ഗോൾഡൻ തജീന്ദർ; ഷോട്ട്പുട്ടിലും ഇന്ത്യയ്ക്ക് സ്വർണത്തിളക്കം
2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും തജീന്ദർപാൽ തൂർ സ്വർണം നേടിയിരുന്നു
തജീന്ദര്‍പാല്‍ സിങ് തൂര്‍
ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് തൂർ ആണ് ഇന്ത്യൻ മെഡൽപട്ടികയിലേക്ക് ഒരു സ്വർണംകൂടി സമ്മാനിച്ചത്. നേരത്തെ അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാശ് സാബ്ലെ റെക്കോർഡോടെ സ്വർണം സ്വന്തമാക്കിയിരുന്നു.
2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും തജീന്ദർപാൽ തൂറിനായിരുന്നു ഷോട്ട്പുട്ട് സ്വർണം. പർദുമാൻ സിങ് ബ്രാർ, ജോഗിന്ദർ സിങ്, ബഹാദുർ സിങ് ചൗഹാൻ എന്നിവർക്കുശേഷം ഏഷ്യൻ ഗെയിംസ് മെഡൽ നിലനിർത്തുന്ന നാലാമത്തെ ഇന്ത്യൻ ഷോട്ട്പുട്ടറായിരിക്കുകയാണു താരം.
ആദ്യത്തെ ഏറിൽ 20 മീറ്റർ കടന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. രണ്ടാമത്തെ ശ്രമം വിഫലമായി. മൂന്നാമത്തെ ശ്രമത്തിൽ 19.51 മീറ്റർ കുറിച്ചു. ഒടുവിൽ നാലാമത്തെ ഏറിൽ 20.06 മീറ്റർ കുറിച്ചാണ് സ്വർണമണിഞ്ഞത്.
എട്ട് മിനിറ്റും 19 സെക്കൻഡും എടുത്താണ് നേരത്തെ അവിനാശ് സ്റ്റീപ്പിൾചേസ് ഫിനിഷ് ചെയ്തത്. ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്റ്റീപ്പിൾചേസ് വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് താരം. മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാശ് സ്വർണ മെഡൽ നേട്ടത്തിലേക്ക് ഓടിക്കയറിയത്.
Summary: Asian Games 2023: Tajinderpal Singh Toor wins Gold in men's shot put event
Adjust Story Font
16