എളുപ്പമായിരുന്നില്ല; പിടിച്ചു വാങ്ങിയതാണ് നമ്മളീ കിരീടം
കെൻസിങ്ടൺ ഓവൽ ഗാലറിയിലേക്ക് തുടരെ സിക്‌സുകൾ പായുമ്പോൾ ടെലിവിഷൻ സ്‌ക്രീനുകൾക്ക് മുന്നിൽ കോടിക്കണക്കിന് മനുഷ്യർ നിശബ്ദമായിരുന്നിട്ടുണ്ടാവും
നീണ്ട 17 വർഷങ്ങൾ. ഇനിയുമേറെക്കാലം കാത്തിരിക്കാൻ നമുക്കാകുമായിരുന്നില്ലല്ലോ. ഇതിനേക്കാൾ മനോഹരമായാ വിശ്വ കിരീടത്തിൽ മുത്തമിടുന്നതെങ്ങനെയാണ്. അക്‌സർ പട്ടേലിന്റെ പതിനഞ്ചാം ഓവറിൽ എല്ലാം തീർന്നെന്ന് കരുതിയതല്ലേ നമ്മൾ. സർവസംഹാരിയായി ഹെൻഡ്രിച്ച് ക്ലാസൻ മൈതാനത്ത് നിറഞ്ഞാടുമ്പോൾ ഉള്ളു പതറിപ്പോയതല്ലേ. കെൻസിങ്ടൺ ഓവൽ ഗാലറിയിലേക്ക് തുടരെ സിക്‌സുകൾ പായുമ്പോൾ ടെലിവിഷൻ സ്‌ക്രീനുകൾക്ക് മുന്നിൽ കോടിക്കണക്കിന് മനുഷ്യർ നിശബ്ദമായിരുന്നിട്ടുണ്ടാവും. പക്ഷേ ആ കളിയെ ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും ചേർന്ന് 141 കോടി മനുഷ്യർക്കായി, അവരുടെ സ്വപ്നങ്ങള്‍ക്കായി തിരിച്ചു പിടിച്ചു.
ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, മാർകോ ജാൻസൺ.. ക്ലാസൻ കൂടാരം കയറുമ്പോഴും ദക്ഷിണാഫ്രിക്കൻ ഡഗ്ഗൗട്ടിന് പ്രതീക്ഷകളേറെയായിരുന്നു. പക്ഷേ ആ പ്രതീക്ഷകളിലേക്കാണ് ഭീതിയുടെ കനൽ പടർത്തി ബുംറയുടെ വേഗപ്പന്തുകൾ പാഞ്ഞത്. ഒടുവിൽ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കക്ക് സർവം നഷ്ടമായി.
ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി എടുത്ത ക്യാച്ചൊന്ന് മതിയാവും രോഹിതിന്റെ കളിക്കൂട്ടം എത്രമേൽ ആ കിരീടം ആഗ്രഹിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ. കലാശപ്പോരിലെ ഏറ്റവും മനോഹര നിമിഷം. കൈവിട്ട് പോകുമായിരുന്ന ആ കളിയെ വിട്ട് കൊടുക്കാതെ അയാള്‍ തന്‍റെ കൈവെള്ളയിലൊതുക്കി ഓടിയെത്തിയത് രോഹിത് ശര്‍മക്കരികിലേക്കാണ്. ഫീല്‍ഡ് അമ്പയര്‍മാര്‍ അത് വിക്കറ്റാണെന്ന് ഉറപ്പിക്കും വരെ ആ വലിയ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു ഗാലറി. ഒരുവേള ആ പന്ത് ഗാലറിയിൽ തൊട്ടിരുന്നെങ്കിലോ. സമ്മർദത്തിന്റെ കൊടുമുടി കയറിയ ആരാധകർ ഒരു വിശ്വകിരീടത്തിന്റെ വില നൽകുമാ ക്യാച്ചിന്. അവസാന പന്തെറിഞ്ഞ് തീർന്നതും ഹർദിക് പാണ്ഡ്യ കൈകുത്തി നിലത്തിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വിരാട് കോഹ്‍ലിക്ക് നിയന്ത്രണം നഷ്ടമായത് പോലെ തോന്നി. രോഹിത് ശർമ മുഖം പൊത്തിക്കരഞ്ഞു. ഒരൽപ്പം വൈകിയെങ്കിലും കാലം അയാൾക്കായി കാത്തു വച്ച നീതിയാണല്ലോ ഈ കിരീടം.
