ടി20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്താന്‍ നീക്കം
ഐസിസി തീരുമാനത്തെ ബിസിസിഐ പിന്തുണച്ചതായാണ് വിവരം
ടി20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്താൻ നീക്കം. ബിസിസിഐ ഇതിന് അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന. ഐപിഎൽ രണ്ടാംഘട്ടം യുഎഇയിലേക്കു മാറ്റിയതിനു പിറകെയാണ് ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന്റെ ആതിഥ്യവും ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. ടൂർണമെന്റ് ഇന്ത്യയിൽ നടത്താനാകില്ലെന്ന സൂചന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകിക്കഴിഞ്ഞു. ഐസിസി യോഗത്തിലാണ് ഇക്കാര്യം ഭാരവാഹികൾ അറിയിച്ചത്.
ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ടൂർണമെന്റ് പുറത്തേക്ക് മാറ്റാൻ തീരുമാനമായിരിക്കുന്നത്. നേരത്തെ തന്നെ യുഎഇയെയായിരുന്നു ഐസിസി പരിഗണിച്ചിരുന്നത്. ഇതോടൊപ്പമാണ് ഒമാനിലെ സൌകര്യം കൂടി ഉപയോഗിക്കാന്‍ ആലോചിക്കുന്നത്. യുഎഇയിലെ അബൂദബി, ദുബൈ, ഷാർജ സ്‌റ്റേഡിയങ്ങൾക്കു പുറമെ നാലാമത്തെ വേദിയായി ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ രാജ്യാന്തര സ്റ്റേഡിയത്തെയാണ് പരിഗണിക്കുന്നത്.
ഈ വർഷം ഒക്ടോബറിലാണ് ടൂർണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം പറയാൻ ബിസിസിഐ നാല് ആഴ്ച സമയം ചോദിച്ചിട്ടുണ്ട്. പരമാവധി ഇന്ത്യയിൽ തന്നെ നടത്താനാണ് ഇന്ത്യൻ ക്രിക്കറ്റ് സമിതി ശ്രമിക്കുന്നത്. അതേസമയം, യുഎഇയിലും ഒമാനിലും ടൂർണമെന്റ് സംഘടിപ്പിക്കുന്നതിന് വിയോജിപ്പില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലാണ് ടി20 ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഓസ്‌ട്രേലിയയിൽ കേസുകൾ കൂടുതലായതിനാൽ ആതിഥ്യം ബിസിസിഐ ഏറ്റെടുക്കുകയായിരുന്നു.
Adjust Story Font
16