വനിതാ ടെന്നിസ് താരത്തെ ഹോട്ടല്‍ മുറിയില്‍ നിന്ന് അറസ്റ്റു ചെയ്തു; ഫ്രഞ്ച് ഓപണിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം
പതിനൊന്നു വർഷമായി കളിക്കളത്തിൽ ഉള്ള താരമാണ് സിസികോവ
പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ഒത്തുകളി ആരോപണത്തിൽ റഷ്യൻ താരം യാന സിസികോവയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിനിടെ ഡബ്ൾസ് മത്സരത്തിൽ താരം ഒത്തുകളിച്ചു എന്നാണ് ആരോപണം. ഇത്തവണ ഒന്നാം റൗണ്ടിൽ തന്നെ സിസികോവ ഉൾപ്പെട്ട സഖ്യം ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.
സിസികോവ-മാഡിസൻ ബ്രെംഗിർ സഖ്യവും റുമാനിയൻ താരങ്ങളായ ആൻഡ്രിയ മിട്ടു-പാട്രിഷ്യ മാരി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി ആരോപണം ഉയർന്നത്. 7-6(8), 6-4നാണ് സഖ്യം തോറ്റത്. ഒക്ടോബറിലാണ് കളിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്.
താരം അറസ്റ്റിലായതായി റഷ്യൻ-ഫ്രഞ്ച് ടെന്നിസ് ഫെഡറേഷനുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടൽ മുറിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പതിനൊന്നു വർഷമായി കളിക്കളത്തിൽ ഉള്ള താരമാണ് സിസികോവ. ഡബ്ൾസിൽ ഇവർ 101-ാം റാങ്കുകാരിയാണ്. കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം യൂറോ പിഴയുമാണ് താരത്തെ കാത്തിരിക്കുന്നത്.
Adjust Story Font
16