വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വിന്റർ കപ്പ് – സീസൺ 1” ഫുട്ബോൾ മേള നവംബർ 30ന്
30 പ്ലസ്, അണ്ടർ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും നൽകും.
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിനിടയിൽ ഒന്നര പതിറ്റാണ്ടോളമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (ഡബ്ല്യു.എം.എ) ഫുട്ബോൾ മേള സംഘടിപ്പിക്കുന്നു. 'ഡബ്ല്യു.എം.എ വിന്റർ കപ്പ്' എന്ന പേരിലുള്ള ഫുട്ബോൾ മേളയുടെ ഒന്നാം സീസൺ നവംബർ 30ന് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും. ഓൾ അയർലൻഡ് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലൻഡിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 30 പ്ലസ്, അണ്ടർ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും നൽകും. ട്രോഫിയും 401 യൂറോയുമാണ് റണ്ണേഴ്സ് അപ്പിനുള്ള സമ്മാനം.
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഓൾ അയർലൻഡ് ഫുട്ബോൾ മേള വൻ വിജയമാക്കാൻ രാജ്യത്തെ ഫുട്ബോൾ പ്രേമികളായ മുഴുവൻ മലയാളികളും സഹകരിക്കണമെന്നും മത്സരങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബോബി ഐപ്പ്: 085 270 7935, അനൂപ് ജോൺ: 087 265 8072, നിർമൽ ഖാൻ: 087 798 9099
Adjust Story Font
16