ദ്യോകോവിച്ചിന്‍റെ കലണ്ടര്‍ സ്ലാം സ്വപ്നങ്ങള്‍ പൊലിഞ്ഞു; യു.എസ് ഓപ്പണില്‍ ഡാനിയല്‍ മെദ്‍വദേവിന്‍റെ കന്നിമുത്തം
ദ്യോകോവിച്ചിന്‍റെ എല്ലാ ചരിത്ര നേട്ടത്തിനും മുകളില്‍ വന്‍മതില്‍ തീര്‍ത്ത് ഡാനിയല്‍ മെദ്‍വദേവ് എന്ന 25 കാരന്‍ നെഞ്ചുവിരിച്ച് നിന്നു...
യു.എസ് ഓപ്പണ്‍ പുരുഷ കിരീടം റഷ്യന്‍ താരം ഡാനിയല്‍ മെദ്‍വദേവിന്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‍വദേവ് കന്നി കിരീടം ചൂടിയത്. ഫൈനലിലെ തോല്‍വിയോടെ ദ്യോകോവിച്ചിന്‍റെ കലണ്ടര്‍ സ്ലാം സ്വപ്നങ്ങളാണ് പൊലിഞ്ഞത്. കിരീടം നേടിയിരുന്നെങ്കില്‍ കലണ്ടര്‍ സ്ലാം നേടുന്ന മൂന്നാമത്തെ പുരുഷ താരമെന്ന നേട്ടം നൊവാക് ദ്യോകോവിച്ചിനെ തേടിയെത്തിയേനെ, ഒപ്പം കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും. എന്നാല്‍ എല്ലാ ചരിത്ര നേട്ടത്തിനും മുകളില്‍ വന്‍മതില്‍ തീര്‍ത്ത് ഡാനിയല്‍ മെദ്‍വദേവ് എന്ന 25 കാരന്‍ നെഞ്ചുവിരിച്ച് നിന്നു. ഒടുവില്‍ രണ്ടാം യു.എസ് ഓപ്പൺ ഫൈനൽ മാത്രം കളിക്കുന്ന മെദ്വദേവിന് മുന്നില്‍ തലകുനിച്ച് ദ്യോകോവിച്ച് മടങ്ങി.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡാനിയല്‍ മെദ്‍വദേവിന്‍റെ അട്ടിമറി വിജയം. സ്കോര്‍ ( 6-4, 6-4, 6-4 ). ഒന്നാം സെറ്റിൽ അവിശ്വസനീയമായ കൃത്യതയോടെ റാക്കറ്റ് വീശിയ മെദ്വദേവ് ദ്യോക്കോവിച്ചിനെ ചിത്രത്തിലേ ഇല്ലാതാക്കിയിരുന്നു. എട്ട് ഏസുകൾ ഉതിർത്ത മെദ്വദേവ് 6-4 ന് ആദ്യ സെറ്റ് സ്വന്തമാക്കി മത്സരത്തിന്‍റെ ഫലസൂചന ആദ്യം തന്നെ വ്യക്തമാക്കി. ടൂർണമെന്‍റിൽ ഉടനീളം സമാനമായ രീതിയിൽ ആദ്യ സെറ്റ് കൈവിട്ട ദ്യോക്കോവിച്ചിന്‍റെ തിരിച്ചുവരവ് പ്രതീക്ഷിച്ച കാണികള്‍ക്ക് പക്ഷേ വിരുന്നൊരുക്കിയത് മെദ്വദേവ് ആയിരുന്നു.
രണ്ടാം സെറ്റിലെ ആദ്യ സർവീസിൽ 40-0 ൽ നിന്നു മൂന്ന് ബ്രേക്ക് പോയിന്‍റുകള്‍ രക്ഷപെടുത്തിയ മെദ്വദേവ് തുടർന്ന് ബ്രേക്ക് പോയിന്‍റ് സൃഷ്ടിക്കുകയും ചെയ്തു. മത്സരത്തിനിടയില്‍ നിരാശ സഹിക്ക വയ്യാതെ ദ്യോക്കോവിച്ച് റാക്കറ്റ് നിലത്ത് അടിച്ചു തകർക്കുന്നതും കാണാമായിരുന്നു. രണ്ടാം സെറ്റിലും ബ്രേക്ക് പോയിന്‍റ് കണ്ടത്തിയ മെദ്വദേവ് 6-4 നു രണ്ടാം സെറ്റും സ്വന്തമാക്കി. ഒടുവില്‍ ദ്യോക്കോവിച്ചിന്‍റെ ചരിത്രനേട്ടത്തിനുമേല്‍ റഷ്യന്‍ യുവതാരത്തിന്‍റെ അട്ടിമറി വിജയത്തിന് ഒരുസെറ്റ് മാത്രം ദൂരമായി.
