Quantcast

അണ്‍സോള്‍ഡ് താരങ്ങളുടെ 'പ്രതികാരം' തുടരുന്നു; പിറന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍

വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബ് ബാറ്റർ അൻമോൽപ്രീത് സിങ് അരുണാചൽ പ്രദേശിനെതിരെ സെഞ്ച്വറി കുറിച്ചത് വെറും 35 പന്തിലാണ്

MediaOne Logo

Web Desk

  • Published:

    23 Dec 2024 9:58 AM GMT

അണ്‍സോള്‍ഡ് താരങ്ങളുടെ പ്രതികാരം തുടരുന്നു; പിറന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍
X

ഡേവിഡ് വാർണർ മുതൽ കെയിൻ വില്യംസൺ വരെ. പ്രിഥ്വി ഷാ മുതൽ സർഫറാസ് ഖാൻ വരെ. കോടികൾ വാരിയവർ മാത്രമല്ല. ഒരു ചില്ലിക്കാശും കിട്ടാതെ ഐ.പി.എൽ താരലേലത്തിൽ അൺസോൾഡായി പോയ വലിയ ചില പേരുകളും ക്രിക്കറ്റ് ലോകത്തിന്റെ കണ്ണു തള്ളിച്ചിരുന്നു. താരലേലം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടു. എന്നാൽ ഈ പേരുകളിൽ ചിലത് ഇപ്പോഴും ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ സജീവമാണ്. കാരണമെന്താണെന്നോ. ആഭ്യന്തര ക്രിക്കറ്റിലെ ഇവരുടെ തകർപ്പൻ ഫോം തന്നെ.

ദിവസങ്ങൾക്ക് മുമ്പ് അഹ്‌മദാബാദിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു വലിയ റെക്കോർഡ് പിറന്നു. വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബ് ബാറ്റർ അൻമോൽപ്രീത് സിങ് അരുണാചൽ പ്രദേശിനെതിരെ സെഞ്ച്വറി കുറിച്ചത് വെറും 35 പന്തിലാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരിന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. തകർത്തത് 2010 ൽ സാക്ഷാൽ യൂസുഫ് പത്താൻ കുറിച്ച റെക്കോർഡ്. അന്ന് ബറോഡക്കായി മഹാരാഷ്ട്രക്കെതിരെ പത്താൻ മൂന്നക്കം തൊട്ടത് വെറും 40 പന്തിലാണ്. ഈ റെക്കോർഡാണ് ഒന്നര പതിറ്റാണ്ടിനിപ്പുറം അൻമോൽ പഴങ്കഥയാക്കിയത്.

12 ഫോറുകളും ഒമ്പത് പടുകൂറ്റൻ സിക്‌സറുകളും അൻമോലിന്റെ ബാറ്റിൽ നിന്ന് പ്രവഹിച്ചു. മുമ്പ് ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായും സൺറൈസേഴ്‌സ് ഹൈദരാബാദിനായും കളിച്ചിരുന്ന അന്മോലിനെ ഈ സീസണിൽ ഒരു ഫ്രാഞ്ചസിയും വാങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ഇതോടെ അഹ്‌മദാബാദിൽ അൻമോലിന്റെ പ്രതികാരം ക്രിക്കറ്റ് ലോകം ആഘോഷമാക്കി. ലോക ക്രിക്കറ്റിൽ ലിസ്റ്റ് എ ക്രിക്കറ്റ് അതിവേഗ സെഞ്ച്വറിക്കാരുടെ പട്ടികയിലേക്കും ഈ പഞ്ചാബുകാരൻ ഓടിക്കയറി. ഈ പട്ടികയിൽ ഫ്രേസർ മക്കർകക്കിനും എ.ബി ഡിവില്ലിയേഴ്‌സിനും താഴെ മൂന്നാം സ്ഥാനത്താണ് അൻമോൽ. 29 പന്തിലാണ് മക്കർക്ക് സെഞ്ച്വറി കുറിച്ചതെങ്കിൽ 31 പന്തിലായിരുന്നു എ.ബി.ഡി യുടെ സെഞ്ച്വറി. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മിന്നും താരമായ അഭിഷേക് ശർമയടക്കം അരുണാചൽ പ്രദേശിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങിയ മത്സരത്തിലായിരുന്നു അന്മോലിന്റെ വൺമാൻ ഷോ എന്നോർക്കണം.

കഴിഞ്ഞ നവംബറിൽ മുശ്താഖ് അലി ട്രോഫിയിൽ ഇതിന് സമാനമായ മറ്റൊരു റെക്കോർഡ് പിറന്നിരുന്നു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി. ത്രിപുരക്കെതിരെ ഗുജറാത്തിനായി ഉർവിൽ പട്ടേൽ എന്ന 26 കാരൻ മൂന്നക്കം തൊട്ടത് വെറും 28 പന്തിലാണ്. ഐ.പി.എൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്ന ഉർവിലിനെ ഇക്കുറി താരലേലത്തിൽ ഒരു ടീമും വാങ്ങിയിരുന്നില്ല. വെറും ഒരു പന്ത് വ്യത്യാസത്തിലാണ് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് ഉർവിലിന് നഷ്ടമായത്. ഈ വർഷം സൈപ്രസിനെതിരെ എസ്റ്റോണിയയുടെ സാഹിൽ ചൗഹാൻ 27 പന്തിൽ നേടിയ സെഞ്ച്വറിയാണ് ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. ത്രിപുരക്കെതിരെ ഉർവിലിന്റെ ബാറ്റിൽ നിന്ന് 12 സിക്‌സും എഴ് ഫോറും പിറന്നു. 35 പന്തിൽ ഉർവിൽ പുറത്താകാതെ നേടിയത് 113 റൺസ്.

