Quantcast

അന്ന് ധോണി, ഇന്ന് ഹര്‍മന്‍പ്രീത്; ഇന്ത്യ പടിക്കല്‍ കലമുടച്ചപ്പോള്‍... ട്വിറ്റര്‍ ട്രെന്‍ഡ്സ്

അറിയാം സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ഇന്നത്തെ ചര്‍ച്ചകള്‍.

MediaOne Logo

Web Desk

  • Published:

    23 Feb 2023 5:35 PM GMT

twitter trending, breaking news, harmanpreet kaur, ms dhoni, trending news
X

ഹര്‍മന്പ്രീത് കൌറിന്‍റേയും എം.എസ് ധോണിയുടേയും റണ്ണൌട്ടുകള്‍

ടി20 ലോകകപ്പിലെ ഇന്ത്യന്‍ വനിതകളുടെ തോല്‍വിയും നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ പുറത്തായ ഹര്‍മന്‍പ്രീത് കൌറും പവന്‍ ഖേഡയുടെ അറസ്റ്റും, അങ്ങനെ നീളുന്നു ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍ഡിങ്സ്. അറിയാം സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ഇന്നത്തെ ചര്‍ച്ചകള്‍.

ടി20 ലോകകപ്പ് സെമിയിലെ ഇന്ത്യന്‍ വനിതകളുടെ തോല്‍വി

ടി20 വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ് പുറത്തായത് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറെ നിരാശയുണ്ടാക്കി. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റ പരാജയത്തിന് മറുപടി കൊടുക്കാനുള്ള അവസരം കൂടിയാണ് ടീം ഇന്ത്യക്ക് നഷ്ടമായത്.



ലക്ഷ്യത്തിന് വെറും അഞ്ച് റണ്‍സകലെയാണ് ഇന്ത്യന്‍ വനിതകള്‍ വീണത്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 167ൽ അവസാനിക്കുകയായിരുന്നു.


നിര്‍ഭാഗ്യം റണ്ണൌട്ടിന്‍റെ രൂപത്തില്‍

ആദ്യം തകര്‍ച്ച നേരിട്ടെങ്കിലും പിന്നീട് കളിയിലേക്ക് തിരികെ വന്ന ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൌര്‍ ആണ്. പതിവ് ആക്രമണ ശൈലി പുറത്തെടുത്ത് ബാറ്റ് വീശിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 34 പന്തിൽ 52 റൺസെടുത്ത് വിജയപ്രതീക്ഷ നൽകിയെങ്കിലും അവസന ലാപ്പില്‍ നിര്‍ഭാഗ്യകരമായി വിക്കറ്റാകുകയായിരുന്നു.



റണ്ണിനായുള്ള ശ്രമത്തിനിടെ ആഷ്ലേ​ഗ് ​ഗാർഡ്നര്‍ ആണ് ഹര്‍മന്‍പ്രീതിനെ റണ്ണൌട്ടാക്കിയത്. ക്രീസിന് തൊട്ടടുത്തെത്തിയെങ്കിലും ബാറ്റ് കുത്തുന്നതില്‍ ആശയക്കുഴപ്പം വന്ന ഹര്‍മന്‍പ്രീത് ഓടിക്കയറുമ്പോഴേക്കും ബെയില്‍സുകള്‍ തെറിച്ചിരുന്നു.


അന്ന് ധോണി, ഇന്ന് ഹര്‍മന്‍പ്രീത്

ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലുകളിലെ റണ്ണൌട്ടുകള്‍ എന്നും ഇന്ത്യന്‍ കളിയാരാധകരെ വേട്ടയാടും എന്ന് ഉറപ്പാണ്. 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റതും ഇന്ന് ഹര്‍മന്‍പ്രീത് റണ്ണൌട്ടായതുപോലൊരു റണ്ണൌട്ടിലാണ്. അന്ന് നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ പുറത്തായത്.

അന്നും മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ മധ്യനിരയില്‍ ധോണിയും ജഡേജയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഒടുവില്‍ വിജയപ്രതീക്ഷയില്‍ ലക്ഷ്യത്തിന് തൊട്ടടുത്തെത്തി നില്‍ക്കുമ്പോള്‍ കിവീസിന്‍റെ ഗപ്റ്റിലിന്‍റെ ഒരു ഡയറക്ട് ത്രോയില്‍ ധോണി റണ്ണൌട്ടാകുകയായിരുന്നു. ധോണിയോടൊപ്പം ഇന്ത്യയും അവിടെ വീണു. വാലറ്റത്തെ ന്യൂസിലന്‍ഡ് അതിവേഗം എറിഞ്ഞിട്ടതോടെ ലക്ഷ്യത്തിന് 18 റണ്‍സകലെ ഇന്ത്യ വീണു.

ഗൗതം ദാസ് മോദി പരാമര്‍ശവും പവൻ ഖേഡയുടെ അറസ്റ്റും

അദാനിയുടെ ഓഹരി തട്ടിപ്പ് സംബന്ധിച്ച ഹിൻഡൻബർ​ഗ് റിപ്പോർട്ട് കത്തിനിൽക്കെ പ്രധാനമന്ത്രിയും ​​ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പവൻ ഖേര മോദിയെ വിളിച്ച പേരാണിത്. അദാനി- ഹിൻഡൻബർഗ് വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു ഖേരയുടെ പരാമർശം. നരേന്ദ്ര ഗൗതം ദാസ് മോദി എന്ന പേരിന് എന്താണ് പ്രശ്‌നെന്ന് ചോദിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രവൃത്തികൾ ഗൗതം ദാസിന് സമാനമാണെന്നും പറഞ്ഞു. "ദാമോദർ ദാസാണോ ഗൗതം ദാസാണോ എന്ന് താൻ ശരിക്കും ആശയക്കുഴപ്പത്തിലായി" എന്ന് പിന്നീട് ഒരു ട്വീറ്റിലൂടെയും അദ്ദേഹം അഭിപ്രായപ്പെട്ടു.



ഇന്നലെത്തന്നെ വലിയ തരത്തില്‍ ചര്‍ച്ചയായ പരാമര്‍ശത്തിന് പിന്നാലെ ഇന്ന് പവൻ ഖേഡയെ അസം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്നു വിളിച്ച കേസ് നിലവിലുള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പവന്‍ ഖേഡയെ അറസ്റ്റ് ചെയ്തത്. പവൻ ഖേഡയെ നേരത്തെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അറസ്റ്റില്‍ പ്രതിഷേധിച്ചു.

TAGS :

Next Story