Quantcast

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്ന് ലിവര്‍പൂള്‍-വിയ്യാറയല്‍ പോരാട്ടം

ഏഴാം കിരീടമാണ് കരുത്തരായ ലിവര്‍പൂളിന്‍റെ ലക്ഷ്യമെങ്കില്‍ കന്നി ഫൈനല്‍ പ്രവേശമെന്ന സ്വപ്നവുമായാണ് വിയ്യാറയല്‍ ഇറങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-04-27 01:58:34.0

Published:

27 April 2022 1:57 AM GMT

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്ന് ലിവര്‍പൂള്‍-വിയ്യാറയല്‍ പോരാട്ടം
X

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്ന് ലിവര്‍പൂള്‍ വിയ്യാറയലിനെ നേരിടും. ഏഴാം കിരീടമാണ് കരുത്തരായ ലിവര്‍പൂളിന്‍റെ ലക്ഷ്യമെങ്കില്‍ കന്നി ഫൈനല്‍ പ്രവേശമെന്ന സ്വപ്നവുമായാണ് വിയ്യാറയല്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

മുഹമ്മദ് സലായും സാദിയോ മാനേയും അണിനിരക്കുന്ന ലിവര്‍പൂള്‍ ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുമ്പിലുള്ള ടീമാണ്. യുര്‍ഗന്‍ ക്ലോപ്പെന്ന തന്ത്രശാലിയായ പരിശീലകന് കീഴില്‍ മിന്നും ഫോമിലുള്ള ലിവര്‍പൂളിന് സെമി എതിരാളികള്‍ സ്പാനിഷ് ടീമായ വിയ്യാറയലാണ്. അര്‍ജന്‍റീന താരം ലോ സെല്‍സോ ഉള്‍പ്പെടെ വിവിധ ടീമുകളില്‍ നിന്നായി ലോണില്‍ കളിക്കുന്ന ഒരു പറ്റം താരങ്ങളുമായാണ് ഉനായ് എംറിയെന്ന പരിശീലകന്‍ വിയ്യാ റയലിനെ ചരിത്ര നേട്ടത്തിനരികെയെത്തിച്ചിരിക്കുന്നത്.

ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ബയേണ്‍ മ്യൂണിച്ചിനെ അട്ടിമറിച്ചെത്തിയ വിയ്യക്ക് ലിവര്‍പൂളിനെയും മറികടക്കാനായാല്‍ കന്നി ചാമ്പ്യന്‍സ് ലീഗ് ഫൈനലെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാം. എന്നാല്‍ ആറ് തവണ കിരീടം നേടിയ ലിവര്‍പൂളിനെ തോല്‍പ്പിക്കല്‍ വിയ്യാ റയലിന് ദുഷ്കരമാകും. 2016 ല് ഇതിന് മുമ്പ് ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് ഗോളിന്‍റെ ജയം സ്വന്തമാക്കിയത് ലിവര്‍പൂളായിരുന്നു. പരിക്ക് അലട്ടുന്നതിനാല്‍ മുന്നേറ്റ നിരക്കാരന്‍ റോബര്‍ട്ടോ ഫെര്‍മിനോ ഇന്ന് ലിവര്‍പൂളിനായി കളിക്കുന്ന കാര്യം സംശയമാണ്.

മറുവശത്ത് പരിക്ക് വിയ്യാറയലിനും വെല്ലുവിളിയാണ്. പ്രധാനികളായ ആല്‍ബെര്ട്ടോ മൊറീനോ, ജെറാര്‍ഡ് മൊറേനോ എന്നിവര്‍ അന്തിമ ഇലവനില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ് ഇന്നത്തെ ആദ്യപാദമെന്നതും ലിവര്‍പൂളിന് ആത്മവിശ്വാസം പകരുന്നു.

TAGS :

Next Story