ജസ്പ്രീത് ബുംറ.. ആ മനുഷ്യന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ബാറ്റര്‍മാരുടെ ശവപ്പറമ്പുകളായ അമേരിക്കന്‍ പിച്ചുകളില്‍ അയാളില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ പാതിവഴിയിലുപേക്ഷിക്കേണ്ടി വന്നേനെ നമുക്കീ സ്വപ്നങ്ങള്‍. മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്കാരം അയാള്‍ക്കല്ലാതെ മറ്റാര്‍ക്ക് കൊടുത്താലും അത് നീതിയാവില്ലായിരുന്നു. സമീപ കാല ചരിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബോളര് ആരാണെന്ന ചോദ്യത്തിന് ഇപ്പോള്‍ നമുക്ക് ഉത്തരമൊന്നേയുള്ളൂ. ജസ്പ്രീത് ജസ്ബീര്‍ സിങ് ബുംറ. ദ റിയല്‍ ഗോട്ട്.
വിരാട് കോഹ്‍ലി. കലാശപ്പോര് വരെ പരാജയപ്പെട്ടൊരു മനുഷ്യനെ വീണ്ടും വീണ്ടും ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്നതെന്തിനാണ് ചോദിച്ചവരുണ്ടായിരുന്നില്ലേ ക്രിക്കറ്റ് ലോകത്ത്. രണ്ട് തവണ സംപൂജ്യനായി മടങ്ങിയൊരാള്‍. ഫൈനലിന് തൊട്ട് മുമ്പ് രണ്ടേ രണ്ട് തവണയാണ് അയാളുടെ ബാറ്റില്‍ നിന്ന് രണ്ടക്കം പിറന്നത്. ഓപ്പണിങ്ങില്‍ ഓപ്ഷനുകള്‍ പലതും അപ്പോഴും ബെഞ്ചിലിരിപ്പുണ്ടായിരുന്നു. പക്ഷേ കോഹ്ലിയെ പോലൊരു ബിഗ് ഗെയിം പ്ലെയറെ മാറ്റിപ്പരീക്ഷിക്കാന്‍ ഇന്ത്യ ഒരുക്കമായിരുന്നില്ല. 'ഫൈനലില്‍ അയാള്‍ നിങ്ങള്‍ക്കായി ചിലത് കരുതി വച്ചിട്ടുണ്ട്..'' രോഹിത് ശര്‍മ മത്സരത്തിന് തൊട്ടു മുമ്പ് പറഞ്ഞതിങ്ങനെയാണ്. ഒടുവില്‍ രോഹിതിന്‍റെ വാക്കുകള്‍ അച്ചട്ടായി. നേരിട്ട ആദ്യ രണ്ട് പന്തുകളെ ബൗണ്ടറിയിലേക്കയച്ചാണ് അയാൾ ഇക്കുറി നിലപാട് പ്രഖ്യാപ്പിച്ചത്.
കേശവ് മഹാരാജിന്റെ രണ്ടാം ഓവറിൽ രോഹിതും പന്തും പുറത്താവുമ്പോൾ വലിയൊരു അപകട മുനമ്പിലായിരുന്നു ഇന്ത്യ. പക്ഷെ കോഹ്ലി വീഴാനൊരുക്കമായിരുന്നില്ല. അഞ്ചാം ഓവറിൽ സൂര്യയും മടങ്ങിയതോടെ കലാശപ്പോരിൽ ഒരിക്കൽ കൂടി നമ്മള്‍ കലമുടക്കുകയാണോ എന്ന് ആരാധകരുടെ മനസ്സ് ചോദിച്ചിട്ടുണ്ടാവും. ആ സന്ദർഭത്തിൽ അക്‌സർ പട്ടേൽ അഞ്ചാമനായി അവതരിക്കുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടാവുമോ. പിന്നെ കെൻസിങ്ടൺ ഓവൽ കണ്ടത് അയാൾ കൊഹിലിക്കൊപ്പം രക്ഷക വേഷം കെട്ടിയാടുന്നതാണ്. കോഹ്ലിയും അക്‌സറും ചേർന്ന് നാലാം വിക്കറ്റിൽ ചേർത്ത 75 റൺസിന്റെ കൂട്ടുകെട്ടാണ് ഈ കളിയിൽ ഏറ്റവും നിർണായകമായത്. കോഹ്ലി ഒരൽപ്പം സൂക്ഷ്മമതയോടെയാണ് കളിച്ചതെങ്കിൽ അക്‌സർ ഇടക്കിടെ കൂറ്റനടികളുമായി കളം നിറഞ്ഞു. നിർണായകമായ 47 റൺസ് സ്‌കോർബോർഡിൽ ചേർത്ത ശേഷമാണ് അക്‌സർ മടങ്ങിയത്.
