2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കളിച്ച താരം; ഇപ്പോൾ ബസ് ഡ്രൈവർ!
രണ്ട് ഐപിഎൽ സീസണുകളിൽ മഹേന്ദ്ര സിങ് ധോണിക്കു കീഴിൽ കളിച്ചിട്ടുണ്ട് താരം. എട്ട് മത്സരങ്ങളിൽനിന്നായി ആറു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്
2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ഏറ്റുമുട്ടിയ ശ്രീലങ്കൻ സംഘത്തിലെ താരം. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി നിരവധി മത്സരങ്ങളിൽ തിളങ്ങിയ ഓഫ്‌സ്പിന്നർ. ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മെൽബണിലെ പൊതുനിരത്തിൽ ബസ് ഓടിക്കുന്നു..!
അത്ഭുതപ്പെടേണ്ട... മുൻ ശ്രീലങ്കൻ താരം സൂരജ് റൺദീവിന്റെ ജീവിതകഥയാണിത്. ശ്രീലങ്കയ്ക്കും സിഎസ്‌കെയ്ക്കും വേണ്ടി നിരവധി കളികളിൽ തിളങ്ങിയ താരമാണ് റൺദീവ്. 12 ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും ഏഴ് ടി20കളിലും ശ്രീലങ്കൻ കുപ്പായമിട്ട താരമാണ്. ടെസ്റ്റിൽ 43ഉം ഏകദിനത്തിൽ 36ഉം ടി20യിൽ ഏഴും വിക്കറ്റുകളും താരം ചുരുങ്ങിയ മത്സരങ്ങളിൽനിന്നായി വാരിക്കൂട്ടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തം പേരിലുണ്ട്.
ഐപിഎല്ലിലും താരത്തിന്റെ പ്രകടനം അത്ര മോശമായിരുന്നില്ല. മഹേന്ദ്ര സിങ് ധോണിക്കു കീഴിൽ രണ്ട് സീസണുകളിൽ കളിച്ചിട്ടുണ്ട് റൺദീവ്. എട്ട് ഐപിഎൽ മത്സരങ്ങളിൽനിന്നായി ആറു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ, കളിക്കളം വിട്ടശേഷം ഉപജീവനത്തിനായി ബസ് ഡ്രൈവറുടെ കുപ്പായമിട്ടിരിക്കുകയാണ് താരം. ആസ്‌ട്രേലിയൻ നഗരമായ മെൽബണിലാണ് താരം ഇപ്പോൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നത്. ബസ് ഓടിക്കുന്നതിനിടയിലും കളിക്കളത്തിൽനിന്ന് മാറിനിൽക്കുന്നതിനെക്കുറിച്ച് താരത്തിന് ചിന്തിക്കാനേ കഴിയുന്നില്ല. വിക്ടോറിയയിലുള്ള ഡാൻഡെനോങ് ക്രിക്കറ്റ് ക്ലബിനു വേണ്ടി ജില്ലാതല മത്സരങ്ങളിലും ഇപ്പോഴും കളിക്കുന്നുണ്ട് റൺദീവ്. മാസങ്ങൾക്കുമുൻപ് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിൽ നടന്ന ബോർഡർ-ഗവാസ്‌ക്കർ ട്രോഫിക്കു മുന്നോടിയായി ഓസീസ് ക്രിക്കറ്റ് മാനേജ്‌മെന്റ് റൺദീവിനെ നെറ്റ് ബൗളറായും ഉപയോഗിച്ചിരുന്നുവെന്ന റിപ്പോർട്ടുമുണ്ട്.
റൺദീവിനു പുറമെ മെൽബണിൽ ബസ് വളയം പിടിക്കുന്ന വേറെയും അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുണ്ട്. മുൻ ശ്രീലങ്കൻ താരമായ ചിന്തക നമസ്‌തെ, മുൻ സിംബാബ്‌വെ താരം വാഡിങ്ടൺ വായെംഗ എന്നിവരാണ് മെൽബണിൽ ജീവിതം പുലർത്താനായി ബസ് ഓടിക്കുന്നത്.
Adjust Story Font
16