Quantcast

എമ്പുരാന്‍; സഹനിര്‍മാതാക്കളായി ഹോംബാലെ ഫിലിംസ്, കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്ന് രൺദീപ് സിംഗ് സുർജേവാല; ട്വിറ്റര്‍ ട്രെന്‍റിംഗ് വാര്‍ത്തകള്‍

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

MediaOne Logo

Web Desk

  • Updated:

    2023-05-17 14:26:00.0

Published:

17 May 2023 2:24 PM GMT

Twitter Training News
X

''ധോണിയെ പോലെയോ കോഹ്ലിയെ പോലെയോ ആവാൻ എനിക്ക് കഴിയില്ല''; മനസ്സു തുറന്ന് ഡുപ്ലെസിസ്

ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹന്ദ്രേസിങ് ധോണിയേയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലിയേയും വാനോളം പുകഴ്ത്തി ഫാഫ് ഡുപ്ലെസിസ്. ധോണിയടക്കമുള്ള താരങ്ങൾക്കൊപ്പം കളിക്കാനായത് ഭാഗ്യമാണെന്നും കോഹ്ലിയെ പോലെയോ ധോണിയോ പോലെയോ മികച്ചൊരു ക്യാപ്റ്റനാവാൻ കഴിയില്ലെന്നും ഡുപ്ലെസിസ് പറഞ്ഞു.

''മികച്ച താരങ്ങളോടൊപ്പം കളിക്കുന്നത് ഒരു ഭാഗ്യമാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിക്കുമ്പോൾ ഗ്രേയം സ്മിത്തായിരുന്നു നായകൻ. പിന്നീട് ചെന്നൈയിലേക്ക് ഐ.പി.എൽ കളിക്കാനെത്തി. ആ വർഷം ഒരു കളി പോലും കളിക്കാനായില്ല. ആ സീസണിൽ ഞാൻ പല കാര്യങ്ങളും പഠിക്കുകയായിരുന്നു.

ചെന്നൈയിലായിരിക്കേ ധോണിയെ ഞാൻ ദൂരത്ത് നിന്ന് വീക്ഷിക്കാറുണ്ടായിരുന്നു. അദ്ദേഹമെങ്ങനെയാണ് കരിയറിൽ വിജയിച്ചതെന്ന് പഠിക്കുകയായിരുന്നു ഞാൻ. അന്താരാഷ്ട്ര ക്രിക്കറ്റിലും പ്രാദേശിക ടൂർണമെന്റുകളിലും ക്യാപ്റ്റൻ എന്ന നിലയിൽ വിജയിച്ച അപൂർവം താരങ്ങളിലൊരാണ് അദ്ദേഹം. ധോണിയെ പോലെയോ വിരാട് കോഹ്ലിയെ പോലെയോ ഒരു ക്യാപ്റ്റനാവാൻ എനിക്ക് കഴിയില്ല''- ഡുപ്ലെസിസ് പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഡുപ്ലെസിസ് മനസ്സു തുറന്നത്.

''കൈ തന്നെ മുറിച്ച് മാറ്റേണ്ടി വരുമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞു''- മൊഹ്സിന്‍ ഖാന്‍

ലഖ്‌നൗ: കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ നിറയേ മൊഹ്‌സിൻ ഖാൻ എന്ന 24 കാരനാണ്. മുംബൈ വിജയമുറപ്പിച്ച് മുന്നേറവേ മൊഹ്‌സിൻ അവസാന ഓവറില്‍ നടത്തിയ അവിശ്വസനീയ പ്രകടനമാണ് ലഖ്‌നൗവിനെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നതും വിജയതീരമണച്ചതും.

കഴിഞ്ഞ വർഷം തോളിനേറ്റ പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്ന മൊഹ്‌സിന്റെ തിരിച്ചുവരവ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചകകളിൽ ഒന്നാണിപ്പോൾ. പരിക്കിനെ തുടർന്ന് താൻ ഗുരുതരമായ അവസ്ഥയിലായിരുന്നു എന്നും കൈമുറിച്ച് മാറ്റേണ്ടി വരുമെന്ന് പോലും ഡോക്ടർമാർ പറഞ്ഞിരുന്നതായും മോഹ്‌സിൻ ഖാൻ പറഞ്ഞു. മുംബൈക്കെതിരായ മത്സരത്തിന് ശേഷമാണ് മൊഹ്‌സിൻ മനസ്സു തുറന്നത്.

