അവസാന നാലില്‍ മൂന്നും സെഞ്ച്വറി, രാജകീയം കോഹ്‍ലി; സച്ചിന്‍റെ ഒരു റെക്കോര്‍ഡ് കൂടി വീണു
സച്ചിന്‍റെ ഒരു റെക്കോര്‍ഡ് കൂടി കോഹ്‍ലിക്ക് മുന്നില്‍ പഴങ്കഥയായി
തിരുവനന്തപുരം: നാല് മത്സരങ്ങള്‍.. മൂന്ന് സെഞ്ച്വറികള്‍. വിരാട് കോഹ്‍ലി എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനായ ബാറ്റര്‍ തന്‍റെ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് വിരാട് കോഹ്‍ലി പരമ്പരയിലെ തന്‍റെ രണ്ടാം സെഞ്ച്വറി കുറിക്കുമ്പോള്‍ പഴങ്കഥയായത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ്.
സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍റെ റെക്കോര്‍ഡാണ് കോഹ്‍ലി തന്‍റെ പേരില്‍ കുറിച്ചത്. സച്ചിനും കോഹ്‍ലിക്കും ജന്മനാട്ടില്‍ 20 സെഞ്ച്വറികള്‍ വീതമാണുണ്ടായിരുന്നത്. കോഹ്‍ലിക്ക് ഇതോടെ 21 സെഞ്ച്വ റികളായി.
പരമ്പരയിലെ ഒന്നാം മത്സരത്തില്‍ സെഞ്ച്വറി തികച്ചപ്പോള്‍ സച്ചിന്‍റെ മറ്റൊരു റെക്കോര്‍ഡ് കോഹ്‍ലി മറികടന്നിരുന്നു. ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡാണ് കോഹ്‍ലി തന്‍റെ പേരില്‍ കുറിച്ചത്. ശ്രീലങ്കക്കെതിരെ കോഹ്‍ലിയുടെ പത്താം സെഞ്ച്വറിയാണ് ഇന്നത്തേത്.
തന്‍റെ ഏകദിന കരിയറിലെ 46 ാം സെഞ്ച്വറിയാണ് കോഹ്‍ലി കാര്യവട്ടത്ത് കുറിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ ഇനി വെറും നാല് സെഞ്ച്വറികളുടെ ദൂരം. സച്ചിന്‍ 452 ഇന്നിങ്സുകളില്‍ നിന്നാണ് 49 സെഞ്ച്വറികള്‍ കുറിച്ചതെങ്കില്‍ കോഹ്‍ലി വെറും 259 ഇന്നിങ്സുകളില്‍ നിന്നാണ് 46 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്.
110 പന്തില്‍ എട്ട് സിക്സുകളുടേയും 13 ഫോറുകളുടേയും അകമ്പടിയില്‍ പുറത്താവാതെ 166 റണ്‍സാണ് കോഹ്‍ലി അടിച്ചെടുത്തത്. കോഹ്‍ലിക്ക് പുറമേ ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ നിരയില്‍ സെഞ്ച്വറി തികച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് എന്ന കൂറ്റന്‍ സ്കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
Adjust Story Font
16