ഇതിഹാസ താരം സെറീന വില്യംസ് കളിക്കളത്തോട് വിട പറഞ്ഞു
തീരുമാനം തിരുത്തില്ലെന്ന് സെറീന പറയുമ്പോൾ ടെന്നീസ് ലോകത്തിനത് വലിയ നഷ്ടമാണ്
വനിതാ ടെന്നീസിലെ ഇതിഹാസ താരം സെറീന വില്യംസ് കളിക്കളത്തോട് വിട പറഞ്ഞു. യുഎസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ ആസ്ത്രേലിയയുടെ അജ്ല ടോംലാനോവിച്ചിനോട് തോറ്റാണ് മടക്കം. തീരുമാനം തിരുത്തില്ലെന്ന് സെറീന പറയുമ്പോൾ ടെന്നീസ് ലോകത്തിനത് വലിയ നഷ്ടമാണ്..
ഒരിതിഹാസം കുടി കളമൊഴിയുകയാണ്. ആധുനിക വനിതാ ടെന്നീസിലെ കരുത്തിന്‍റെ പ്രതീകവും കറുപ്പിന്‍റെ സൗന്ദര്യവുമായിരുന്ന സെറീന വില്യംസ് എന്ന നാൽപതുകാരി കൗമാരതാരങ്ങൾ തിങ്ങിനിറയുന്ന ടെന്നീസ് കളത്തിനോട് വിടപറയുന്നു. സ്വന്തം നാട്ടിൽ ആറ് തവണ കീരീടമുയർത്തി. സന്തോഷക്കണ്ണീർ വീഴ്ത്തിയ ഫ്ലഷിങ്മെഡോസിൽ ഇത്തവണ അത് സങ്കടത്തിന്റെ കണ്ണീരുപ്പാകുന്നു. തോറ്റുമടങ്ങുന്നത് ഇതിഹാസമല്ല, ടെന്നീസിലെ അത്ഭുതമാണ്..
1995 മുതൽ ഇന്നുവരെ 27 വർഷം നീണ്ട കരിയർ. 1999ൽ ഇതേ ഫ്ലഷിങ് മെഡോസിൽ ആദ്യ ഗ്രാൻസ്ലാം കിരീടം. പിന്നെയത് 23 കിരീടങ്ങളിലേക്കെത്തി. ആധുനിക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയ വനിതാ താരമെന്ന ബഹുമതി. നീണ്ട 319 ആഴ്ചകൾ ലോക ഒന്നാം നമ്പര്‍ താരം. സഹോദരി വീനസുമായി ചേർന്ന് ഡബിൾസ് കിരീടങ്ങൾ.. നാല് ഒളിന്പിക് സ്വർണം.. കളത്തിന് പുറത്തും പോരാട്ടവീര്യം. ജീവനെടുക്കുമായിരുന്ന ശ്വാസകോശത്തിലെ രക്തം കട്ട പിടിക്കലിനെ അതിജീവിച്ചവൾ. അമ്മയായ ശേഷവും ടെന്നീസ് കോർട്ടിനെ ത്രസിപ്പിച്ചവൾ. പകരം വെക്കാനാരുമില്ലാതെയാണ് സെറീനയുടെ മടക്കം. കറുപ്പിനെ വെറുപ്പോടെ നോക്കുന്ന അമേരിക്കൻ വംശീയ നെറികേടുകൾക്കിടയിൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ച കറുപ്പഴക്.. ടെന്നീസ് എന്ന മനോഹരമായ കളിയുടെ സൗന്ദര്യം കുറയുകയാണ്.. ഗുഡ്ബൈ സെറീന...
Words cannot describe what #Serena has meant to us all. pic.twitter.com/a4YvBgNhOL
— US Open Tennis (@usopen) September 3, 2022
Adjust Story Font
16