Quantcast

''ക്യാപ്റ്റന്‍ വരെ ആകേണ്ടയാളാണ്''; സഞ്ജുവിനോടുള്ള അവഗണനയില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

''ഏഷ്യൻ ഗെയിംസ് ടീമിൽ പോലും ഇടംലഭിക്കാൻ അർഹതയില്ലാത്തയാളാണ് സഞ്ജു എന്ന് വരുന്നത് ശരിയായ കാര്യമല്ല''

MediaOne Logo

Web Desk

  • Updated:

    2023-09-21 10:53:52.0

Published:

21 Sep 2023 10:22 AM GMT

ക്യാപ്റ്റന്‍ വരെ ആകേണ്ടയാളാണ്; സഞ്ജുവിനോടുള്ള അവഗണനയില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
X

മാസങ്ങൾക്ക് മുമ്പ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ സഞ്ജു സാംസൺ ആ ടീമിൽ ഉൾപ്പെടരുതേ എന്ന പ്രാർഥനയിലായിരുന്നു മലയാളി ക്രിക്കറ്റ് ആരാധകർ. ലോകകപ്പും ഏഷ്യൻ ഗെയിംസും ഒരേ സമയം നടക്കുന്നതിനാൽ യുവസംഘത്തെയാണ് ബി.സി.സി.ഐ ചൈനയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ടീം പ്രഖ്യാപനമെത്തിയപ്പോള്‍ ചെന്നൈ സൂപ്പർ കിങ്‌സ് ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദ് നയിക്കുന്ന സംഘത്തിൽ സീനിയർ താരങ്ങള്‍ക്കൊപ്പം സഞ്ജുവും ഉള്‍പ്പെട്ടില്ല.

ഏഷ്യന്‍ ഗെയിംസ് ടീമിൽ ഉൾപ്പെടാത്തതിനാൽ ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്ന സൂചനയാണ് ബി.സി.സി.ഐ നൽകിയതെന്നാണ് ആരാധകര്‍ മുഴുവന്‍ വിശ്വസിച്ചത്. സ്റ്റാൻഡ് ബൈ ആയെങ്കിലും ടീമിനൊപ്പം താരമുണ്ടാകുമെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ ഒരു ടീമിലും താരം ഇല്ലാത്ത അവസ്ഥയാണ്. ലോകകപ്പ് ടീമില്‍ നിന്നും ഏഷ്യാ കപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടതിന് പിറകെ ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നും സഞ്ജു പുറത്തായി. ഇപ്പോഴിതാ സഞ്ജുവിനോടുള്ള അവഗണനയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ ചോപ്ര. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലെങ്കിലും സഞ്ജുവിന് അവസരം കൊടുക്കണമായിരുന്നു എന്ന് ചോപ്ര പറഞ്ഞു.

''സഞ്ജു സാംസണെ ഏഷ്യൻ ഗെയിംസ് ടീമിൽ പോലും ഉൾപ്പെടുത്താത്തത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഏഷ്യാ കപ്പ് ടീമിൽ റിസർവ് ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ആസ്‌ത്രേലിയക്കെതിരായ പരമ്പരയിൽ ടീമിൽ നിന്നൊഴിവാക്കി. എന്നാൽ ഏഷ്യൻ ഗെയിംസ് ടീമിലെങ്കിലും അദ്ദേഹത്തെ പരിഗണിക്കണമായിരുന്നു. ഏഷ്യൻ ഗെയിംസ് ടീമിൽ പോലും ഇടംലഭിക്കാൻ അർഹതയില്ലാത്തയാളാണ് സഞ്ജു എന്ന് വരുന്നത് ശരിയായ കാര്യമല്ല. ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നതിന്റെ അരികിൽ വരെ അദ്ദേഹം എത്തിയെങ്കിൽ ഏഷ്യൻ ഗെയിംസ് ടീമിൽ അദ്ദേഹത്തിന് ഇടംലഭിക്കേണ്ടിയിരുന്നു. ക്യാപ്റ്റൻ വരെ ആകേണ്ട താരമാണ് അദ്ദേഹം''- ആകാശ് ചോപ്ര പറഞ്ഞു.

സഞ്ജുവിനോടുള്ള അവഗണനയിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ നേരത്തെ പ്രതികരിച്ചിരുന്നു. താനാണ് സഞ്ജുവിന്റെ സ്ഥാനത്തെങ്കിൽ കടുത്ത നിരാശവാനായിരിക്കുമെന്നായിരുന്നു പത്താന്റെ പ്രതികരണം. 'എക്‌സി'ലൂടെയാണ് ടീം സെലക്ഷനെതിരെ പത്താന്റെ പരോക്ഷ വിമർശനം.

ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും സഞ്ജുവിനെ നിരന്തരം തഴയുന്നതിന്റെ യുക്തി എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. മറുവശത്ത്, നിരവധി തവണ അവസരം ലഭിച്ചിട്ടും സൂര്യകുമാർ യാദവ് എല്ലാ ടീമുകളിലും ഇടംകണ്ടെത്തുന്നു. ഒറ്റ ഏകദിനം മാത്രം കളിച്ച തിലക് വർമയെയും നിരവധി തവണ അവസരം ലഭിച്ചിട്ടും മികവ് തെളിയിക്കാനാകാത്ത ഋതുരാജ് ഗെയ്ക്ക്‌വാദിനെയും വീണ്ടും ടീമിലെടുക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ രണ്ടാം നിര ടീമിൽ പോലും ഇടം ലഭിക്കാതിരിക്കാൻ മാത്രം എന്തുതെറ്റാണ് സഞ്ജു ചെയ്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ 27 മത്സരങ്ങളിൽ നിന്നായി സൂര്യ കുമാര്‍ യാദവിന്‍റെ ബാറ്റിങ് ആവറേജ് വെറും 24 ആണ്. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടില്ല. ഏഷ്യാ കപ്പില്‍ അവസരം ലഭിച്ചപ്പോഴും താരം ആരാധകരെ നിരാശപ്പെടുത്തി.

2014ൽ ടീമിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആകെ 13 ഏകദിനങ്ങളിലാണ് ഇന്ത്യക്ക് വേണ്ടി സഞ്ജുവിന് കളിക്കാനായത്. അതും വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ. ഇതിൽനിന്ന് 104 സ്‌ട്രൈക്ക്‌റേറ്റിൽ 55 ശരാശരിയുമുണ്ട് സഞ്ജുവിന്. കഴിഞ്ഞ ആഗസ്റ്റിൽ അയർലൻഡിനെതിരെ കളിച്ച അവസാന മത്സരത്തിലും 40 റൺസെടുത്തിരുന്നു താരം.

സഞ്ജു സാംസണെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ പരിഗണിക്കണമായിരുന്നോ എന്ന വിഷയത്തില്‍ പ്രമുഖ സ്പോര്‍ട്സ് ചാനല്‍ ഗ്രൂപ്പായ സ്റ്റാർ സ്പോർട്സ് ഈ അടുത്തിടെ നടത്തിയ സർവ്വേ വൈറലായിരുന്നു. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിനിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ സഞ്ജുവിന് അനുകൂലമായാണ് വലിയൊരു വിഭാഗം ആളുകളും പ്രതികരിച്ചത്. പോൾ ചെയ്യപ്പെട്ട വോട്ടുകളിൽ 76% ആളുകളും സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് പ്രതികരിച്ചു. 24 ശതമാനം ആളുകൾ മാത്രമാണ് സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്നില്ല എന്ന് കരുതുന്നത്.

TAGS :

Next Story