ഐ.പി.എൽ താരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ അൺസോൾഡ് ആയിപ്പോവുകയും പിന്നീട് വെറും ഒന്നരക്കോടിക്ക് കൊൽക്കത്ത ടീമിലെത്തിക്കുകയും ചെയ്ത താരമാണ് അജിൻക്യ രഹാനെ. ആളെ തികക്കാൻ വേണ്ടി ടീമിലെത്തിച്ചതാണെന്നും പല്ലുകൊഴിഞ്ഞ സിംഹമെന്നുമൊക്കെ പരിഹസിച്ചവർക്ക് മുന്നിൽ രഹാനെ തന്റെ വിശ്വരൂപം പൂണ്ടു. കഴിഞ്ഞ സയ്യിദ് മുശ്താഖ് അലി ട്രോഫിയിൽ മുംബൈയുടെ കിരീട ധാരണത്തിൽ നിർണായക സാന്നിധ്യമായിരുന്നു രഹാനെ. 9 മത്സരങ്ങളിൽ നിന്ന് 58.62 ബാറ്റിങ് ആവറേജിൽ 469 റൺസുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ. സെമി ഫൈനലിൽ ബറോഡക്കതിരെ 56 പന്തിൽ നിന്ന് അടിച്ചടുത്തത് 98 റൺസ്. ആന്ധ്രപ്രദേശിനെതിരെ 54 പന്തിൽ 95. വിദർഭക്കെതിരെ 45 പന്തിൽ 84. കേരളത്തിനെതിരെ 35 പന്തിൽ 68 ഇങ്ങനെ നീളുന്നു മുശ്താഖ് അലി ട്രോഫിയിൽ രഹാനെയുടെ ടോപ് നോക്കുകൾ. ഈ സീസണിൽ കെ.കെ.ആറിന്റെ നായകപദവിയിലേക്കും രഹാനെയുടെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്.

പോയ വർഷം ഐ.പി.എൽ താരലേലത്തിൽ സകലരേയും ഞെട്ടിച്ച താരമായിരുന്നു ഉത്തർ പ്രദേശുകാരൻ സമീർ രിസ്വി. 21 കാരനായി ചെന്നൈ സൂപ്പർ കിങ്‌സ് അന്ന് മുടക്കിയത് 8.4 കോടി രൂപ. എന്നാൽ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന താരത്തെ ചെന്നൈ ഈ സീസണിൽ കൈവിട്ടു. വെറും 95 ലക്ഷത്തിനാണ് ഇക്കുറി ഡൽഹി ക്യാപിറ്റൽസ് രിസ്വിയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 30 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം രിസ്വിയുടെ ബാറ്റിൽ നിന്നും ഒരു മനോഹര ഇന്നിങ്‌സ് പിറന്നു. അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി മത്സരത്തിൽ ത്രിപുരക്കെതിരെ ഉത്തർ പ്രദേശിനായി രിസ്വി ഡബിൾ സെഞ്ച്വറി കുറിച്ചത് വെറും 97 പന്തിൽ നിന്നാണ്. 20 സിക്‌സുകളും 13 ഫോറുമാണ് മത്സരത്തിൽ താരം അടിച്ച് കൂട്ടിയത്.

സ്വന്തം കയ്യിലിരിപ്പ് കൊണ്ട് ഈ സീസണിൽ അൺസോൾഡായിപ്പോയ ചിലരും വാർത്തകളിൽ ഇപ്പോൾ സജീവമാണ്. അതിൽ പ്രധാനിയാണ് മുൻ ഡൽഹി താരമായിരുന്ന പ്രിഥ്വി ഷാ. അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമൊക്കെ കാരണം കരിയർ കളഞ്ഞു കുളിച്ച പ്രിഥ്വിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്. 18ാം വയസിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി കുറിച്ച പ്രിഥ്വി സച്ചിന്റെ പിൻഗാമി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ വിനോദ് കാംബ്ലിയുടെ പിൻഗാമിയെന്നാണ് താരത്തെ ക്രിക്കറ്റ് പണ്ഡിറ്റുകൾ വിശേഷിപ്പിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ നിന്നും പുറത്തായതോടെ സോഷ്യൽ മീഡിയയിൽ താരം ഏറെ വൈകാരികമായി പ്രതികരിച്ചിരുന്നു. എന്നാൽ താരത്തിനെതിരെ രൂക്ഷവിമർശനവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. പ്രിഥ്വി ഷായുടെ ശത്രു അയാൾ തന്നെയാണെന്നായിരുന്നു എം.സി.എ അധികൃതരുടെ പ്രതികരണം. തുടർച്ചയായ അച്ചടക്ക ലംഘനങ്ങളും ഫിറ്റ്‌നസിന്റെ കാര്യത്തിൽ കാണിക്കുന്ന അലസതയും താരത്തിന് വിനയായി. മുശ്താഖ് അലി ട്രോഫിയിൽ 10 പേരുമായി കളിക്കാനിറങ്ങിയത് പോലെയാണ് തങ്ങൾക്ക് അനുഭവപ്പെട്ടതെന്നും പ്രിഥ്വിയുടെ അടുക്കലേക്ക് പന്ത് എത്തരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു എന്നും ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി തുറന്നടിച്ചു.

TAGS :

Next Story