''തീർത്തും പ്രയാസമേറിയ സമയമായിരുന്നു അത്. ക്രിക്കറ്റിനെ കുറിച്ച പ്രതീക്ഷകൾ മുഴുവൻ ഞാനന്ന് ഉപേക്ഷിച്ചു. കൈ ഉയർത്താൻ പോലും എനിക്കാവുമായിരുന്നില്ല. ആ പരിക്കിനെ ഞാൻ ഏറെ ഭയന്നു. ഫിസിയോ മുഴുസമയവും എന്റെ കൂടെയുണ്ടായിരുന്നു. ചികിത്സിക്കാൻ വൈകിയിരുന്നെങ്കിൽ കൈ മുറിച്ചു മാറ്റേണ്ടി വരുമായിരുന്നു എന്ന് ഡോക്ടർ ഒരിക്കൽ എന്നോട് പറഞ്ഞു''- മൊഹ്സിന്‍ പറഞ്ഞു.

മോഹ്‌സിന്റെ മിന്നും പ്രകനത്തിന് പിറകേ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നത്. മൊഹ്‌സിൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണെന്ന് ശ്രീലങ്കൻ ബോളിങ് ഇതിഹാസം ലസിത് മലിംഗ പറഞ്ഞു. മത്സര ശേഷം മൊഹ്‌സിൻ പരിക്ക് പറ്റി കിടന്ന കാലത്തെ ചിത്രവും ഇന്നലത്തെ തകർപ്പൻ പ്രകടനത്തിന്റെ ചിത്രവും ലഖ്‌നൗ പങ്കുവച്ചു.


മൊഹ്സിന്‍ ഖാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി: ലസിത് മലിംഗ


അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ വെറും 11 റണ്‍സ്. ക്രീസില്‍ വമ്പനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും. പന്തെറിയാനെത്തിയത് അത്രക്ക് വലിയ പരിജയസമ്പന്നത്തൊന്നുമല്ലാത്ത 24 കാരന്‍ മൊഹ്സിന്‍ ഖാന്‍. അനായാസം കളി കൈപിടിയിലാക്കാം എന്നാണ് മുംബൈ ആരാധകര്‍ ഉറച്ചു വിശ്വസിച്ചത്. എന്നാല്‍ . ലഖ്‌നൗവില്‍ മൊഹ്സിന്‍ ഖാന് മുന്നില്‍ കവാത്ത് മറന്ന മുംബൈ താരങ്ങളെയാണ് ആരാധകര്‍ കണ്ടത്. വെറും അഞ്ച് റണ്‍സാണ് മുഹ്സിന്‍ ആ ഓവറില്‍ വിട്ട് നല്‍കിയത്.

ലഖ്‌നൗവിലെ സ്ലോ പിച്ചിൽ അവസാന രണ്ടോവറിൽ മുംബൈക്ക് 30 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. നവീനുല്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 19 റൺസടിച്ച് കളിയിലേക്ക് തിരിച്ചുവന്ന മുംബൈയെ മൊഹ്‌സിൻ വരിഞ്ഞു കെട്ടി. പവർ ഹിറ്റർമാരായ രണ്ടുപേരേയും യോർക്കറുകളും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകളും കൊണ്ട് അനങ്ങാൻ പോലും വിടാതെ വരച്ച വരയിൽ നിർത്തിയാണ് മൊഹ്‌സിൻ ലഖ്‌നൗവിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ഇപ്പോളിതാ ക്രിക്കറ്റ് ലോകത്ത് മൊഹ്സിന് അഭിനന്ദന പ്രവാഹമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ് രാജസ്ഥാന്‍ റോയല്‍സ് ബോളിങ് കോച്ച് ലസിത് മലിംഗ തുടങ്ങി നിരവധി പേരാണ് മൊഹ്സിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. മൊഹ്സിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി വാഗ്ദാനമാണെന്ന് മലിംഗ പറഞ്ഞു.

