പന്ത് പിടിക്കാൻ പറന്നെത്തിയത് സഞ്ജുവടക്കം മൂന്ന് പേർ; കിട്ടിയത് നാലാമന്, വൈറലായി ഒരു ക്യാച്ച്
ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറിലാണ് മൈതാനത്ത് രസകരമായ സംഭവം അരങ്ങേറിയത്
rajasthan royals
വലിയ തകർച്ചയുടെ ഘട്ടത്തിൽ നിന്ന് ടീമിനെ തോളിലേറ്റിയ ക്യാപ്റ്റൻ സഞ്ജുവിന്റേയും ഷിംറോൺ ഹെറ്റ്‌മെയറിന്റേയും തകർപ്പൻ ഇന്നിങ്‌സുകളുടെ മികവിലാണ് രാജസ്ഥാൻ ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ തകർത്തത്. രണ്ട് കളി തുടർച്ചയായി സംപൂജ്യനായി മടങ്ങിയ ശേഷം സഞ്ജുവിന്റെ ഗംഭീര മടങ്ങിവരവാണ് ആരാധകർ അഹ്മദാബാദിൽ കണ്ടത്.
ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്തതടക്കം ചില രസകരമായ കാഴ്ചകൾക്കും അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ഇന്നലെ സാക്ഷിയായി. ഗുജറാത്ത് ഇന്നിങ്‌സ് ആരംഭിച്ച് മൂന്നാം പന്തിൽ തന്നെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഈ വിക്കറ്റ് ആരാധകർക്കിടയിൽ ചിരി പടർത്തിയൊരു വിക്കറ്റായിരുന്നു. ട്രെന്റ് ബോൾട്ട് എറിഞ്ഞ പന്ത് വൃദ്ധിമാൻ സാഹ ആകാശത്തേക്ക് ഉയർത്തിയടിച്ചു. ഈ പന്ത് പിടിക്കാനായി ക്യാപ്റ്റൻ സഞ്ജുവും ഷിംറോൺ ഹെറ്റ്മയറും ദ്രുവി ജുറേലും ഓടിയെത്തി. എന്നാൽ മൂന്ന് താരങ്ങളും കൂട്ടിയിടിച്ച് മൈതാനത്ത് വീണു. പന്ത് സഞ്ജുവിന്റെ കയ്യിൽ തട്ടി തെറിച്ചെത്തിയത് ബോൾട്ടിന്റെ കയ്യിലേക്ക്. ബോൾട്ടാകട്ടെ അനായാസം ആ പന്തിനെ കൈക്കുള്ളിലാക്കി. ആരാധകര്‍ക്കിടയില്‍ ചിരിപടര്‍ത്തിയ ഈ വീഡിയോ വേഗത്തില്‍ തന്നെ വൈറലായി.
ഗുജറാത്തിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. ഏഴ് ബോൾ നേരിട്ട ഓപ്പണർ ജെയിസ്വാൾ ഒരു റൺസിനാണ് കൂടാരം കയറിയത്. ജോസ് ബട്ട്‌ലറിനെ ഷമി പൂജ്യത്തിന് പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും സഞ്ജുവും ചേർന്ന് ടീമിനെ പതുക്കെ കരകയറ്റാൻ ശ്രമം ആരംഭിച്ചു. എന്നാൽ ടീം 47 ൽ നിൽക്കെ പടിക്കൽ കളി മതിയാക്കി. അഞ്ച് റൺസെടുത്ത് പരാഗും കൂടാരം കയറി. പക്ഷേ നായകൻ സഞ്ജു ടീമിന് ആത്മവിശ്വാസം നൽകി ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 32 പന്തിൽ മൂന്ന് ഫോറും ആറ് സിക്‌സറുകളും അടിച്ച് 60 റൺസിൽ നിൽക്കെ നൂർ അഹമദിന്റെ ബോളിൽ സഞ്ജു വീണതോടെ രാജസ്ഥാൻ തോൽവി മണത്തു.
എന്നാൽ അവിടെ രക്ഷകനായി അവിടെ ഹെറ്റ്‌മെയർ അവതരിച്ചു. അയാൾ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പിച്ചു തന്നെ ബാറ്റ് വീശി. ഇതിനെടെ ദ്രുവ് ജുറലും അശ്വിനും വന്നുപോയെങ്കിലും ഹെറ്റ്‌മെയർ രാജസ്ഥാന് മറ്റൊരു ജയം സമ്മാനിച്ചു. 26 പന്തിൽ രണ്ട് ഫോറിന്റെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 56 റൺസാണ് ഹെറ്റ്‌മെയർ അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി ഷമി മൂന്ന് വിക്കറ്റും റാഷിദ് ഖാൻ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഹർദിക് പാണ്ഡ്യ നൂർ അഹമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
Adjust Story Font
16