കൗമാരപ്പടയും കലമുടച്ചു; ഓസീസ് ലോക ചാമ്പ്യന്മാർ
ഓസീസ് വിജയം 79 റൺസിന്
ബെനോണി: കലാശപ്പോരിൽ ഓസീസിന് മുന്നിൽ കവാത്ത് മറക്കുന്നത് തുടർക്കഥയാക്കി ടീം ഇന്ത്യ. അണ്ടർ 19 ലോകകപ്പിൽ 79 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട കങ്കാരുക്കൾക്ക് മുന്നിൽ തകർന്നടിഞ്ഞത്. മാസങ്ങൾക്ക് മുമ്പ് ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് പരാജയമേറ്റുവാങ്ങിയ ഇന്ത്യൻ സീനിയർ ടീമിന്റെ അതേ ഗതിയാണ് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ കൗമാരപ്പടക്കും സംഭവിച്ചത്.ഫൈനൽ വരെ മികച്ച പ്രകടനങ്ങൾ നടത്തി ഒടുക്കം കലാശപ്പോരിൽ കലമുടച്ചു.
47 റണ്‍സെടുത്ത ആദര്‍ശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ മുരുകന്‍ അഭിഷേക് പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. 42 റണ്‍സായിരുന്നു അഭിഷേകിന്‍റെ സമ്പാദ്യം. ഓസീസ് ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 174 റൺസിന് കൂടാരം കയറുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മഹ്ലി ബേർഡ്മാനും റാഫ് മക്മില്ലനും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഓസീസ് അണ്ടർ 19 ലോകകപ്പ് കിരീടം ചൂടുന്നത്. കങ്കാരുപ്പടയുടെ നാലാം കിരീടമാണിത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ഇന്ത്യക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. 55 റൺസെടുത്ത ഹർജാസ് സിങിന്റേയും 46 റൺസുമായി പുറത്താകാതെ നിന്ന ഒലിവർ പീക്കിന്റേയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹഗ് വെയ്ബ്ജെന്റെയും മികവിലാണ് കങ്കാരുക്കൾ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി പേസർ രാജ് ലിംബാനി 38 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. നവാൻ തിവാരി രണ്ടും സൗമ്യ പാണ്ഡ്യെ, മുഷീർ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Adjust Story Font
16