Quantcast

ആന്‍സലോട്ടിയുടെ സിസ്റ്റത്തില്‍ എംബാപ്പെയുടെ റോള്‍ എന്ത് ?

'ടീമില്‍ എംബാപ്പെയുടെ റോളെന്താണെന്ന കാര്യത്തില്‍ ഉറച്ച ബോധ്യം എനിക്കുണ്ട്. മൈതാനത്ത് എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് കാത്തിരുന്ന് കാണുക'

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2024-07-24 12:06:51.0

Published:

24 July 2024 11:40 AM GMT

kylian mbappé
X

kylian mbappé

''വര്‍ഷങ്ങളോളം ലോസ് ബ്ലാങ്കോസിന്‍റെ ഈ തൂവെള്ള ജേഴ്സിയില്‍ പന്ത് തട്ടുന്നത് സ്വപ്നം കണ്ട് ഉറങ്ങിയിട്ടുണ്ട് ഞാന്‍. നോക്കൂ എന്‍റെ സ്വപ്നങ്ങളൊക്കെ യാഥാര്‍ഥ്യമായിരിക്കുന്നു. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഇങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നത് എത്ര മനോഹരമായ അനുഭവമാണ്. എന്‍റെ അമ്മ കരയുന്നുണ്ടാവുമിപ്പോള്‍. ഫ്ലോറണ്ടീനോ പെരസ് നിങ്ങള്‍‍ക്ക് നന്ദി.''- കിലിയന്‍ എംബാപ്പെ ഏറെ വൈകാരികമായിത് പറഞ്ഞ് വക്കുമ്പോള്‍ സാന്‍റിയാഗോ ബെര്‍ണബ്യൂ ഗാലറിയില്‍ തടിച്ച് കൂടിയ 80000 മനുഷ്യര്‍ ഹര്‍ഷാരവം മുഴക്കി.

അതെ, ബെര്‍ണബ്യൂവില്‍ ഇനി എംബാപ്പെ യുഗമാണ്. റയലിനായി കളത്തിലിറങ്ങും മുമ്പേ മാഡ്രിഡ് നഗരത്തിലെ വിപണികളെ പോലും എംബാപ്പെ തരംഗം പിടിച്ചു കുലുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരത്തിന്‍റെ ഒമ്പതാം നമ്പര്‍ ജഴ്സി വിപണിയില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കഴിഞ്ഞ സീസണില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ചേര്‍ന്ന ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാമിനെ ജേഴ്സി വില്‍പ്പനയില്‍ ഇതിനോടകം എംബാപ്പെ മറികടന്നു കഴിഞ്ഞു. ബെല്ലിങ്ഹാമിന്‍റെ ജേഴ്സിയേക്കാള്‍ അഞ്ചിരട്ടി ആവശ്യക്കാരാണ് എംബാപ്പെയുടെ ജേഴ്സിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി കാര്യത്തിലേക്ക് വരാം. ആധുനിക ഫുഡ്ബോളിലെ ഏറ്റവും തന്ത്രശാലിയായ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ബെര്‍ണബ്യൂവില്‍ എംബാപ്പെയെ കൊണ്ട് എന്തത്ഭുതമാണ് സൃഷ്ടിക്കാന്‍ പോവുന്നത്? ഫുട്ബോള്‍ സര്‍ക്കിളുകളില്‍ ഇപ്പോളുയര്‍ന്ന് കേള്‍ക്കുന്ന ഏറ്റവും വലിയ ചോദ്യമാണിത്.

പ്രതിഭകളെ കൊണ്ട് നിറഞ്ഞ റയല്‍ നിരയില്‍ എംബാപ്പെയുടെ സ്ഥാനമെന്തായിരിക്കും? ആന്‍സലോട്ടിക്ക് ഇക്കാര്യത്തില്‍ ഒരാശങ്കയുമില്ലെന്ന് തന്നെ പറയേണ്ടി വരും. 'ടീമില്‍ എംബാപ്പെയുടെ റോളെന്താണെന്ന കാര്യത്തില്‍ ഉറച്ച ബോധ്യം എനിക്കുണ്ട്. മൈതാനത്ത് എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് കാത്തിരുന്ന് കാണുക''- ആന്‍സലോട്ടി ഇതു പറഞ്ഞ് വക്കുമ്പോള്‍ അയാളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. അതെ സൂപ്പര്‍ സ്റ്റാറുകളെ കൊണ്ട് നിറഞ്ഞൊരു നിരയില്‍ താരങ്ങളെ എവിടെ പ്ലെയിസ് ചെയ്യണമെന്ന കാര്യത്തില്‍ നാളിത് വരെ കാര്‍ലോ ആന്‍സലോട്ടി എന്ന ചാണക്യന് പിഴച്ചിട്ടില്ല.

