ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്‌സി ലേലത്തിന്
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,200 കടന്നു
ഇസ്താംബൂള്‍: ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിൽ കലാശിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ജഴ്‌സി ലേലത്തിൽ വക്കുന്നു. തുര്‍ക്കി ദേശീയ ടീമംഗവും മുൻ ജുവന്റസ് താരവുമായ മെറിഹ് ഡെമിറലാണ് സൂപ്പര്‍ താരത്തിന്‍റെ ജഴ്‌സി ലേലത്തിൽ വക്കുന്നത്. ജുവന്റസിലായിരിക്കെ ക്രിസ്റ്റ്യാനോ അണിഞ്ഞ ജഴ്‌സിയിൽ താരത്തിന്റെ കയ്യൊപ്പുമുണ്ട്. ജഴ്‌സി ലേലത്തിന് വക്കുന്നതിന് മുമ്പ് താൻ ക്രിസ്റ്റ്യാനോയെ നേരിട്ട് ബന്ധപ്പെട്ടെന്നും തുർക്കിയിലേയും സിറിയയിലേയും അവസ്ഥകൾ ബോധ്യപ്പെടുത്തിയെന്നും ഡെമിറൽ പറഞ്ഞു.
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,200 കടന്നു. തുർക്കിയിൽ 8,574 പേരും സിറിയയിൽ 2,662 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.
അപകടം സംഭവിച്ച് മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പ്രസിഡന്റ് രജ്ബ് ത്വയിബ് ഉർദുഗാൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങളാണ് നിലംപൊത്തിയത്. രക്ഷാപ്രവർത്തനം നീളുന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ദുരന്തം 20 മില്യൺ ആളുകളെ ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
സാന്പത്തിക ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ സഹായ ഏജൻസി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ നിന്നുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിത്തുടങ്ങിട്ടുണ്ട്.
Adjust Story Font
16