'എന്റെ അടുത്ത തമാശ...' മോദി ഏകാധിപതിയല്ലെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് മാർട്ടിന നവ്‌രതിലോവ
അമിത് ഷായെ പരിഹസിച്ച് മാർട്ടിന; ഏറ്റെടുത്ത് ട്രോളന്മാർ
നരേന്ദ്രമോദി ഏകാധിപതിയല്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നിസ് ഇതിഹാസം മാർട്ടിന നവ്‌രതിലോവ. മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രധാനമന്ത്രിയാണെന്ന അമിത് ഷായുടെ പ്രസ്താവന തനിക്ക് തമാശയായാണ് തോന്നുന്നതെന്ന് 18 ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടിയ ചെക്ക് - അമേരിക്കൻ മുൻതാരം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് അമിത് ഷായുടെ പ്രസ്താവന ഉൾക്കൊള്ളുന്ന ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് മാർട്ടിന ട്വിറ്ററിൽ പങ്കുവെച്ചത്. 'ഇനി എന്റെ അടുത്ത തമാശയ്ക്കുള്ളത്...' എന്നായിരുന്നു അവരുടെ വാക്കുകൾ. മിനുട്ടുകൾക്കുള്ളിൽ ഇത് ട്വിറ്ററിൽ തരംഗമാവുകയും ചെയ്തു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി സൻസദ് ടി.വിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ, മോദി ഏകാധിപതിയല്ലെന്ന് അഭിപ്രായപ്പെട്ടത്. മോദി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ചിലരുടെ ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുദ്ദേശിച്ചുള്ളതാണെന്നും മോദി ഒന്നും അടിച്ചേൽപ്പിക്കാറില്ലെന്നും അമിത് ഷാ പറഞ്ഞു.
'മോദിക്കൊപ്പം ജോലി ചെയ്ത അദ്ദേഹത്തിന്റെ വിമർശകരടക്കം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. മുമ്പെന്നത്തേക്കാളും മികച്ച രീതിയിൽ ജനാധിപത്യപരമായാണ് അദ്ദേഹം മന്ത്രിസഭയെ നയിക്കുന്നത്. ഏകാധിപതിയെപ്പോലെ അദ്ദേഹം പെരുമാറുന്നുവെന്ന വിമർശനത്തിൽ കഴമ്പില്ല. നോട്ട് നിരോധനം, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖ് നിരോധനം എന്നിവയൊക്കെ അദ്ദേഹമെടുത്ത ഉറച്ച തീരുമാനങ്ങളായിരുന്നു.' അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച മാർട്ടിനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിനാളുകളാണ് രംഗത്തുവന്നത്. ട്രോളന്മാരും മാർട്ടിനയുടെ ട്വീറ്റ് ഏറ്റെടുത്തു.
എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരങ്ങളിലൊരാളായി അറിയപ്പെടുന്ന മാർട്ടിന 18 ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടങ്ങളും 31 മേജർ ഡബിൾസ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പൺ ഇറയിൽ ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങളുള്ള കളിക്കാരിയായ അവർ 332 ആഴ്ചകളിൽ ലോക ഒന്നാം നമ്പർ താരമായിരുന്നു. സിംഗിൾസിലും ഡബിൾസിലും 200-ലേറെ ആഴ്ച ഒന്നാം സ്ഥാനത്തു തുടർന്ന ഏക കളിക്കാരിയും അവരാണ്.
കരിയറിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ താരം ലിയാണ്ടർ പേസിനൊപ്പം മിക്‌സഡ് ഡബിൾസിനായി ഒന്നിച്ച മാർട്ടിന 10 മിക്‌സഡ് ഡബിൾസ് ഗ്രാന്റ്സ്ലാം നേട്ടങ്ങളിൽ പങ്കാളിയായി.
Adjust Story Font
16