പ്രതിഭകള്‍ ടീമിലെത്രയുണ്ടെങ്കിലും അവരെ പ്രയോചനപ്പെടുത്താനുള്ള പ്രതിവിധികൾ എപ്പോഴും അയാളുടെ കയ്യിലുണ്ടായിരുന്നു. മിലാനില്‍ വച്ചാണ് നമ്മളത് അദ്യം കണ്ടത്. അക്കാലത്ത് പ്രതിഭകളെ കൊണ്ട് നിറഞ്ഞൊരു മിഡ്ഫീല്‍ഡായിരുന്നു എ.സി മിലാന്‍റേത്. ആന്ദ്രേ പിർലോ, റൂയി കോസ്റ്റ, ക്ലാരൻസ് സെഡ്രോഫ്, കക്ക. അയാള്‍ ഇവിടെ എന്ത് പരീക്ഷണം നടത്തുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കിയിരുന്നത്. ആന്‍സലോട്ടി ടീമിന്‍റെ ശൈലിയെ അടിമുടി ഉടച്ചു വാര്‍ത്തു. 4-4-2 ഡയമണ്ട് സിസ്റ്റം വിജയകരമായി നടപ്പിലാക്കിയ ആന്‍സലോട്ടി പിർലോയെ ഡീപ് മിഡ്ഫീൽഡിലേക്ക് ഇറക്കിയപ്പോള്‍ കക്കക്ക് അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളാണ് നല്‍കിയത്. ചാമ്പ്യൻസ് ലീഗടക്കം നിരവധി കിരീടങ്ങൾ എ.സി മിലാന്‍റെ ഷെൽഫിലെത്തിയത് ആന്‍സലോട്ടി യുഗത്തിലാണ്. കാര്‍ലോയുടെ സിസ്റ്റത്തില്‍ മനോഹരമായി പന്ത് തട്ടിയ കക്ക 2007 ൽ ലോകഫുട്‌ബോളർ പട്ടം ചൂടുന്നതും ഫുട്ബോള്‍ ലോകം കണ്ടു. ആന്‍സലോട്ടി മാനേജറായിരുന്ന കാലത്ത് ബാലന്‍ഡിയോര്‍ നേടിയ നാലില്‍ ഒരാള്‍ കക്കയാണ്.

കളിക്കാരെ അവർ ഏറ്റവും ഇഷ്ടപ്പെടുന്ന പൊസിഷനിൽ കളിക്കാൻ അനുവദിക്കുക എന്നതാണ് ആൻസലോട്ടിയുടെ വിജയതന്ത്രം. അയാളതൊരിക്കൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എംബാപ്പെയുടെ കാര്യത്തിലും ഇതില്‍ മാറ്റമൊന്നുമുണ്ടാവില്ല.