''ആ അവസാന ഓവറിൽ മൊഹ്‌സിൻ ഖാൻ കാണിച്ച സംയമനവും ക്ഷമയും എന്നെ വല്ലാതെ ആകർഷിച്ചു. പരിചയസമ്പന്നനായ ഒരു ബൗളർക്ക് പോലും എളുപ്പമുള്ള കാര്യമല്ല അത്. കഴിഞ്ഞ സീസണിലും അദ്ദേഹത്തിൽ നിന്ന് ചില മികച്ച പ്രകടനങ്ങൾ നമ്മള്‍ കണ്ടു. തീർച്ചയായും അയാള്‍ ഭാവിയിലേക്കുള്ള കരുതിവപ്പാണ്''- മലിംഗ പറഞ്ഞു.

'പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല, കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല'; രൺദീപ് സിംഗ് സുർജേവാല

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന്ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല. പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. ചർച്ചകൾ തുടരുകയാണ്. ഊഹാപോഹങ്ങളിലോ വാർത്തകളിലോ വിശ്വസിക്കരുത്. ഇന്നോ നാളെയോ തീരുമാനമുണ്ടാകും.അടുത്ത 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ നിലവിൽവരും'..സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഔദ്യേഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. രണ്ടാം ടേമിൽ മുഖ്യമന്ത്രിയാക്കാമെന്ന് ഡി.കെ ശിവകുമാറിന് ഹൈക്കമാൻഡ് ഉറപ്പ് നൽകി..ഉപമുഖ്യമന്ത്രി പദവി നിരസിച്ച ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി ശിവകുമാർ ചർച്ച നടത്തി. സിദ്ധരാമയ്യയുടെ സത്യപ്രതിജ് ഞ നാളെ നടക്കും. ബംഗളൂരുവിൽ സിദ്ധരാമയ്യ അനുകൂലികൾ ആഘോഷം തുടങ്ങി.ശിവകുമാർ അനുകൂലികൾ ഖാർഗെയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു.

അമേരിക്കയിൽ പതിനെട്ടുകാരന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു; അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു


വാഷിങ്ടൺ: അമേരിക്കയിലെ ന്യൂമെക്‌സിക്കോയിൽ പതിനെട്ടുകാരന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു.രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായി അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം നടന്നത്.സാന്താ ഫെയിൽ നിന്ന് 320 കിലോമീറ്റർ ഫാമിംഗ്ടണിലാണ് അക്രമം നടന്നത്. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

സംഭവങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.അതുകൊണ്ട് തന്നെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.ഫാമിംഗ്ടൺ മുനിസിപ്പൽ സ്‌കൂളുകൾ 'എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു.


മോഹന്‍ലാലിന്‍റെ എമ്പുരാന്‍; സഹനിര്‍മാതാക്കളായി ഹോംബാലെ ഫിലിംസ്

ബെംഗളൂരു: മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'.അടുത്ത ആഴ്ചയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഇതോടെ എമ്പുരാന്‍ ഒരു 'പാന്‍ വേള്‍ഡ്' ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മൂന്നു ഭാഗമായിട്ടാണ് ചിത്രം ഇറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. മുരളി ഗോപി തന്നെയാണ് എമ്പുരാന്‍റെയും തിരക്കഥ നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍,വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

'ഹൈദരാബാദി ബിരിയാണി ടൈം'; കോഹ്‌ലിക്കും സംഘത്തിനും പുതിയ വീട്ടിൽ വിരുന്നൊരുക്കി മുഹമ്മദ് സിറാജ്

സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തിനെത്തിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിലെ സഹതാരങ്ങൾക്ക് തന്റെ പുതിയ വീട്ടിൽ വിരുന്നൊരുക്കി മുഹമ്മദ് സിറാജ്. ഹൈദരാബാദ് ഫിലിംനഗറിലെ ജൂബിലി ഹിൽസിലാണ് സിറാജിന്റെ പുതിയ വീട്. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസിസ് അടക്കമുള്ള താരങ്ങൾ സിറാജിന്റെ വീട്ടിലെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ സിറാജിന്റെ വീട്ടിൽനിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഹൈദരാബാദി ബിരിയാണി ടൈം' എന്ന ക്യാപ്ഷനിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

TAGS :

Next Story