വൈറ്റ് വാഷ്; മൂന്നാം ടെസ്റ്റിലും തോറ്റ് ഇന്ത്യ
കിവീസ് ജയം 25 റണ്‍സിന്
മുംബൈ: ന്യൂസിലന്‍റിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. 25 റൺസിനാണ് ഇന്ത്യയെ കിവീസ് വീഴ്ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സന്ദർശകർ തൂത്തുവാരി. രണ്ടാം ഇന്നിങ്‌സിൽ 174 റൺസിന് കിവീസിനെ കൂടാരം കയറ്റിയിട്ടും 147 റൺസെന്ന ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന് ജയിക്കാൻ ഇന്ത്യക്കായില്ല. 1999 ന് ശേഷം ഇതാദ്യമായാണ് സ്വന്തം മണ്ണിൽ ഇന്ത്യ ഒരു പരമ്പര സമ്പൂർണമായി അടിയറവക്കുന്നത്.
രണ്ടാം ഇന്നിങ്‌സിൽ 147 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് വാംഖഡെയില്‍ കണ്ടത്. ഏഴ് ബാറ്റർമാരെയാണ് കിവീസ് ബോളർമാർ രണ്ടക്കം പോലും കാണിക്കാതെ കൂടാരം കയറ്റിയത്. ആറ് വിക്കറ്റ് നേടിയ അജാസ് പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ ഫിലിപ്‌സും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യൻ നിരയിൽ അർധ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് പൊരുതി നോക്കിയെങ്കിലും പന്തിന് പിന്തുണ നൽകാൻ ഒരാൾ പോലുമുണ്ടായിരുന്നില്ല.
ആദ്യ ഇന്നിങ്‌സിൽ കിവീസിനെ 235 റൺസിന് പുറത്താക്കിയ ഇന്ത്യ 263 റൺസ് അടിച്ചെടുത്ത് നേരിയ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി രവീന്ദ്ര ജഡേജ വീണ്ടും കളംനിറഞ്ഞതോടെ ആതിഥേയരുടെ പ്രതീക്ഷകൾ വാനോളമുയർന്നു. എന്നാൽ ഇന്ത്യയെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് കിവീസ് കളം നിറഞ്ഞത്. വാംഖഡെയിലെ സ്പിന്‍ കെണിയില്‍ ന്യൂസിലാന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ തന്നെ വീഴ്ത്തി.
അജാസ് പട്ടേലും ഗ്ലെൻഫിലിപ്‌സും കറങ്ങിത്തിരിയുന്ന പന്തുകളുമായി അവതരിച്ചതോടെ ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി. 64 റൺസുമായി ഋഷഭ് പന്ത് ഒരറ്റത്ത് പൊരുതിയെങ്കിലും പന്തിന് കൂട്ടായി ഒരാൾ പോലും ക്രീസിൽ നിലയുറപ്പിച്ചില്ല.
വെറും ഒരു റൺസായിരുന്നു വിരാട് കോഹ്ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും സർഫറാസ് ഖാന്‍റേയും സംഭാവനകൾ. ജയ്‌സ്വാൾ 5, രോഹിത് ശർമ 11, ജഡേജ 6, വാഷിങ്ടൺ സുന്ദർ 12, അശ്വിൻ 8, ആകാശ് ദീപ് 0 ഇങ്ങനെ പോവുന്ന ബാക്കി സ്‌കോറുകൾ. ഇന്ത്യയൊരുക്കിയ സ്പിൻ കുഴിയിൽ ഇന്ത്യയെ തന്നെ കറക്കി വീഴ്ത്തിയ കിവീസ് നിര അഭിമാനനേട്ടവുമായാണ് നാട്ടിലേക്ക് തിരിക്കുന്നത്.
Adjust Story Font
16