മൂന്നാം സെറ്റിൽ ദ്യോക്കോവിച്ചിന്‍റെ ആദ്യ സർവീസ് ബ്രേക്ക് ചെയ്ത മെദ്വദേവ് ദ്യോക്കോവിച്ചിനു മേൽ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. തുടർന്ന് ഒരിക്കൽ കൂടി ബ്രേക്ക് നേടിയ മെദ്വദേവ് 4-0 ന് മൂന്നാം സെറ്റിൽ മുന്നിലെത്തി. എന്നാൽ 5-2 എന്ന നിലയിൽ സർവീസ് ചെയ്യാൻ തുനിഞ്ഞ മെദ്വദേവിനെ അസഹിഷ്ണുത ഉച്ഛസ്ഥായിലെത്തിയ ദ്യോക്കോവിച്ച് ആരാധകര്‍ കൂവലോടെയാണ് സ്വീകരിച്ചത്. എങ്കിലും സര്‍വീസ് എടുത്ത് ചാമ്പ്യൻഷിപ്പ് പോയിന്‍റ് സ്വന്തമാക്കാന്‍ റഷ്യൻ താരത്തിന് ആയി. എന്നാൽ കാണികളുടെ കൂവലുകൾക്ക് മുന്നിൽ ഇടക്ക് പകച്ചുപോയ മെദ്വദേവ് ഡബിള്‍ ഫൌള്‍ട്ട് വരുത്തിയപ്പോൾ മത്സരത്തിൽ ആദ്യമായി ജ്യോക്കോവിച്ച് ബ്രേക്ക് നേടി. പക്ഷേ കൂവലുകൾക്കിടയിലും മികച്ച സർവീസിലൂടെ 6-4ന് സെറ്റ് ജയിച്ചു കയറിയ മെദ്വദേവ് തന്‍റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി.
ചരിത്രത്തിലെ ഏറ്റവും മഹാനായ താരം ദ്യോക്കോവിച്ച് ആണെന്നായിരുന്നു മത്സരശേഷം മെദ്വദേവിന്‍റെ പ്രതികരണം. ചരിത്ര നേട്ടത്തിൽ നിന്ന് ദ്യോക്കോവിച്ചിനെ തടഞ്ഞതിൽ താരത്തിനോടും അദ്ദേഹത്തിന്‍റെ ആരാധകരോടും ക്ഷമ ചോദിക്കാനും റഷ്യൻ താരം മറന്നില്ല. രണ്ടാം വിവാഹ വാർഷികത്തിന്‍റെ വേളയില്‍ കിരീടം ഭാര്യക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞു.
അതേസമയം ചരിത്രനേട്ടത്തിനരികെ വീണതിന്‍റെ നഷ്ടബോധത്തില്‍ കണ്ണീരണിഞ്ഞ മുഖവുമായാണ് എത്തിയെങ്കിലും ചിരിച്ചു കൊണ്ടാണ് ദ്യോക്കോവിച്ച് രണ്ടാം സ്ഥാനത്തിനുള്ള കിരീടം ഏറ്റുവാങ്ങിയത്.
മികച്ച താരത്തിനോടാണ് ഇന്ന് പരാജയപ്പെട്ടതെന്ന് പറഞ്ഞ ദ്യോക്കോവിച്ച് ഗ്രാന്‍ഡ് സ്ലാം കിരീടത്തിനു ഏറ്റവും അർഹതയുള്ള ആൾ മെദ്വദേവ് ആണെന്നും കൂട്ടിച്ചേർത്തു. ഫൈനല്‍ പോരാട്ടത്തെ തന്‍റെ കരിയറിലെ അവസാന മത്സരമായാണ് കാണുന്നതെന്നും തന്‍റെ ആത്മാവും ശരീരവും എല്ലാം അതിനായി സമര്‍പ്പിക്കുമെന്നായിരുന്നു ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ദ്യോകോവിച്ച് പറഞ്ഞത്.
Adjust Story Font
16