കഴിഞ്ഞ സീസണിൽ ജൂഡ് ബെല്ലിങ്ഹാം റയൽ നിരയിലെത്തുമ്പോഴും ആന്‍സലോട്ടിക്ക് മുന്നില്‍ ചോദ്യങ്ങളേറെയായിരുന്നു. കരീം ബെൻസേമ ക്ലബ്ബ് വിട്ട സീസണിൽ അയാൾക്ക് പകരക്കാരായി അതുവരെ ആരും എത്തിയിരുന്നില്ല. ബെന്‍സേമയുടെ പകരക്കാരനായി ബെല്ലിങ്ഹാമിനെ പരീക്ഷിക്കാനാവില്ലല്ലോ. ആന്‍സലോട്ടിയുടെ കയ്യിൽ പ്ലാന്‍ ബി ഭദ്രമായിരുന്നു. ബെൻസേമ ബെര്‍ണബ്യൂ വിട്ടതോടെ അതു വരെ കളിച്ചു കൊണ്ടിരുന്ന 4-3-3 ശൈലിയില്‍ നിന്ന് 4-4-2 ശൈലിയിലേക്ക് അയാള്‍ ടീമിനെ മാറ്റി. മിലാനിൽ നടപ്പിലാക്കിയ അതേ ഡയമണ്ട് സിസ്റ്റം. അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളില്‍ ബെല്ലിങ്ഹാം തന്റെ ആദ്യ സീസൺ തന്നെ സ്വപ്‌ന തുല്യമായി തുടങ്ങി. ചാമ്പ്യൻസ് ലീഗും ലാലീഗയും ബെർണബ്യൂ ഷെൽഫിലെത്തി. ഒപ്പം ലാലീഗ പ്ലെയർ ഓഫ് ദ സീസൺ അവാർഡ് ബെല്ലിങ്ഹാമിനെ തേടിയെത്തി. ഒരു വര്‍ഷത്തിനിപ്പുറം എംബാപ്പെ കൂടി ലോസ് ബ്ലാങ്കോസ് നിരയിലെത്തുമ്പോള്‍ ആന്‍സലോട്ടിയുടെ മുഖത്ത് ആശങ്കകളൊന്നുമില്ലാത്തത് ഒന്നിലധികം പ്ലാനുകള്‍ അയാളുടെ ആവനാഴിയില്‍ ഭദ്രമായി ഉള്ളതു കൊണ്ടാണ്.

ലെഫ്റ്റ് വിങ്ങിൽ മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിനെ മാറ്റിപ്പരീക്ഷിക്കാൻ ആന്‍സലോട്ടി ഒരിക്കലും തയ്യാറാവില്ലെന്നുറപ്പാണ്. എംബാപ്പെയെ സെന്റർ ഫോർവേഡായിട്ടായിരിക്കും അയാള്‍ ഉപയോഗപ്പെടുത്തുക എന്നാണ് ഫുട്‌ബോൾ വിശാരധന്മാരുടെ പക്ഷം. അങ്ങനെയെങ്കിൽ 4-3-3 ശൈലിയിലായിരിക്കും ആന്‍സലോട്ടി ടീമിനെ ഒരുക്കുക. ഇരുവിങ്ങുകളിൽ വിനീഷ്യസും റോഡ്രിഗോ ഗോസും. സെന്റർ ഫോർവേഡായി എംബാപ്പേ. അറ്റാക്കിങ് മിഡ്ഫീൽഡറായി ജൂഡ് ബെല്ലിങ്ഹാം കൂടെ എത്തുന്നതോടെ റയലിന്റെ മുന്നേറ്റങ്ങളെ പിടിച്ചു കെട്ടാൻ എതിരാളികൾ പിടിപ്പതു പണിപ്പെടും. ഒപ്പം ആർദ ഗുളറടക്കമുള്ള വൻ തോക്കുകൾ സൈഡ് ബെഞ്ചിലിരിക്കുന്നുണ്ട് എന്ന് കൂടെയോര്‍ക്കണം.

ഏതു പൊസിഷനിലും കളിക്കാൻ ശേഷിയുള്ള താരമാണ് എംബാപ്പെ എന്നത് ആന്‍സലോട്ടിക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാക്കും. കോച്ചിന് ഏത് പൊസിഷനിലാണോ എന്നെ ആവശ്യം അവിടെ കളിക്കാൻ ഞാൻ ഒരുക്കമാണെന്നാണ് ബെർണബ്യൂവിൽ ആരാധകർക്ക് മുന്നിൽ തന്നെ അവതരിപ്പിക്കുന്ന വേളയിൽ എംബാപ്പെ പറഞ്ഞത്. മൊണോക്കോയിൽ റൈറ്റ് ഫോർവേർഡായാണ് എംബാപ്പെ ആദ്യം കളിച്ച് കൊണ്ടിരുന്നത്. പി.എസ്.ജി യിലും ഫ്രഞ്ച് നിരയിലും അയാളെ ഇടത് വിങ്ങിലാണ് നമ്മളധികവും കണ്ടത്. അതിനാല്‍ തന്നെ ആന്‍സലോട്ടി 4-4-2 സിസ്റ്റം തുടരാന്‍ തീരുമാനിച്ചാലും അതില്‍ അത്ഭുതപ്പെടൊനൊന്നുമില്ല.

