ടോക്യോ ഒളിംപിക്സിലെ നാലാം സ്ഥാനക്കാര്‍ക്ക് ആള്‍ട്രോസ് സമ്മാനമായി നല്‍കുമെന്ന് ടാറ്റാ
ടോക്യോ ഒളിംപിക്സിൽ നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായ കായിക താരങ്ങൾക്ക് 'ആൾട്രോസ്' കാർ സമ്മാനമായി നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്സ്. നാലാം സ്ഥാനം ലഭിച്ചവർക്കാണ് കാർ ലഭിക്കുക. അവരുടെ പ്രകടന മികവിനുള്ള അംഗീകാരത്തിന് പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് ഹൈ സ്ട്രീറ്റ് ഗോൾഡ് കളർ മോഡലാകും ലഭിക്കുക.
ഗോൾഫ് താരം അതിഥി അശോക്, ഗുസ്തി താരം ബജ്രങ് പുനിയ തുടങ്ങിയവരാണ് വ്യക്തിഗത ഇനത്തിൽ നാലാം സ്ഥാനത്തെത്തിയവർ. വനിത ഹോക്കി ടീമും നാലാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റ് ബ്രിട്ടനോട് 3-4നോടായിരുന്നു വനിത ടീമിന്‍റെ പരാജയം. 2024ലെ പാരീസ് ഒളിംപിക്സിന് തയാറെടുക്കുന്ന താരങ്ങൾക്ക് പ്രചോദമാകുന്നതിനാണ് ഈ പ്രഖ്യാപനമെന്ന് കമ്പനി പറഞ്ഞു.
'ടോക്യോ ഒളിംപിക്സിൽ വെങ്കലം നഷ്ടപ്പെട്ട എല്ലാ ഇന്ത്യൻ കായിക താരങ്ങൾക്കും നന്ദി സൂചകമായി ആൾട്രോസ് -ഗോൾഡ് സ്റ്റാൻഡേർഡ് സമ്മാനിക്കുന്നതിൽ സന്തോഷമുണ്ട്. അവർക്ക് ഒരു മെഡൽ ലഭിച്ചില്ലായിരിക്കാം. എന്നാൽ ലക്ഷക്കണക്കിന് ഹൃദയങ്ങൾ കവരാനും കോടിക്കണക്കിന് പേർക്ക് പ്രചോദനമാകാനും കഴിഞ്ഞു' -ടാറ്റാ മോട്ടോഴ്സ് ട്വീറ്റ് ചെയ്തു.
Adjust Story Font
16