റുകൾ നേടിയിട്ടുണ്ടെങ്കിലും 515 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതാണ് കോഹ്ലിയെ ജഡേജയേക്കാൾ മുന്നിലെത്തിച്ചത്.

ലോകകപ്പ് കലാശപ്പോരിന് ശേഷം പുറത്ത് വന്ന പുതുക്കിയ റാങ്കിങ് പട്ടികയിൽ ഓള്‍ റൗണ്ടർമാരില്‍ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പിൽ നടത്തിയ മിന്നും പ്രകടനമാണ് പാണ്ഡ്യക്ക് റാങ്കിങ്ങിൽ വൻകുതിപ്പുണ്ടാക്കിയത്. കലാശപ്പോരില്‍ മൂന്ന് വിക്കറ്റുമായി നിര്‍ണായക പ്രകടനവും പാണ്ഡ്യ പുറത്തെടുത്തിരുന്നു.

TAGS :

Next Story