റൺമലക്ക് മുന്നിൽ വീണ് ലങ്ക; ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം
ദക്ഷിണാഫ്രിക്കന്‍ ജയം 102 റൺസിന്
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമലക്ക് മുന്നിൽ പൊരുതി വീണ് ശ്രീലങ്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 428 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കക്ക് 326 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 102 റൺസിന്റെ തകർപ്പൻ ജയമാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. ശ്രീലങ്കക്കായി അർധ സെഞ്ച്വറികൾ കുറിച്ച കുശാൽ മെൻഡിസും ക്യാപ്റ്റൻ ദസൂൻ ശനകയും പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല മറികടക്കാൻ അതൊന്നും പോരായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ജെറാൾഡ് കോയെറ്റ്‌സേ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കഗീസോ റബാഡയും കേശവ് മഹാരാജും മാർകോ ജേൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാളെടുത്തവരൊക്കെ വെളിച്ചപ്പാടായപ്പോൾ ലോകകപ്പിൽ ശ്രീലങ്കക്കെതിരെ പടുകൂറ്റൻ സ്‌കോറാണ് ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയത് . നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 428 റൺസ് അടിച്ചെടുത്തു. മൂന്ന് ബാറ്റർമാരാണ് ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി കുറിച്ചത്. ഓപ്പണർ ക്വിന്റൺ ഡീക്കോക്ക് 100 റൺസെടുത്തപ്പോൾ റസി വാൻഡർ ഡസൻ 108 റൺസും എയ്ഡൻ മാർക്രം 106 റൺസുമെടുത്തു.
അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ മുഴുവൻ കണക്കു കൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പുറത്തെടുത്തത്. രണ്ടാം ഓവറിൽ ക്യാപ്റ്റൻ ടെംപാ ബാവുമ പുറത്തായ ശേഷം ഒത്തു ചേർന്ന ഡീക്കോക്ക് വാൻഡർ ഡസൻ സഖ്യം ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. സ്‌കോർബോർഡിൽ 200 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. 84 പന്തിൽ 12 ഫോറും മൂന്ന് ഫോറും സഹിതമാണ് ഡീക്കോക്ക് 100 റൺസ് അടിച്ചെടുത്തത്. പിന്നീട് ക്രീസിലെത്തിയ എയ്ഡൻ മാർക്രമിനൊപ്പം സ്‌കോറുയർത്തിയ വാൻഡർഡസൻ 37ാം ഓവറിൽ വെല്ലലഗെക്ക് മുന്നിൽ വീണു.
എന്നാൽ വാൻഡർ ഡസൻ നിർത്തിയേടത്ത് നിന്ന് മാർക്രം തുടങ്ങുകയായിരുന്നു. വെറും 49 പന്തിലാണ് മാർക്രം സെഞ്ച്വറി തികച്ചത്. 14 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു മാർക്രമിന്റെ ഇന്നിങ്‌സ്. പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച ഹെൻഡ്രിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്‌കോർബോർഡിന് വേഗം കൂട്ടി. ഒടുക്കം 49ാം ഓവറിൽ ദക്ഷിണാഫ്രിക്ക 400 എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടു. ക്ലാസൻ 32 റൺസെടുത്തപ്പോൽ മില്ലർ 39 റൺസെടുത്ത് പുറത്താവാതെ നിന്നു.
ഒരുപിടി റെക്കോര്‍ഡുകളാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്ക മത്സരത്തില്‍ പിറവിയെടുത്തത്. ലോകകപ്പില്‍ ഒരു മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. ലോകകപ്പിലെ ഒരു മത്സരത്തില്‍ മൂന്ന് ബാറ്റര്‍മാര്‍ ടീമിനായി സെഞ്ചുറി കുറിക്കുന്നതും ഇതാദ്യമായിട്ടാണ്. ഒപ്പം ലോകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എയ്ഡന്‍ മാര്‍ക്രം തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തു
മത്സരത്തില്‍ ശ്രീലങ്കക്കായി പന്തെടുത്തവരൊക്കെ അടിവാങ്ങിക്കൂട്ടി. കസൂൻ രജിത പത്തോവറിൽ 90 റൺസ് വഴങ്ങിയപ്പോൾ പതിരാന 95 റൺസും വെല്ലലഗെ 81 റൺസുമാണ് വഴങ്ങിയത്.
Adjust Story Font
16