Quantcast

''ഏറെ സങ്കടകരമാണിത്, ഇനി എല്ലാം ദൈവത്തിന്‍റെ കയ്യില്‍''; വൈകാരിക കുറിപ്പുമായി നെയ്മര്‍

കഴിഞ്ഞ ദിവസം യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നെയ്മറിന്‍റെ ഇടതു കാലിന് പരിക്കേറ്റിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-19 11:42:46.0

Published:

19 Oct 2023 11:39 AM GMT

neymar out from copa america
X

ഫുട്ബോള്‍ ലോകത്ത് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ പരിക്ക് പിന്തുടര്‍ന്നത് പോലെ മറ്റൊരു താരത്തെയും പിന്തുടര്‍ന്ന് കാണില്ല. 2014 ല്‍ ബ്രസീലില്‍ വച്ചരങ്ങേറിയ ലോകകപ്പില്‍ കൊളംബിയന്‍ താരം ഇവാന്‍ സുനിഗ ഫൗൾ ചെയ്ത് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ശേഷം പിന്നീട് കൃത്യമായ ഇടവേളകളില്‍ താരത്തെ പരിക്കിന്‍റെ ദുര്‍ഭൂതം വേട്ടയാടിക്കൊണ്ടേയിരുന്നു. പി.എസ്.ജി യിലും ബാഴ്സയിലുമായിരിക്കെ പലവുരു പരിക്കിന്‍റെ പിടിയില്‍ പെട്ട് താരത്തിന് പുറത്തിരിക്കേണ്ടി വന്നു. ഖത്തര്‍ ലോകകപ്പിനിടേയും സൂപ്പര്‍ താരത്തിന് പരിക്കേറ്റിരുന്നു.

ഇപ്പോഴിതാ വീണ്ടും നെയ്മറിനെ പരിക്ക് പിടികൂടിയിരിക്കുന്നു. കഴിഞ്ഞ ദിവസം യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സൂപ്പര്‍ താരത്തിന്‍റെ ഇടതുകാലിന് പരിക്കേറ്റു. പന്തുമായി കുതിച്ചു കൊണ്ടിരിക്കെ യുറുഗ്വേൻ താരത്തിന്റെ ഫൗളിൽ മൈതാനത്ത് തെറിച്ച് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ സംഘമെത്തി താരത്തെ ഗ്രൗണ്ടിൽ നിന്ന് നീക്കി. മത്സരശേഷം ഊന്നു വടി ഉപയോഗിച്ച് ഗ്രൌണ്ട് വിടുന്ന നെയ്മറിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലായി. താരം ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ശേഷം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ സൂപ്പര്‍ താരം വൈകാരികമായൊരു കുറിപ്പും പങ്കുവച്ചു.

''ഏറെ സങ്കടകരമായ നിമിഷമാണിത്. ഞാൻ ശക്തനാണ് എന്ന് എനിക്കറിയാം. ഈ സമയത്ത് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ടായേ തീരൂ. എല്ലാ പരിക്കിൽ നിന്നും മോചിതനായ ശേഷം നാല് മാസം കഴിഞ്ഞ് അത് വീണ്ടും ആവർത്തിക്കുന്നത് സങ്കല്‍പ്പിക്കാനാവുമോ. എനിക്കെന്നെ ഏറെ വിശ്വാസമാണ്. ദൈവത്തിൽ സർവതും ഏൽപ്പിക്കുന്നു. പിന്തുണച്ചു കൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും നന്ദി''- നെയ്മർ കുറിച്ചു.

നെയ്മറിന്റെ പരിക്ക് ബ്രസീലിയൻ ആരാധകരെ പോലെ ഇന്ത്യൻ ആരാധകരെയും നിരാശയിലാക്കി. നവംബർ ആറിന് നടക്കുന്ന എ.എഫ്.സി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ അൽ ഹിലാലിനായി നെയ്മർ കളത്തിലിറങ്ങുമോ എന്ന കാര്യം ഇനി സംശയമാണ്. പരിക്കിന്റെ കാഠിന്യമെത്രയാണെന്നോ താരം എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്നോ മെഡിക്കൽ ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


TAGS :

Next Story