പിന്നെ ശിവം ദൂബേയും ഊഴമായിരുന്നു. അത് വരെ കേൾപ്പിച്ച പഴികളൊക്കെ അയാൾ കലാശപ്പോരൊന്ന് കൊണ്ട് കഴുകിക്കളഞ്ഞു. 16 പന്തില്‍ 27. ആ ഘട്ടത്തില്‍ അതൊരു ക്രൂഷ്യല്‍ ഇന്നിങ്സ് തന്നെയായിരുന്നു. അഞ്ചാം വിക്കറ്റില്‍ അയാള്‍ കോഹ്‍ലിക്കൊപ്പം ചേര്‍ത്തത് 57 റണ്‍സാണ്. ഒടുവില്‍ 19 ാം ഓവറില്‍ ഇന്ത്യയെ സുരക്ഷിത തീരമണച്ച ശേഷം കോഹ്ലിയും വീണു. 59 പന്തിൽ 76.. രണ്ട് പടുകൂറ്റൻ സിക്‌സുകൾ. 6 ബൗണ്ടറികൾ. കഗിസോ റബാഡയടക്കം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വേഗപ്പന്തുകാരെ കണക്കിന് പ്രഹരിച്ചാണ് അയാള്‍ ഡഗ്ഗൌട്ടിലേക്ക് മടങ്ങിയത്. ഒടുവില്‍ തന്നെ എഴുതിത്തള്ളിയവർക്ക് മുന്നിലയാള്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും കയ്യില്‍ പിടിച്ച് എഴുന്നേറ്റ് നിന്നു. ഉടന്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനവും. പടിയിറങ്ങാന്‍ ഇതിനേക്കാള്‍ മനോഹരമായൊരു നിമിഷം വേറെയുണ്ടാവുമോ.
എത്ര കടങ്ങള്‍ തീര്‍ത്താണ് നമ്മള്‍ കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്തത്. ഇത്രയും ആവേശകരമായൊരു ലോകകപ്പ് ക്യാമ്പയിന്‍ മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയെ തകര്‍ക്കാന്‍ ഞങ്ങളെക്കാള്‍ മികച്ചൊരു ടീമില്ല. അഫ്ഗാനോട് തോറ്റ് നില്‍ക്കുമ്പോഴും ഏകദിന ലോകകപ്പ് കലാശപ്പോരിന്‍റെ ഓര്‍മകളിലായിരുന്നു മിച്ചല്‍ മാര്‍ഷ്. ഓവര്‍ കോണ്‍ഫിഡന്‍സിന്‍റെ അറ്റത്ത് നിന്നാണയാളത് പറഞ്ഞത്. രോഹിത് ശര്‍മ ആദ്യം ഒടിച്ച് കയ്യില്‍ കൊടുത്തത് കങ്കാരുക്കളുടെ അഹങ്കാരത്തിന്‍റെ ആ കൊമ്പാണ്. കഴിഞ്ഞ ലോകകപ്പില്‍ നമ്മളേറ്റുമുട്ടിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നോര്‍മയുണ്ടോ.. ഇക്കുറി ഭൂതകാലമോര്‍പ്പിച്ചെത്തിയത് ഇംഗ്ലണ്ടാണ്. ജോസ് ബട്ലറുടെ കടം മുതലും പലിശയുമടക്കം തിരിച്ച് കൊടുത്തു രോഹിത്. ഒടുവില്‍ ഒറ്റ കളി പോലും തോല്‍ക്കാതെയെത്തിയ ആ പടയോട്ടത്തിന് മനോഹരമായൊരു അന്ത്യം. അതെ രോഹിതിനേക്കാള്‍ ആ കിരീടം അര്‍ഹിച്ച മറ്റാരുമുണ്ടായിരുന്നില്ലല്ലോ.
Adjust Story Font
16