പലപ്പോഴും ലാസ്റ്റ് മിനിറ്റ് ത്രില്ലറുകളില്‍ കളിപിടിക്കുന്ന റയലിന്‍റെ അതിശയക്കുതിപ്പുകള്‍ക്ക് എംബാപ്പെ പകരാനിരിക്കുന്ന കരുത്ത് വലുതായിരിക്കും. ഖത്തര്‍ ലോകകപ്പിന് തൊട്ട് മുമ്പ് മൌറീഷ്യോ പൊച്ചറ്റീനോ എംബാപ്പെയെ കുറിച്ച് പറഞ്ഞ വാക്കുകളെ ഇതിനോട് ചേര്‍ത്ത് വായിക്കണം.,

'ചിലപ്പോള്‍ കളിയുടെ ഭൂരിപക്ഷം സമയത്തും നിങ്ങൾക്കയാളെ മൈതാനത്ത് കണ്ടില്ലെന്ന് വരാം. എന്നാൽ നിർണായക നിമിഷങ്ങളിലൊന്നിൽ അയാൾ ഗോൾമുഖത്ത് പ്രത്യക്ഷപ്പെടുന്നു.പത്തോ പതിനൊന്നോ മിനിറ്റുകൾ കൊണ്ട് കളിയുടെ ചിത്രം തന്നെ മാറ്റുന്നു'' അർജന്റീനക്കെതിരായ കലാശപ്പോരിൽ പൊച്ചറ്റീനോയുടെ വാക്കുകള്‍ അച്ചട്ടായി. 80 മിനിറ്റ് വരെ ചിത്രത്തിലില്ലാതിരുന്ന ഫ്രാന്‍സിനെ 97 സെക്കന്‍റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളുമായി കളിയിലേക്ക് തിരിച്ച് കൊണ്ടു വന്നത് എംബാപ്പെയാണ്.

എതിരാളികൾ കളംനിറഞ്ഞു കളിക്കുമ്പോൾ പോലും നിർണായക നിമിഷങ്ങളിൽ പന്തിന്റെ സഞ്ചാരത്തെ തങ്ങൾക്കനുകൂലമാക്കി മാറ്റി കളി പിടിക്കുന്ന ലോസ് ബ്ലാങ്കോസിനെ എല്ലാ സീസണുകളിലും നമ്മൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ വേദികളിൽ. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും ഫുട്‌ബോൾ ലോകം ഒരിക്കൽ കൂടി ലോസ് ബ്ലാങ്കോസ് മാജിക് കണ്ടു. പിന്നെ 15ാം ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നതുല്യമായ നേട്ടം. ഫുട്‌ബോൾ ലോകത്ത് ഒരു മഹാരാധന്മാരും റയലിന്റെ ഈ നേട്ടത്തെ അടുത്ത കാലത്തൊന്നും മറികടക്കില്ലെന്ന് ഉറപ്പാണ്. പ്രതിഭാ ധനരായ ഒരു പറ്റം യങ് സെന്‍സേഷനുകളാണ് ഇക്കുറി ലോസ് ബ്ലാങ്കോസിന്‍റെ കരുത്ത്. എംബാപ്പെക്ക് പ്രായം 25 . കാരായ വിനീഷ്യസും റോഡ്രിഗോയും. മധ്യനിരയില്‍ 20 കാരന്‍ ബെല്ലിങ്ഹാം. 21 കാരനായ എഡ്വേര്‍ഡോ കാമവിങ്ക, 24 കാരൻ ചുവാമെനി. ഡഗ്ഗൌട്ടില്‍ 19 കാരന്‍ ആര്‍ദ ഗുളര്‍. അതെ എതിരാളികള്‍ കരുതിയിരിക്കണം. ആന്‍സലോട്ടിയുടെ കളിക്കൂട്ടം ഇക്കുറി പഴയതിനേക്കാള്‍ കരുത്തിലാണ് അവതരിക്കാനൊരുങ്ങുന്നത്.

TAGS :

Next Story