അമോറിമിന്‍റെ സംഘത്തില്‍ ഇടമില്ല; നിസ്റ്റല്‍റൂയി യുണൈറ്റഡ് വിട്ടു
റൂഡ് എക്കാലവും യുണൈറ്റഡ് ഇതിഹാസങ്ങളുടെ പട്ടികയിലുണ്ടാവുമെന്ന് ടീം എക്സില്‍ കുറിച്ചു
നാല് മത്സരങ്ങൾ. മൂന്ന് ജയം, ഒരു സമനില. എറിക് ടെൻഹാഗ് ഓൾഡ് ട്രാഫോഡ് വിട്ടതിന് ശേഷം ഏറെ അതിശയകരമായിരുന്നു ഇംഗ്ലീഷ് മണ്ണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പുകൾ. ടെൻഹാഗിന്റെ ഒഴിവിൽ ഇടക്കാല പരിശീലകനായി ചുമതലയേറ്റെടുത്ത റൂഡ് വാൻ നിസ്റ്റൽറൂയിക്ക് കീഴിലായിരുന്നു യുണൈറ്റഡിന്റെ ഈ പടയോട്ടം. പോർച്ചുഗീസ് പരിശീലകൻ റൂബൻ അമോറിം പുതിയ പരിശീലകനായി ചുമതലയേറ്റെടുത്തതോടെ നിസ്റ്റൽ റൂയിയും ഓൾഡ് ട്രാഫോഡിന്‍റെ പടിയിറങ്ങുകയാണ്.
കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചതാണ് യുണൈറ്റഡ് പരിശീലകനായുള്ള നിസ്റ്റൽറൂയിയുടെ അവസാന മത്സരം. കഴിഞ്ഞ ജൂലൈയിലാണ് യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ചായി നിസ്റ്റൽറൂയി ചുമതലയേറ്റെടുത്തത്. രണ്ട് വർഷത്തെ കരാറിലായിരുന്നു മുൻ യുണൈറ്റഡ് ഇതിഹാസത്തിന്റെ നിയമനം. എന്നാൽ പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ സംഘത്തിൽ നിസ്റ്റൽറൂയിക്ക് ചുമതലകളൊന്നുമില്ല.
റൂഡ് എക്കാലവും യുണൈറ്റഡ് ഇതിഹാസങ്ങളുടെ പട്ടികയിലുണ്ടാവുമെന്ന് ടീം എക്‌സിൽ കുറിച്ചു. നിസ്റ്റൽറൂയിക്കൊപ്പം മറ്റ് മൂന്ന് ഫസ്റ്റ് ടീം പരിശീലകർ കൂടി ക്ലബ്ബ് വിടുന്നതായി ടീം അറിയിച്ചു.
Adjust Story Font
16