Quantcast

അടുത്ത ടി20 നായകനാര്? ഗംഭീറും രോഹിതും പറഞ്ഞത് ഇങ്ങനെ

നാളിതുവരെ ഹര്‍ദികിന്‍റെ പേര് മാത്രമാണ് ടി20 നായകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെ പേര് കൂടി ചര്‍ച്ചകളില്‍ സജീവമാണ്

MediaOne Logo

Web Desk

  • Updated:

    2024-07-18 08:02:00.0

Published:

18 July 2024 7:20 AM GMT

hardik pandya suryakumar yadav,
X

ഒന്നരപ്പതിറ്റാണ്ടിന് ശേഷം വിശ്വകിരീടം. പിന്നെ രോഹിതിന്റെയും കോഹ്ലിയുടേയും പടിയിറക്കം. ലോകകപ്പ് നേട്ടത്തോടെ രാഹുൽ ദ്രാവിഡ് പരിശീലകവേഷമഴിക്കുന്നു. പിന്നെ ഗൗതം ഗംഭീറിന്റെ രംഗപ്രവേശം. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് തലമുറമാറ്റത്തിന്റെ കാലമാണ്. ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ തുടരുമെന്ന പ്രഖ്യാപനമെത്തിയതോടെ ടി20 ടീമിൽ ഇന്ത്യയുടെ നായകപദവിയിൽ ആര് എന്ന ചോദ്യം ഇപ്പോൾ ആരാധകർക്കിടയിൽ സജീവമായുണ്ട്. നാളിത് വരെ ഹർദിക് പാണ്ഡ്യ എന്ന ഒറ്റ നാമം മാത്രമാണ് ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നത്. രോഹിതിന്റെ അഭാവത്തിൽ നേരത്തേ ടീമിനെ നയിച്ചിരുന്നത് പാണ്ഡ്യയായിരുന്നു. ടി20 ലോകകപ്പിനുള്ള ടീമിൽ വൈസ് ക്യാപ്റ്റന്റെ റോളിലും പാണ്ഡ്യ ഉണ്ടായിരുന്നു.

നേരത്തേ ഗംഭീറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സീനിയർ താരമായ വിരാട് കോഹ്ലിയോട് അഭിപ്രായമാരാഞ്ഞില്ലെന്നും എന്നാൽ പാണ്ഡ്യയുമായി ബി.സി.സി.ഐ ചർച്ച നടത്തി എന്നുമടക്കം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് വിശദീകരണം നൽകിയെത്തിയ ബി.സി.സി.ഐ പറഞ്ഞതിങ്ങനെ. 'ടീമിലെ ഭാവി താരങ്ങളെ കുറിച്ച സാധ്യതകളാണ് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചത്. ഇതിനാലാണ് കോഹ്ലിയുമായി ഇക്കാര്യം ചർച്ച ചെയ്യാതിരുന്നത്'.ഇതൊക്കെ ഹർദിക് പാണ്ഡ്യ എന്ന ഒറ്റ പേരിലേക്ക് മാത്രം ടി20 ടീമിന്റെ ക്യാപ്റ്റൻസിയെ കുറിച്ച ചർച്ചകൾ കൊണ്ടെത്തിച്ചു.

എന്നാലിപ്പോഴിതാ മറ്റൊരു പേര് കൂടി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേക്ക് ഉയർന്ന് കേട്ടു തുടങ്ങിയിരിക്കുന്നു. സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന്റേതാണത്. 2026 ടി20 ലോകകപ്പ് മുന്നിൽ കണ്ട് സൂര്യയെ ടീമിന്റെ സ്ഥിരം നായക പദവിയിലെത്തിക്കുന്നതിനായുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ചെങ്കിലും ഹർദികിന്റെ സ്ഥിരതയില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ക്യാപ്റ്റൻസി ചർച്ചകളിൽ അദ്ദേഹത്തിന് എതിരായെന്നാണ് സൂചനകൾ. ഗംഭീറിനും രോഹിത് ശർമക്കും സൂര്യയെ ക്യാപ്റ്റനാക്കുന്നതിലാണ് താൽപര്യം.

പ്രായത്തിൽ സൂര്യയെക്കാൾ താഴെയാണെങ്കിലും ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവ സമ്പത്തിൽ ഹർദിക് ഒരുപടി മുന്നിലാണ്. 16 ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ഹർദിക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് സീസണുകളിലായി രണ്ട് ഐ.പി.എൽ ഫ്രാഞ്ചസികളുടെ നായകദവിയിലും ഹർദികെത്തി. ഗുജറാത്ത് ടൈറ്റൻസിനെ ഒരു തവണ കിരീടമണിയിച്ച താരം ഒരു തവണ കലാശപ്പോര് വരെയെത്തിച്ചു. നിലവിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ കൂടിയാണ് ഹർദിക്. കഴിഞ്ഞ സീസണിൽ രോഹിതിനെ മാറ്റി ഹർദികിനെ മുംബൈ നായകപദവിയിൽ കൊണ്ടു വന്നതിനെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. സീസണിൽ മുംബൈ അമ്പേ പരാജയമായതോടെ ഹർദികിനെതിരെ ആരാധകരും ക്രിക്കറ്റ് വിശാരധരും മുൻ താരങ്ങളുമൊക്കെ വാളെടുത്തു. എന്നാൽ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഹർദിക് വിമർശകരുടെ മുഴുവൻ വായടപ്പിച്ചു.

രണ്ട് പരമ്പരകളിൽ ഇന്ത്യയെ നയിച്ച അനുഭവസമ്പത്താണ് സൂര്യക്കുള്ളത്. ഏഴ് ടി20 മത്സരങ്ങളിൽ സൂര്യ ഇന്ത്യയെ നയിച്ചു. ഏകദിന ലോകകപ്പിന് ശേഷം ഓസീസിനെതിരെ നടന്ന പരമ്പര ഇന്ത്യ 4-1 ന് വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ക്യാപ്റ്റനായിരിക്കേ തന്നെ പ്രോട്ടീസിനെതിരായ പരമ്പരയിൽ മാൻ ഓഫ് ദ സീരീസ് അവാർഡ് സൂര്യയെ തേടിയെത്തി. ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് സൂര്യ. 68 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ താരം 2340 റൺസ് അടിച്ചെടുത്തു. നാല് സെഞ്ച്വറികളും 19 അർധ സെഞ്ച്വറികളും ഈ 33 കാരന്റെ പേരിലുണ്ട്. ഏറെക്കാലം ഐ.സി.സി.യുടെ ടി20 റാങ്കിങ്ങിൽ ഒന്നാമതായിരുന്നു സൂര്യ. ഇപ്പോൾ ട്രാവിസ് ഹെഡ്ഡിന് താഴെ 797 റേറ്റിങ്ങിൽ രണ്ടാമതാണ്. ഏതായാലും ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര പുതിയ ടി20 നായകനും ഗൗതം ഗംഭീറിനും ആദ്യ പരീക്ഷണമാവും.

TAGS :

Next Story